ഒടുവില്‍ തരൂര്‍ മോഡിയെ ഒഴിവാക്കി

ന്യൂഡല്‍ഹി| WEBDUNIA|
PRO
ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ശേഷവും ട്വിറ്ററില്‍ സുഹൃത്തായി തുടര്‍ന്ന ഐ പി എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡിയെ മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ സൌഹൃദ കൂട്ടായ്‌മയില്‍ നിന്ന് ഒഴിവാക്കി. ഇന്ന് രാവിലെ വരെ മോഡിയുടേ ഫോളോവര്‍ ആയിരുന്ന തരൂര്‍ ഇത് വാര്‍ത്തയായതോടെയണ് വൈകിട്ട് മോഡീയെ ‘അണ്‍ഫോളോ’ ചെയ്തത്. എന്നാല്‍ മോഡി ഇപ്പോഴും തരൂരിനെ പിന്തുടരുന്നുണ്ട്. ട്വിറ്ററിലൂടെ തരൂരിനെ പിന്തുടരുന്നത് താന്‍ ഇഷ്ടപ്പെടുന്നുവെന്ന് മോഡി ട്വീറ്റും ചെയ്തിട്ടുണ്ട്. ഇതില്‍ വ്യക്തിപരമായി ഒന്നുമില്ലെന്നും മോഡി മാന്യതയുടെ ഭാഷയില്‍ പറയുന്നു.

രണ്ടാഴ്ച മുന്‍പ് ഐ പി എല്‍ വിവാദം പുറത്തു വന്നശേഷം ഇരുവര്‍ക്കും സ്വന്തം പദവികള്‍ നഷ്ടമായിരുന്നു. ഇതിനുശേഷവും രണ്ട് പേരും ട്വിറ്ററില്‍ സുഹൃത്തുകളായി തുടര്‍ന്നത് കൌതുകമുണര്‍ത്തുകയും ചെയ്തു. ട്വിറ്റര്‍ പ്രേമം കാരണം ‘ട്വിറ്റരൂര്‍’ എന്ന് ഇരട്ടപ്പേര് പോലും വീണ തരൂര്‍ പിന്തുടരുന്ന 31 പേരില്‍ ഒരാളായിരുന്നു ലളിത് മോഡി.

ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് മിലിബാന്‍ഡ്, വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്ര, സംവിധായകന്‍ കരണ്‍ ജോഹര്‍, എഴുത്തുകാരന്‍ ചേതന്‍ ഭഗത്, ടെന്നീസ് താരം മഹേഷ് ഭൂപതി പിന്നെ കുറച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെയായിരുന്നു തരൂര്‍ പിന്തുടരുന്നവരുടെ പട്ടിക‍.

അതേ സമയം ഐ പി എല്ലിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന മോഡിയാവട്ടെ അടുത്തിടെ മാത്രമാണ് ട്വിറ്ററില്‍ ചേര്‍ന്നത്. കൊച്ചി ടീമിന്‍റെ ഓഹരി ഉടമകളുടെ വിവരം പുറത്തു വിട്ടാണ് തന്‍റെ ട്വിറ്റര്‍ അക്കൌണ്ട് മോഡി സൂപ്പര്‍ ഹിറ്റാക്കിയത്. തരൂര്‍ ഉള്‍പ്പെടെ 25 പേരെയാണ് മോഡി ഇപ്പോഴും ഫോളൊ ചെയ്യുന്നത്.

തരൂരിനു പുറമെ മോഡി പിന്തുടരുന്നവരില്‍ ഭൂരിഭാഗവും ഐ പി എല്ലിലെയും ബോളിവുഡിലെയും പരിചിത മുഖങ്ങളാണ്. യുവരാജ് സിംഗ്, ഡാമിയന്‍ മാര്‍ട്ടിന്‍, മൈക്കല്‍ ക്ലാര്‍ക്ക്, ഷെയ്ന്‍ വോണ്‍, ഷാരുഖ് ഖാന്‍, ശില്‍പ്പ ഷെട്ടി, സുസ്മിത സെന്‍, സമീര റെഡ്ഡി, സെലീന ജെയ്റ്റ്ലി, കേറ്റ് മോസ് എന്നിവരെയാണ് മോഡി ഫോളോ ചെയ്യുന്നത്.

അതേസമയം വിവാദങ്ങളുടെ കുടം ട്വിറ്ററിലൂടെ മോഡി തുറന്നുവിട്ടശേഷം ഇരുവരുടെയും അക്കൌണ്ടുകള്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ ഉയര്‍ച്ചയാണുണ്ടായത്. വിവാദം തുടങ്ങിയ സമയത്ത് ഏഴ് ലക്ഷം പേരാണ് തരൂരിനെ പിന്തുടര്‍ന്നതെങ്കില്‍ ഇപ്പോഴത് 7,51000 ആയി ഉയര്‍ന്നു.

മോഡിയും ഒട്ടും മോശമാക്കിയില്ല. കൊച്ചി ടീം വിവാദം ഉയര്‍ന്ന ശേഷം 60000 പേരാണ് അധികമായി മോഡിയുടെ പിന്നാ‍ലെ കൂടിയിരിക്കുന്നത്. മോഡിയെ പിന്തുടരുന്നാരുടെ ആകെ എണ്ണം 1,117000ത്തിനടുത്താ‍ണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :