മനുഷ്യാവകാശ ലംഘന കേസില്‍ പൊലീസ് മുന്നില്‍!

ന്യൂഡല്‍ഹി| WEBDUNIA|
പൊലീസിന്റെ മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് ദേശീയ മനുഷ്യാ‍വകാശ കമ്മീഷന് ലഭിച്ചിരിക്കുന്നത് 3.7 ലക്ഷം പരാതികള്‍! കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കാണിത്. പൊലീസിനെതിരെയാണ് കമ്മീഷന് ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചിരിക്കുന്നത്.

ലഭ്യമായ കണക്കുകള്‍ അനുസരിച്ച്, മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാണിച്ച് 377,216 പരാതികളാണ് പൊലീസിനെതിരെ ലഭിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് പരാതികളില്‍ ഭൂരിഭാഗവും. പൊലീസ് അതിക്രമങ്ങളെ കുറിച്ച് 248,505 പരാതികളാണ് ഇവിടെ നിന്ന് ലഭിച്ചിട്ടുള്ളത്.

ബലപ്രയോഗം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കസ്റ്റഡി പീഡനവും മരണവും, വ്യാ‍ജഏറ്റുമുട്ടല്‍, അനാവശ്യ തടങ്കല്‍ എന്നീ കുറ്റങ്ങളാണ് പൊലീസിനെതിരെയുള്ള കേസുകളില്‍ അധികവും. കള്ളക്കേസില്‍ കുടുക്കല്‍, വിവേചനപരമായ അറസ്റ്റ്, വിചാരണ അന്യായമായി നീട്ടല്‍ തുടങ്ങിയവയും നിയമപാലകര്‍ക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങളാണ്.

ഭൂമി തര്‍ക്കം, ആളെക്കാണാതാവല്‍ തുടങ്ങിയ പലവക കേസുകളാണ് രണ്ടാം സ്ഥാനത്ത്. ഇത്തരത്തിലുള്ള 263,993 പരാതികള്‍ കമ്മീഷന് ലഭിച്ചിട്ടുണ്ട്. പെന്‍ഷന്‍ പ്രശ്നം, തൊഴിലവസരങ്ങള്‍ നിഷേധിക്കല്‍ തുടങ്ങിയ തൊഴില്‍ സംബന്ധിയായ പരാതികള്‍ക്കാണ് മൂന്നാം സ്ഥാനം-73,914 എണ്ണം.

ദേശീയ മനുഷ്യാവകാശകമ്മീഷന്‍ 1993 ല്‍ ആണ് നിലവില്‍ വരുന്നത്. എന്നാല്‍, 2000 മുതലാണ് മനുഷ്യാവകാശ ലംഘനത്തെ കുറിച്ചുള്ള പരാതികള്‍ സ്വീകരിച്ചു തുടങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :