ചീഫ്‌ ജസ്റ്റിസായി കപാഡിയ ചുമതലയേറ്റു

ന്യൂഡല്‍ഹി| WEBDUNIA|
ഇന്ത്യയുടെ പുതിയ ചീഫ്‌ ജസ്റ്റിസായി സരോഷ്‌ ഹോമി സത്യപ്രതിജ്ഞ ചെയ്ത്‌ ചുമതലയേറ്റു. ഇന്ത്യയുടെ മുപ്പത്തിയെട്ടാ‍മത്‌ ചീഫ്‌ ജസ്റ്റിസായി രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്‌ മുമ്പാകെയാണ്‌ കപാഡിയ സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റത്‌. 2012 സെപ്റ്റംബര്‍ വരെ ചീഫ്‌ ജസ്റ്റിസ്‌ പദവി അലങ്കരിക്കുന്ന എസ്‌.എച്ച്‌ കപാഡിയ മഹാരാഷ്ട്ര സ്വദേശിയാണ്‌. മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷണ്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ ചീഫ് ജസ്റ്റീസാ‍യി കപാഡിയ സ്ഥാനമേറ്റത്.

മഹാരാഷ്ട്ര സ്വദേശിയായ കപാഡിയ 1974 ല്‍ ബോംബെഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ ക്ലാസ് നാല് ജീവനക്കാരനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1991 ഒക്ടോബര്‍ എട്ടിന് മുംബൈ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി ചുമതലയേറ്റു. 1993 മാര്‍ച്ചിലാണ് സ്ഥിരം ജഡ്ജിയായത്. സെക്യൂരിറ്റി ഇടപാടുകളുടെ വിചാരണയ്ക്കു വേണ്ടി രൂപവത്കരിച്ച പ്രത്യേക കോടതിയുടെ ജഡ്ജിയായി സേവനമനുഷ്ഠിച്ചു.

2003 ആഗസ്ത് അഞ്ചിന് ഉത്തരാഞ്ചല്‍ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയും തുടര്‍ന്ന് 2003 ഡിസംബര്‍ 18 ന് സുപ്രീംകോടതിയില്‍ ജഡ്ജിയായും സ്ഥാനക്കയറ്റം ലഭിച്ചു. സത്യസന്ധതയും വ്യക്തിശുദ്ധിയുമാണ് തന്റെ സമ്പാദ്യമെന്ന് ജസ്റ്റിസ് കപാഡിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :