രാജ്യം അഭിമുഖീകരിക്കുന്ന പുതിയ ഭീഷണി ഹിന്ദു തീവ്രവാദമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം. ദല്‍ഹിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവി തീവ്രവാദത്തെ പറ്റി ഈയടുത്താണ് രാജ്യമറിഞ്ഞതെന്നും ഈ പുതിയ തീവ്രവാദ ഭീഷണിക്കെതിരെ ജാഗരൂകരായിരിക്കാനും ചിദംബരം പൊലീസ് മേധാവികളോട് ആവശ്യപ്പെട്ടു.
മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നറിയിച്ചിട്ടും അവരില്‍ നിന്നും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. വിഘടനവാദികള്‍ അക്രമം വെടിഞ്ഞ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീവ്രവാദ ഭീഷണിയും മാവോയിസ്റ്റ് ആക്രമണങ്ങളും ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. രണ്ടു ദിവസത്തെ യോഗത്തിന് ആഭ്യന്തര മന്ത്രി പി. ചിദംബരമാണ് നേതൃത്വം നല്‍കുന്നത്.
കഴിഞ്ഞ ഇരുപത്തിയൊന്നു മാസത്തിനിടെ രാജ്യത്ത് ഒരു തീവ്രവാദ ആക്രമണം മാത്രമാണ് നടന്നതെന്നും എന്നാല്‍ ഇതിനര്‍ഥം രാജ്യം തീവ്രവാദ ആക്രമണങ്ങളില്‍ നിന്നും പൂര്‍ണമായും മുക്‌തരായി എന്നല്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. തീവ്രവാദികള്‍ ഇപ്പോഴും അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറുന്നുണ്ടെന്നും ചിദംബരം പറഞ്ഞു.
അക്രമം നടത്തുന്ന മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണ്. എന്നാല്‍ മാവോയിസ്റ്റുകള്‍ ചര്‍ച്ചയ്ക്ക് തയ്യാറായി അനുകൂലമായി പ്രതികരിച്ചിട്ടില്ല. രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി നേരിടണമെങ്കില്‍ ജനങ്ങളുടെ സാഹയം വേണമെന്നും മാവോയിസ്റ്റുകളെ നേരിടാന്‍ കൂടുതല്‍ തയാറെടുപ്പുകള്‍ സര്‍ക്കാര്‍ ന്നടത്തിവരുകയാണെന്നും ചിദംബരം വ്യക്തമാക്കി.