ഹരിഹര വര്‍മ ഒരു ‘ശശി രാജാവ്’?

തിരുവനന്തപുരം. | WEBDUNIA| Last Modified ഞായര്‍, 30 ഡിസം‌ബര്‍ 2012 (01:23 IST)
PRO
PRO
രത്നവ്യാപാരത്തിനിടെ കൊല്ലപ്പെട്ട ഹരിഹര വര്‍മ ഒരു ശശി രാജാവാണോ? പൊലീസിനെ ഇപ്പോള്‍ കുഴയ്ക്കുന്ന ചോദ്യമിതാണ്. കാരണം ഈ വര്‍മ ഏതു കോവിലകത്തെയാണെന്നതു സംബന്ധിച്ച് ഇയാളുടെ ഭാര്യമാര്‍ക്കു പോലും നിശ്ചയമില്ല! ആദ്യഭാര്യ വിമലാ ദേവിയോട് മാവേലിക്കര രാജകുടുംബാംഗമാണെന്നു പറഞ്ഞ വര്‍മ രണ്ടാം ഭാര്യ ഗിരിജയെ പൂഞ്ഞാര്‍ കുടുംബാംഗമാണെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. കൂടാതെ കോയമ്പത്തൂരില്‍ നാലു വര്‍ഷത്തോളം വര്‍മ താമസിച്ചിരുന്നതായും അവിടെ തിരുവിതാംകൂര്‍ രാജകുടുംബാംഗമാണെന്നു പ്രചരിപ്പിച്ചിരുന്നതായും സൂചനകളുണ്ട്.

ഇതിനിടെ വര്‍മയുടെ രണ്ടാംഭാര്യയുടെ പാലക്കാട്ടുള്ള വീട്ടില്‍ പരിശോധന നടത്തിയ പൊലീസിനു റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ ഒട്ടേറെ രേഖകളും കിട്ടി. പാലക്കാട് മണപ്പള്ളിക്കാവില്‍ വര്‍മയുടെ പേരിലുള്ള വീട്ടിലാണു രണ്ടാംഭാര്യ ഗിരിജ താമസിക്കുന്നത്.

കോയമ്പത്തൂര്‍ ഹൈവേയുടെ ഓരത്ത് മണപ്പള്ളിക്കാവില്‍ 20 സെന്റ് സ്ഥലവും ഇരുനില വീടും വര്‍മയുടെ പേരിലുണ്ട്. ഇതിനു മാത്രം ഒന്നര കോടിയോളം വിലമതിക്കുമെന്നു തമ്പാനൂര്‍ സിഐ ഷീന്‍ തറയിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിനു വ്യക്തമായി. വീട്ടില്‍ പരിശോധന നടത്തിയ പൊലീസിനു മറ്റു പലരുടെയും പേരില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന പ്രമാണങ്ങള്‍ കിട്ടി. ഇത് എങ്ങനെ വര്‍മയുടെ കൈവശം വന്നു എന്നും അന്വേഷിക്കുന്നുണ്ട്.

വര്‍മയുടെ കൈവശം രത്നങ്ങള്‍ ഉണ്ടായിരിക്കാമെന്നും ഇതിന്റെ ഉറവിടം വെളിപ്പെടുത്താതിരിക്കാന്‍ വേണ്ടിയാവാം രാജകുടുംബാംഗം എന്ന മേലങ്കി അണിഞ്ഞതെന്നും പൊലീസ് കരുതുന്നു. തിരുവനന്തപുരം നഗരത്തിലെ ഹോട്ടലില്‍ വര്‍മയെ കാണാന്‍ എത്തിയിരുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഊട്ടി, മൈസൂര്‍ ഭാഗങ്ങളിലും വര്‍മ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. വര്‍മയുമായി മുന്‍പ് ഇടപാടുകള്‍ നടത്തിയിട്ടുള്ളവരായിരിക്കാം കൊലയ്ക്കു പിന്നിലെന്നു പൊലീസ് കരുതുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :