രാജി സര്‍ക്കാരിന് ഉപകാരപ്പെടട്ടെ: തരൂര്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സ്വന്തം താല്പര്യ പ്രകാരമാണ് രാജി വയ്ക്കുന്നത് എന്നും പാര്‍ട്ടിയെ കുഴപ്പത്തിലാക്കാന്‍ താല്പര്യപ്പെടുന്നില്ലെന്നും ശശി തരൂര്‍. പാര്‍ലമെന്റിന്റെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ തന്റെ രാജി ഉപകാരപ്പെടട്ടെയെന്നും ശശി തരൂര്‍ തന്റെ രാജിക്കത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍.

തനിക്ക് വിവാദങ്ങളുമായി ബന്ധമില്ല എന്നും തന്റെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു എന്നും തരൂര്‍ പറഞ്ഞിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയും പ്രമുഖ നേതാക്കളും തരൂരിന് പിന്തുണ നല്‍കാഞ്ഞത് രാജി എന്ന ആവശ്യം ശക്തമാക്കുകയായിരുന്നു.

കോണ്‍ഗ്രസിന്റെ യുവ നേതാവ് രാഹുല്‍ ഗാന്ധിയും തരൂരിനെതിരെ രംഗത്ത് വന്നതായാണ് റിപ്പോര്‍ട്ടുകള്‍. തരൂരിന്റെ ഐപി‌എല്‍ വിവാദം പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമാവുമെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടെന്നാണ് വിവരങ്ങള്‍.

ഞായറാഴ്ച വൈകിട്ട് ചേര്‍ന്ന ഉന്നതാധികാര സമിതിയില്‍ ഗാന്ധിയും തരൂരിന് അനുകൂലമായ നിലപാട് സ്വീകരിച്ചില്ല. സോണിയയുടെ വിശ്വസ്തനായ ധനമന്ത്രി പ്രണാബ് മുഖര്‍ജിയാവട്ടെ തരൂരിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ രാജി നല്‍കുമായിരുന്നു എന്നു പറയാനും മടി കാണിച്ചില്ല.

പ്രണാബ് തയ്യാറാക്കിയ രണ്ട് ഖണ്ഡികയുള്ള റിപ്പോര്‍ട്ടില്‍ ഐപി‌എല്‍ ടീമുമായി ബന്ധപ്പെട്ട് തരൂര്‍ മന്ത്രിക്ക് യോജിക്കാത്ത നിലപാടുകള്‍ സ്വീകരിച്ചു എന്ന കുറ്റപ്പെടുത്തലുമുണ്ടായി. തരൂരും കൊച്ചി ടീമുമായി ഉള്ള ബന്ധത്തെ കുറിച്ച് രഹസ്യാന്വേഷ വിഭാഗം തയ്യാറാക്കിയ മൂന്ന് പേജ് വരുന്ന റിപ്പോര്‍ട്ടും പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :