കള്ളുചെത്തുകാരന്റെ മകനാണെന്നത്‌ പുതിയകാര്യമല്ല: പിണറായി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വീണ്ടും രംഗത്ത്‌. കാള പെറ്റൂന്ന്‌ കേട്ട്‌ കയറെടുക്കുന്ന നിലയിലായിലാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയെന്ന് പിണറായി കുറ്റപ്പെടുത്തി. സിപിഎം ചില സമുദായങ്ങള്‍ക്ക്‌ എതിരാണെന്ന്‌ വരുത്താന്‍ വെള്ളാപ്പള്ളി ശ്രമിക്കേണ്ടെന്നും പിണറായി പറഞ്ഞു.

താന്‍ കള്ളുചെത്തുകാരന്റെ മകനാണെന്നത്‌ പുതിയകാര്യമൊന്നുമല്ല. എന്നാല്‍ പുതിയകാര്യം എന്ന നിലയിലാണ്‌ വെള്ളാപ്പള്ളി ഇത്‌ പറയുന്നതെന്നും പിണറായി പറഞ്ഞു. പിണറായിക്കെതിരെ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി രംഗത്ത് എത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സി പി എം മുഖപത്രമായ ദേശാഭിമാനി വളര്‍ന്നത്‌ ചെത്തുകാരുടെ കാശുകൊണ്ടാണെന്ന് കഴിഞ്ഞ ദിവസം വെള്ളപ്പള്ളി പറഞ്ഞു. ‘വിദേശമദ്യം വില്‍ക്കരുത്’ എന്ന് ശ്രീനാരായണഗുരു പറഞ്ഞിട്ടില്ല എന്ന ന്യായം നിരത്തിയാണ് ചിലര്‍ മദ്യവില്‍പ്പന നടത്തുന്നതെന്ന സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

മദ്യത്തിന്‍റെ പേരില്‍ ഒരു സമുദായത്തെ മാത്രം അടച്ചാക്ഷേപിക്കരുത്. പിണറായിയെ ഞാന്‍ പരിചയപ്പെട്ടത്‌ ചെത്തു തൊഴിലാളിയുടെ മകനായിട്ടാണ്. ചെത്തുകാരുടെ കാശുകൊണ്ടാണ് സി പി എം മുഖപത്രമായ ദേശാഭിമാനി വളര്‍ന്നത് - വെള്ളാപ്പള്ളി പറഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്‌ എഫ്‌ ഐ സംഘടിപ്പിച്ച ‘മദ്യാസക്തിക്കെതിരെ മാനവജാഗ്രത‘ എന്ന കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് വെള്ളാപ്പള്ളി നടേശനെതിരേ പിണറായി പരോക്ഷ വിമര്‍ശനം നടത്തിയത്.

‘വിദേശമദ്യം വില്‍ക്കരുതെന്ന്‌ ശ്രീനാരായണഗുരു പറഞ്ഞിട്ടില്ലെന്നാണ്‌ മദ്യവില്‍പനയ്ക്ക്‌ ചിലര്‍ പറയുന്ന ന്യായം. ഗുരുവിന്‍റെ അഭിപ്രായം പോലും അനുയായികള്‍ മദ്യവില്‍പ്പന കൂട്ടാനായി വളച്ചൊടിക്കുകയാണ്’ - എന്നായിരുന്നു പിണറായി ആ ചടങ്ങില്‍ പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :