പാക് താരങ്ങള്‍ക്കായി നിയമം മാറ്റാനാവില്ല: മോഡി

മുംബൈ| WEBDUNIA| Last Modified വെള്ളി, 29 ജനുവരി 2010 (12:26 IST)
PRO
പാക് താരങ്ങളെ ഉള്‍ക്കൊള്ളിക്കാനായി ഐ പി എല്‍ നിയമങ്ങള്‍ മാറ്റാനാവില്ലെന്ന് ഐ പി എല്‍ കമ്മിഷണര്‍ ലളിത് മോഡി. പാക് താരം അബ്ദുള്‍ റസാഖിനെ ഡെക്കാന്‍ ചാര്‍ജേഴ്സ് ലേലത്തിലെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും മോഡി പറഞ്ഞു.

നിലവില്‍ ഒരു ടീമിലും ഒഴിവുകളില്ലെന്നും റസാഖിനെ ടീമിലെടുത്തുവെന്ന വാര്‍ത്ത ചാര്‍ജേഴ്സ് തന്നെ നിഷേധിച്ചിട്ടുണ്ടെന്നും മോഡി പറഞ്ഞു. അതേസമയം റസാഖിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

റസാഖിനെ നൈറ്റ് റൈഡേഴ്സ് വിലക്കെടുത്തുവെന്നാണ് എറ്റവും പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ഒരുതാരവും എന്‍ ഒ സിക്ക് വേണ്ടി ബോര്‍ഡിനെ സമീപിച്ചിട്ടില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇജാസ് ബട്ടും വ്യക്തമാക്കി.

തന്നെ ചാര്‍ജേഴ്സും നൈറ്റ് റൈഡ്സേഴ്സും സമീപിച്ചിരുന്നുവെന്ന് റസാഖ് കറാച്ചിയില്‍ പറഞ്ഞു. തന്‍റെ കരാര്‍ അയച്ചു തരാന്‍ ചാര്‍ജേഴ്സിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും വ്യക്തിപരമായി നൈറ്റ് റൈഡേഴ്സിന് കളിക്കാനാണ് തനിക്ക് താല്‍‌പ്പര്യമെന്നും റസാഖ് വ്യക്തമാക്കി.

നിലവില്‍ രാജസ്ഥാന്‍ റോയല്‍‌സില്‍ മാത്രമാണ് ഒരു കളിക്കാരന്‍റെ ഒഴിവുള്ളത്. എന്നാല്‍ റൊയല്‍‌സിന് താല്‍‌പ്പര്യം മുന്‍ താരമായ സൊഹൈല്‍ തന്‍‌വീറിനെ സ്വന്തമാക്കനാ‍ണെന്നും സൂചനയുണ്ട്. ഈ മാസം 17ന് നടന്ന ഐ പി എല്‍ ലേലത്തില്‍ 12 പാക് താരങ്ങള്‍ പങ്കെടുത്തിരുന്നുവെങ്കിലും ഒരു താരത്തെയും ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയിരുന്നില്ല. ഇതിനെതിരെ ഇന്ത്യയിലും പാകിസ്ഥാനിലും കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :