പോളിന് എച്ച് ഐ വി ബാധയെന്ന് പൊലീസ്

ആലപ്പുഴ| WEBDUNIA|
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കൊല്ലപ്പെട്ട യുവവ്യവസായി മുത്തൂറ്റ് എം പോള്‍ എച്ച് ഐ വി ബാധിതനായിരുന്നെന്ന് പൊലീസ് റിപ്പോര്‍ട്ട്. കേസ്‌ അന്വേഷിക്കുന്ന എറണാകുളം സ്പെഷ്യല്‍ ‌ എസ്‌പി എ വി ജോര്‍ജ്‌ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട്‌ രാമങ്കരി ജുഡീഷ്യല്‍ ക്ലാസ്‌ മജിസ്ട്രേട്ട്‌ സുബിതാ ചിറയ്ക്കലിനു നേരിട്ടു കൈമാറി.

ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിയോടെ കോടതിയിലെത്തിയാണ് പോള്‍ എച്ച് ഐ വി ബാധിതനായിരുന്നെന്ന അതീവരഹസ്യറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പോള്‍ എച്ച്‌ ഐ വി ബാധിതനാണെന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട്‌ പോളിന്‍റെ കാറിലുണ്ടായിരുന്ന ബാഗില്‍ നിന്ന്‌ പൊലീസിന്‌ ലഭിച്ചിരുന്നു. മുംബൈ ചെമ്പൂരിലെ എച്ച്‌ ഐ വി കസള്‍ട്ടന്‍റായ ഡോ ജെ കെ മണിയാറാണ്‌ കഴിഞ്ഞ ജൂലൈയില്‍ പോളിന്‍റെ രക്‌തസാമ്പിള്‍ പരിശോധിച്ചു റിപ്പോര്‍ട്ട്‌ തയ്യാറാക്കിയതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗുണ്ടാനേതാക്കളായ ഓംപ്രകാശ്, പുത്തന്‍ പാലം രാജേഷ് എന്നിവര്‍ക്കൊപ്പം കൊച്ചിയിലും കുമളിയിലും മുത്തൂറ്റ് ഗ്രൂപ്പിന്‍റെ ഏലം കൌണ്ടി റിസോര്‍ട്ടിലും ഇവര്‍ തങ്ങിയിരുന്നു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പോളിന്‍റെ ലാപ്‌ടോപ്പില്‍ നിന്ന് കണ്ടെടുത്ത പൊലീസ് ഇത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇക്കാരണത്താല്‍ പോളിന്‍റെ കൂട്ടുകാര്‍ക്കും എച്ച് ഐ വി ബാധിച്ചിട്ടുണ്ടോ എന്നും റിപ്പോര്‍ട്ടില്‍ പൊലീസ് സംശയിക്കുന്നുണ്ട്.

കൂടാതെ, പോളിനെ കുത്തികൊലപ്പെടുത്തിയ കാരി സതീഷിനും എച്ച് ഐ വി ബാധിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. കുത്തുന്നതിനിടയില്‍ സതീശനും കുത്തേറ്റിരുന്നു. ഈ സാഹചര്യത്തില്‍ ഇരുവരുടെയും രക്‌തം പരസ്‌പരം കലര്‍ന്നു അണുബാധ നടന്നിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :