വേലൂരിലെ പള്ളിയും അര്‍ണോസ് പാതിരിയും

വെബ്‌ദുനിയ, ഫീച്ചര്‍ ഡെസ്ക്ക്

Velur Church
WEBDUNIA|
PRO
PRO
തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരി എന്ന ചെറിയ പട്ടണത്തിന്റെ കിഴക്ക് മാറി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് വേലൂര്‍. ചരിത്രപരമായും ഐതിഹ്യപരമായും ഏറെ പ്രാധാന്യമുള്ള ഒട്ടേറെ സ്ഥലങ്ങളുള്ള വേലൂരിലെ പ്രധാന ആകര്‍ഷണം അവിടത്തെ സെന്റ് ഫ്രാന്‍‌സിസ് സേവിയേഴ്സ് ഫൊറോന ദേവാലയം തന്നെ. കാരണം, ആധുനിക കേരളത്തിന്റെ സാംസ്കാരിക സാഹിത്യമേഖലകളില്‍ ഏറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഒരു വൈദേശിക സന്യാസിയായ അര്‍ണ്ണോസ് പാതിരി സ്ഥാപിച്ച ദേവാലയമാണിത്.

ജര്‍മ്മനിയിലെ ഓസ്നാബ്റൂക്കിന് സമീപമുള്ള ഓസ്റ്റര്‍കാപ്പലിന്‍ എന്ന സ്ഥലത്ത്, 1681-ല്‍ ജനിച്ച ജോഹാന്‍ ഏര്‍ണസ്റ്റ് ഹാന്‍ക്സ്ലെഡനാണ് വേലൂര്‍ നിവാസികളുടെ അര്‍ണോസ് പാതിരിയായി പില്‍‌ക്കാലത്ത് മാറിയത്. കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഈശോ സഭയില്‍ ചേരാനാണ് യുവാവായ ഏര്‍ണസ്റ്റ് ആദ്യം സൂറത്തിലും പിന്നീട് ഗോവയിലും അതുകഴിഞ്ഞ് തൃശ്ശൂര്‍ ജില്ലയിലെ മാളയിലും എത്തിയത്.

മാളയില്‍ വച്ച്, 1704-ലാണ് ഏണസ്റ്റിന് വൈദികപട്ടം ലഭിച്ചത്. മാളയില്‍ അന്നുണ്ടായിരുന്ന സെമിനാരിയിലെ (അമ്പഴക്കാട് സെമിനാരി) വൈദികവിദ്യാഭ്യാസമാണ് ഹാന്‍ക്സ്ലെഡനെ മലയാള-സംസ്കൃത ഭാഷകളില്‍ നിപുണനാക്കിയത് എന്ന് കരുതപ്പെടുന്നു. ഭാഷാ പഠനത്തില്‍ ഏറെ താല്‍‌പര്യം കാണിച്ചിരുന്ന ഏണസ്റ്റ് പാതിരി സംസ്കൃതം പഠിക്കാനായി അന്നത്തെ സാംസ്കാരിക പണ്ഡിതന്മാരുടെ ആസ്ഥാനമായിരുന്ന തൃശൂരിലേക്ക് വരികയായിരുന്നു.

ജര്‍മ്മനും ഒട്ടൊക്കെ ഇംഗ്ലീഷും വശമായിരുന്ന പാതിരി സംസ്കൃത ഭാഷ പഠിക്കാന്‍ അനേകം പേരെ സമീപിച്ചെത്രെ. എന്നാല്‍ ഒരു വിദേശിയെ പഠിപ്പിക്കാന്‍ ആരും തയ്യാറായില്ല. അന്ന് ശൂദ്രന്മാരെപോലും സംസ്കൃതം പഠിക്കാന്‍ സമ്മതിച്ചിരുന്നില്ല. അവസാനം അങ്കമാലിക്കടുത്തുള്ള കുഞ്ഞനെന്നും കൃഷ്ണനെന്നും പേരായ രണ്ട്‌ നമ്പൂതിരിമാര്‍ പാതിരിയുടെ ഗുരുക്കന്‍മാരായി. താളിയോലയിലെഴുതിയ സിദ്ധരൂപം അവര്‍ അദ്ദേഹത്തിന് നല്‍കി. അതുവഴി ഒരു ജര്‍മന്‍ പാതിരിയെ കേരളത്തിനായി ദത്തെടുക്കുകയായിരുന്നു കുഞ്ഞനും കൃഷ്ണനും.

കൊടുങ്ങല്ലൂര്‍ മെത്രോപൊലീത്തയുടെ സെക്രട്ടറിയായി പദവി ലഭിച്ചപ്പോള്‍ മാളയില്‍ നിന്ന് പുത്തഞ്ചിറയിലേയ്ക്ക് ഏണസ്റ്റ് പാതിരി താമസം മാറ്റി. തുടര്‍ന്ന് ഉദയം‍പേരൂര്‍ അടക്കമുള്ള ചില പള്ളികളില്‍ സേവനമനുഷ്ഠിച്ച ശേഷം ഏണസ്റ്റ് പാതിരി വേലൂരില്‍ എത്തി. സംസ്കൃതത്തില്‍ പാതിരി നേടിയ വ്യുല്‍പ്പത്തിയും ചതുരംഗഭ്രാന്തുമാണ് വേലൂരില്‍ പാതിരിക്കൊരു ഭവനമൊരുങ്ങാന്‍ കാരണമായത്‌. പാതിരിയുടെ വ്യുല്‍‌പ്പത്തിയും ഭ്രാന്തും ബോധിച്ച വേലൂര്‍ പെരുവലിക്കാട്‌ നായര്‍ തറവാട്ടുകാര്‍ വെങ്ങിലശേരി കുന്നിന്‍മേലുള്ള ഭവനം പാതിരിക്കായി വിട്ടു കൊടുക്കുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാരുടെ സഹകരണത്തോടെ വേലൂരില്‍ പാതിരിയൊരു ദേവാലയവും പള്ളിമേടയും പണികഴിപ്പിച്ചു. അവിടെ വച്ചാണ് അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികള്‍ ഉണ്ടായതെന്ന് കരുതപ്പെടുന്നു. വെങ്ങിലശേരിയിലുണ്ടായിരുന്ന പാതിരിയുടെ ഭവനം ഒരു പണ്ഡിതസഭയുമായിരുന്നു. പാതിരിയും കൂട്ടുകാരും ചര്‍ച്ചകള്‍ നടത്തിയിരുന്നതും ചതുരംഗം കളിച്ചിരുന്നതും ഇവിടെ വച്ചായിരുന്നു. ഇടക്കിടെ പാണ്ഡിത്യം തെളിയിക്കാനുള്ള സൗഹൃദ മത്സരങ്ങളും ഇവിടെ നടന്നിരുന്നു.

അടുത്ത പേജില്‍ വായിക്കുക, ‘പാമ്പുകടിയേറ്റ് മരിച്ച പാതിരി’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :