രാംദേവിന്റെ ആരോഗ്യനില തകരാറില്‍

ഹരിദ്വാര്‍| WEBDUNIA|
PTI
ഹരിദ്വാറിലെ പതജ്ഞലി യോഗ പീഠത്തില്‍ നിരാഹാര സമരം നടത്തുന്ന ബാബ രാംദേവിന്റെ ആരോഗ്യനില തകരാറിലായെന്ന് ഡോക്ടര്‍മാര്‍. നിരാഹാരം അവസാനിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ രാംദേവിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കും വരെ നിരാഹാരം തുടരുമെന്ന് രാംദേവ് ആവര്‍ത്തിച്ചു.

രാംദേവിന്റെ ആരോഗ്യനില തകരാറിലായിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭാരം കാര്യമായ തോതില്‍ കുറഞ്ഞിരിക്കുന്നു. നിര്‍ജ്ജലീകരണം മൂലമുള്ള അസ്വസ്ഥതകളുമുണ്ട്, ഹരിദ്വാറിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.യോഗേഷ് ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.

ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു എങ്കിലും രാംദേവ് വഴങ്ങിയില്ല. ആയിരക്കണക്കിന് അനുയായികള്‍ക്കൊപ്പമാണ് താന്‍ നിരാഹാരമിരിക്കുന്നത്. 624 ജില്ലകളില്‍ തന്റെ അനുയായികള്‍ അഴിമതിക്കെതിരെ നിരാഹാര സമരം നടത്തുന്നുണ്ട് എന്നും രാംദേവ് പറഞ്ഞു.

എന്നാല്‍, കുട്ടികളും പ്രായമായവരും നിരാഹാര സമരത്തില്‍ നിന്ന് പി‌മാറണമെന്ന് രാംദേവ് ആവശ്യപ്പെട്ടിട്ടുണ്ട്.

രാം‌ലീല മൈതാനത്തു നിന്ന് ബാബ രാംദേവിനെയും അനുയായികളെയും പൊലീസ് നടപടികളിലൂടെ ഒഴിപ്പിച്ചതിനെതിരെ അണ്ണാ ഹസാരെയും അനുയായികളും ഡല്‍ഹിയിലെ രാജ്ഘട്ടില്‍ ബുധനാഴ്ച ഒരു ദിവസത്തെ നിരാഹാര സമരം നടത്തുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :