സാനിയയുടെ വിവാഹം ദുബായില്‍

ഹൈദരാബാദ്| WEBDUNIA|
PRO
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കുമായുള്ള വിവാഹം ഹൈദരാബാദില്‍ നിന്ന് ദുബായിലേക്ക് മാറ്റി. ഷൊയൈബിന്‍റെ മുന്‍ ഭാര്യയെന്ന് അവകാശപ്പെട്ട് ഹൈദരാബാദ് സ്വദേശി ആയേഷ സിദ്ദീഖി രംഗത്തു വന്നതോടെ ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വിവാഹവേദി മാറ്റിയതെന്ന് പാകിസ്ഥാന്‍ ടെലിവിഷന്‍ ചാനലായ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ നിശ്ചയിച്ച വിവാഹതീയ്യതിയിലും മാറ്റം വരുമെന്നും റിപ്പോര്‍ട്ടുണ്ട്. ഏപ്രില്‍ 11ന് നിശ്ചയിച്ചിരിക്കുന്ന വിവാഹം നീട്ടിവെച്ചിട്ടുണ്ടെന്നും ചാനല്‍ റിപ്പോര്‍ട്ടില് പറയുന്നു‍. സാനിയുമായുള്ള വിവാഹത്തിന് മുന്‍പ് ഷൊയൈബ് പരസ്യമായി താനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തുണമെന്ന് ആവശ്യപ്പെട്ട് ആയേഷയുടെ കുടുംബം ഷൊയൈബിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

ആയേഷ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മാലിക് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഷോയൈബുമായുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് ആയേഷ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സര്‍ട്ടിഫിക്കറ്റ് ഒരു പാകിസ്ഥാനി ടി വി ചാനലിന് ആയേഷ ഇ-മെയില്‍ ചെയ്യുകയായിരുന്നു. ഇത് ചാനല്‍ സം‌പ്രേക്ഷണം ചെയ്തു. ഇതിനു പുറമെ 500 രൂപ ‘മഹര്‍’ നല്‍കിയാണ് ഷൊയൈബ് തന്നെ വിവാഹം കഴിച്ചതെന്നും ആയേഷ സിദ്ദീഖി പറഞ്ഞിരുന്നു.

മാലിക് തന്‍റെ ഭര്‍ത്താവാണെന്ന് തെളിയിക്കാനുള്ള എല്ലാ തെളിവും കൈവശമുണ്ടെന്ന് പിന്നീട് ഒരു ഇന്ത്യന്‍ ചാനലിന് നല്‍കിയ ടെലഫോണ്‍ അഭിമുഖത്തിലും ആയേഷ അവകാശപ്പെട്ടു. ‘സാനിയാ മിര്‍സയെ മാലിക്കിന് പരിചയപ്പെടുത്തിക്കൊടുത്തത് താനാണെന്നും സാനിയയെ കണ്ടതോടെ ഷൊയൈബ് തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും ആയേഷ ആരോപിച്ചിരുന്നു.

എന്നാല്‍ മറ്റൊരാളുടെ ഫോട്ടൊ കാണിച്ച് ആയേഷയും കുടുംബവും തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നും യഥാര്‍ത്ഥ ആയേഷയെ തിരിച്ചറിഞ്ഞപ്പോഴാണ് താന്‍ നിശ്ചയത്തില്‍ നിന്ന് പിന്‍‌മാറിയതെന്നും സൊയൈബ് പറയുന്നു.

അതേസമയം ഷൊയൈബിന് പിന്തുണയുമായി സാനിയയും കുടുംബവും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സത്യം തങ്ങള്‍ക്കറിയാമെന്നും അതിനാല്‍ ഈ വിഷയത്തില്‍ തങ്ങള്‍ പൂര്‍ണമായും ഷൊയൈബിനൊപ്പമാണെന്നും സാനിയ പറഞ്ഞു. ഷൊയബിനെ വിവാഹം ചെയ്യാനുള്ള തീരുമാനം ഇത്രമാത്രം വിവാദമാവുമെന്ന് കരുതിയിരുന്നില്ലെന്നും സാനിയ പറഞ്ഞു. വിവാദങ്ങള്‍ തനിക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചതെന്നും സാനിയ പറഞ്ഞു.

മാലിക് മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം എന്നില്‍ നിന്ന് നിയമപരമായി വിവാഹ മോചനം നേടേണ്ടി വരും. ഇപ്പോള്‍ നടക്കുന്ന വിവാദത്തില്‍ ഷൊയൈബിന്‍റെ കുടുംബം പുലര്‍ത്തുന്ന സമീപനം കണ്ട് താന്‍ ഞെട്ടിപ്പോയെന്നും ആയേഷ പറഞ്ഞു. മാലിക്കിന് പരസ്യമായി തന്നില്‍ നിന്ന് വിവാഹ മോചനം നേടിയശേഷമെ സാനിയയെ വിവാഹം ചെയ്യാനാവുകയുള്ളൂവെന്നും ആയേഷ വ്യക്തമാക്കി.

ബുധനാഴ്ചയാണ് സാനിയയും-ഷൊയൈബും തമ്മില്‍ വിവാഹിതരാവാന്‍ പോവുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. ഇരു കുടുംബങ്ങളും വിവാഹ വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :