നക്സല്‍ ഭീഷണി ചെറുക്കാന്‍ കൊല്‍ക്കത്തയില്‍ യോഗം

കൊല്‍ക്കത്ത| WEBDUNIA| Last Modified ചൊവ്വ, 9 ഫെബ്രുവരി 2010 (10:33 IST)
PRO
നക്സല്‍ ഭീഷണി ചെറുക്കാനുള്ള നടപടികള്‍ ആലോചിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ ഇന്ന് നക്സല്‍ ബാധിത സംസ്ഥാനങ്ങളുടെ യോഗം ചേരും. ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്‍റെ അദ്ധ്യക്ഷതയിലാണ് യോഗം.

നക്സലുകള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനങ്ങളുടെ സഹകരണം ഉറപ്പിക്കുകയാണ് യോഗത്തിന്‍റെ മുഖ്യലക്‍ഷ്യം. ഇതിനായി കേന്ദ്രം തയ്യാറാക്കിയിരിക്കുന്ന പദ്ധതികള്‍ ചിദംബരം വിശദീകരിക്കും.

നക്സലുകള്‍ ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേക്ക് ഒളിച്ചുകടക്കുന്നതായി നേരത്തെ വ്യക്തമായിരുന്നു. ഇത് തടയാനായി അതിര്‍ത്തികളില്‍ പ്രത്യേക പരിശോധനകള്‍ കര്‍ശനമാക്കണമെന്ന അഭിപ്രായത്തിലാണ് ആഭ്യന്തരമന്ത്രാലയം.

പശ്ചിമബംഗാള്‍, ഒറീസ, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പ്രതിനിധികളാ‍ണ് യോഗത്തില്‍ പങ്കെടുക്കുക. ഇവരെക്കൂടാതെ നാലു സംസ്ഥാനങ്ങളിലെയും പൊലീസ് മേധാവികളും യോഗത്തില്‍ പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :