പിതാവിന്‍റെ മരണവാര്‍ത്ത അറിഞ്ഞെത്തിയത് മരണത്തിലേക്ക്

ദുബായ്‌| WEBDUNIA|
PRO
പിതാവിന്‍റെ മരണ വാര്‍ത്ത അറിഞ്ഞ് നാട്ടിലേക്ക് തിരിച്ച സിദ്ദിഖ് വീട്ടിലെത്തുന്നതിനു മുമ്പേ മരണത്തിനു കീഴ്പ്പെട്ടു. മംഗലാപുരം വിമാനത്താവളത്തിന് സമീപം ഇന്നു രാവിലെ കത്തിയമര്‍ന്ന വിമാനത്തിനുള്ളില്‍ സിദ്ദിഖും ഉണ്ടായിരുന്നു.

കഴിഞ്ഞദിവസം നിര്യാതനായ പിതാവിന്‍റെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു കാസര്‍കോഡ് നെല്ലിക്കുന്ന് സ്വദേശിയായ സിദ്ദിഖ് ഇന്നലെ ദുബായില്‍ നിന്ന് യാത്ര തിരിച്ചത്. പക്ഷേ, പിതാവിന്‍റെ മൃതശരീരം കാണുന്നതിനു മുമ്പേ ആകാശത്തു വെച്ച് സിദ്ദിഖ് അഗ്നി ഗോളങ്ങള്‍ക്ക് കീഴടങ്ങുകയായിരുന്നു. ദുബായില്‍ സെയില്‍സ്മാനാണ് സിദ്ദിഖ്.

അറുപതു വയസ്സുകാരനായ അബ്ദുല്ല രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു നാട്ടിലേക്ക്‌ പുറപ്പെട്ടത്‌. ഷാര്‍ജയില്‍ കഫ്‌തീരിയ ജീവനക്കാരനായിരുന്നു അദ്ദേഹം. സുഖമില്ലാതെ പോരുന്നതിനാല്‍ താനിനി ‘ചിലപ്പോള്‍ മാത്രമേ മടങ്ങിവരികയുള്ളൂ’ എന്ന് സുഹൃത്തുക്കളോടും മറ്റും പറഞ്ഞിരുന്നു. ഈ വാക്കുകള്‍ അറം പറ്റിയതു പോലെയായി ദുരന്തം.

ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനായി നാട്ടിലേക്ക് പോന്ന മംഗാലാപുരത്ത്‌ താമസമാക്കിയ കാസര്‍കോട്‌ സ്വദേശികളായ ഷഫ്ഖത്തിന്‍റെ ഭാര്യ ഫാത്തിമ മെഹ്സാന്‍ ഷഫ്ഖത്ത്‌, ഒരു വയസ്സുകാരന്‍ മകന്‍ റഷാദ്‌ എന്നിവരും മംഗലാപുരം ദുരന്തത്തില്‍പ്പെട്ടു. മാതാവിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് പോന്ന കര്‍ണാടകയിലെ ഉഡുപ്പി സ്വദേശി മുഹമ്മദ്‌ സിയാദും അദ്ദേഹത്തിന്‍റെ ഭാര്യയും രണ്ട്‌ മക്കളും അപകടത്തില്‍ കൊല്ലപ്പെട്ടു.

നീലേശ്വരം ആനച്ചാലിലെ ടി കുഞ്ഞിരാമന്‍റെ മകന്‍ മുട്ടത്ത് അജേഷ്(26) സഹോദരന്‍റെ കല്യാണത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു ദുബായില്‍ നിന്ന് ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ചത്. 23ന് ഞായറാഴ്ച സഹോദരന്‍റെ കല്യാണമാണ്. ദുരന്തവാര്‍ത്തയറിഞ്ഞ് നിരവധിയാളുകള്‍ ആണ് ആനച്ചാലിലെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കല്യാണത്തിനായി ഒരുങ്ങിയ വീട് അജേഷിന്‍റെ മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറാകുകയാണ് ഇപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :