വംശീയാക്രമണം: ഓസ്ട്രേലിയ റിപ്പോര്‍ട്ട് പുറത്തിറക്കി

സിഡ്നി| WEBDUNIA|
ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന വംശീയാക്രമണങ്ങളെക്കുറിച്ച് ഓസ്ട്രേലിയ ഒരു പൊലീസ് റിപ്പോര്‍ട്ട് പുറത്തിറക്കി. ഈ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ചു മുതല്‍ ഇന്ത്യക്കാര്‍ക്കെതിരായ വംശീയാക്രമണ കേസുകളില്‍ അറസ്റ്റിലായിട്ടുള്ളവരില്‍ പകുതിയിലേറെയും 18 വയസില്‍ താഴെയുള്ളവരാണ്.

വിക്ടോറിയന്‍ പൊലീസ് തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. 2009 മാര്‍ച്ച് മാസം മുതല്‍ 2010 ജനുവരി അഞ്ചു വരെ വംശീയാക്രമണ കേസുകളില്‍ അറസ്റ്റിലായവരില്‍ പകുതിയും 18 വയസില്‍ താഴെയുള്ളവരാണെന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്. രണ്ടു കേസുകളില്‍ ഇനിയും അറസ്റ്റ് നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വിവരമുണ്ട്.

വംശീയാക്രമണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈമാറുന്നതിന് ആദ്യം ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. വംശീയാക്രമണം തുടരുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് ഇന്ത്യയ്ക്ക് കൈമാറാന്‍ ഓസ്ട്രേലിയ തയ്യാറായത്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥി നിതിന്‍ ഗാര്‍ഗ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അതില്‍ ക്ഷമാപണം നടത്താനായി കഴിഞ്ഞ 11ന് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി സ്റ്റീഫന്‍ സ്മിത്ത് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് എം കൃഷ്ണയെ ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :