സേവാഗും ധോണിയും തമ്മില്‍ ഭിന്നത ?

ന്യൂഡല്‍ഹി| WEBDUNIA|
ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ലെഗ്സ് സ്പിന്നര്‍ അമിത് മിശ്രയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തുന്നതിനെച്ചൊല്ലി ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും വൈസ് ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നതായി റിപ്പോര്‍ട്ട്. ആദ്യ ടെസ്റ്റ് തുടങ്ങുന്നതിന് തലേന്ന് നടന്ന ടീം മീറ്റിംഗില്‍ പ്രഗ്യാന്‍ ഓജയെ ടീമുലുള്‍പ്പെടുത്തണമെന്ന് ധോണി വാദിച്ചപ്പോള്‍ ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അമിത് മിശ്രയെ നിലനിര്‍ത്തണമെന്നതായിരുന്നു സേവാഗിന്‍റെ ആവശ്യമെന്ന് ഒരു ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച നടന്ന ടീം മിറ്റിംഗിനു മുന്‍പായി ചില മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കിട്ടിയ അന്തിമ ഇലവനില്‍ മിശ്രയുടെ പേരുണ്ടായിരുന്നു. എന്നാല്‍ ടീ മീറ്റിംഗ് കഴിഞ്ഞ് മത്സര ദിവസം രാവിലെ പുറത്തുവിട്ട അന്തിമ ഇലവനില്‍ മിശ്രയ്ക്ക് പകരം ഓജ സ്ഥാനം പിടിച്ചു.

ഇതു സംബന്ധിച്ച് ടീം മാനേജ്മെന്‍റ് യാതൊരു വിശദീകരണവും നല്‍കിയതുമില്ല. സെലക്ടര്‍മാര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ വിസമ്മതിച്ചുവെങ്കിലും കഴിഞ്ഞ ട്വന്‍റി-20 ലോകകപ്പോടെ വീരുവും ധോണിയും ഇരു ധ്രുവങ്ങളിലാണെന്നാണ് സൂചന. ട്വന്‍റി-20 ലോകകപ്പില്‍ പരുക്ക് മറച്ചുവെച്ചാണ് സേവാഗ് ടീമിലിടം നേടിയതെന്ന ആരോപണം നിലനിന്നിരുന്നു.

ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ സേവാഗിന്‍റെ പരുക്ക് എന്ന് ഭേദമാവുമെന്ന് തനിക്കറിയില്ലെന്നായിരുന്നു ധോണിയുടെ മറുപടി. അന്ന് ഇരുവരും തമ്മില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ ടീം അംഗങ്ങളെ മുഴുവന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുപ്പിച്ച് ധോണി പ്രതിഷേധിച്ചിരുന്നു. എന്തായാലും ആദ്യ ടെസ്റ്റില്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയ ഡല്‍ഹി താരമായ മിശ്രയ്ക്ക് പകരം ഓജയെ ടീമില്‍ ഉള്‍പ്പെടുത്തിയതിനു പിന്നില്‍ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :