ട്വിറ്ററില്‍ സൂപ്പര്‍ താരം അമിതാഭല്ല!

ന്യൂഡല്‍ഹി| WEBDUNIA|
IFM
ബോളിവുഡിലെ എക്കാലത്തെയും താരമെന്ന് വിശേഷിപ്പിക്കുന്ന അമിതാഭ് ബച്ചന് ട്വിറ്റര്‍ എന്ന സാമൂഹിക സൈറ്റില്‍ സൂപ്പര്‍ താരപദവി നിലനിര്‍ത്താന്‍ സാധിച്ചില്ല. ട്വിറ്റര്‍ ‘ഫോളോവേഴ്സിന്റെ’ കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനമായ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനു മുന്നിലാണ് ബച്ചന് തല അല്‍പ്പം കുനിക്കേണ്ടി വന്നത്!

സച്ചിന് തുടക്കത്തില്‍ 79,000 പിന്തുടര്‍ച്ചക്കാരെ ലഭിച്ചപ്പോള്‍ അമിതാഭിന് ആദ്യ ദിവസം 37,500 പിന്തുടര്‍ച്ചക്കാരെ മാത്രമാണ് ലഭിച്ചത്. സച്ചിന്‍ ഈ മാസമാദ്യമാണ് ട്വിറ്ററിന്റെ പിച്ചില്‍ ബാറ്റിംഗ് തുടങ്ങിയതെങ്കില്‍ ബിഗ് ബി ട്വിറ്ററിന്റെ വഴിയിലെത്തിയത് ചൊവ്വാഴ്ചയാണ്.

ട്വിറ്ററിലെ ആദ്യ ദിനത്തില്‍ ലഭിച്ച പ്രതികരണങ്ങളില്‍ ബിഗ് ബി സന്തോഷവാനാണ്. “ട്വിറ്ററിലെ ഒന്നാം ദിവസം. ബ്ലോഗിലെ എഴുന്നൂറ്റി അമ്പത്തിയേഴാം ദിവസം വര്‍ഷത്തിലെ നൂറ്റിമുപ്പത്തിയെട്ടാം ദിവസം...സ്നേഹവായ്പിന്റെ അനന്തമായ ദിവസങ്ങള്‍.....ആരംഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷം 33,341 ഫോളോവേഴ്സ്! ട്വീറ്റ് ബേബി ട്വീറ്റ്” - അമിതാഭ് തന്റെ ട്വീറ്റില്‍ പറയുന്നു.

ഇപ്പോള്‍ ബിഗ് ബി പിന്തുടരുന്നത് രണ്ടേ രണ്ടുപേരെ മാത്രം- മകന്‍ അഭിഷേക് ബച്ചനെയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും.

അതേസമയം, ട്വിറ്ററില്‍ സച്ചിനെ പിന്തുടരുന്നവരുടെ എണ്ണം രണ്ട് ലക്ഷവും കഴിഞ്ഞു. ശതകങ്ങളുടെയും അര്‍ദ്ധ ശതകങ്ങളുടെയും കാര്യത്തിലെന്നപോലെ ട്വിറ്റര്‍ പിന്തുടര്‍ച്ചക്കാരുടെ കാര്യത്തിലും സച്ചിന്‍ ചരിത്രം കുറിക്കുമോ എന്നാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകം കാത്തിരിക്കുന്നത്.

സച്ചിന്‍ ആദ്യാമായെത്തിയത് ട്വിറ്ററിലാണെങ്കില്‍ ബിഗ് ബിക്ക് ബ്ലോഗിംഗ് നേരത്തെ തന്നെ പരിചിതമാണ്. ബ്ലോഗിന്റെ ലോകത്ത് ബിഗ് ബിയ്ക്ക് ധാരാളം ആരാധകരുമുണ്ട്. ബിഗാദയിലൂടെ ബ്ലോഗ് എന്ന മാധ്യമത്തിന്റെ ശക്തി തെളിയിച്ച വ്യക്തിയാണ് അമിതാഭ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :