കനു സന്യാല്‍ ആത്മഹത്യ ചെയ്തു

കൊല്‍ക്കത്ത| WEBDUNIA|
PTI
ഇന്ത്യയിലെ നക്സല്‍ പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാക്കളിലൊരാളായ കനു സന്യാല്‍ ആത്മഹത്യ ചെയ്തു. ബംഗാളില്‍ സിലിഗുരിയിലെ വീട്ടിലാണ് കനു സന്യാലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 78 വയസായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കനു സന്യാലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

അവിവാഹിതനായ കനു സന്യാല്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണെന്ന് വടക്കന്‍ ബംഗാള്‍ ഐ ജി കെ എല്‍ താം‌ത പറഞ്ഞു. 1969 മേയ് 25ന് വടക്കന്‍ ബംഗാളിലെ നക്സല്‍ ബാരി എന്ന ഗ്രാമത്തില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തെ മുന്നില്‍ നിന്ന് നയിച്ചിരുന്നത് കനു സന്യാലായിരുന്നു. എന്നാല്‍ പരാജയമായിരുന്നു ഈ കലാപത്തിന്‍റെ വിധി.

നക്സല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് ഏറെക്കാലമായി ഒറ്റയ്ക്കു കഴിയുകയായിരുന്നു അദ്ദേഹം. അദ്ദേഹം വിഷാദ രോഗത്തിന് അടിമയായിരുന്നതായി പറയപ്പെടുന്നു. ബംഗാള്‍ ഭരണകൂടത്തിന്‍റെ കടുത്ത വിമര്‍ശകനായിരുന്ന കനു സന്യാല്‍ പക്ഷേ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെയും എതിര്‍ത്തിരുന്നു.

നക്സല്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ചാരു മജുംദാറിനൊപ്പം പ്രവര്‍ത്തിച്ച കനു സന്യാല്‍ ഏറെ തവണ ജയില്‍‌വാസം അനുഭവിച്ചു. സി പി ഐ(എം എല്‍) - റെഡ് ഫ്ലാഗിന്‍റെ സ്ഥാപക നേതാവാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :