ഷാനിമോളുടെ ചരിത്രം പറയുന്നില്ല: ഉണ്ണിത്താന്‍

മലപ്പുറം| WEBDUNIA|
PRO
ഷാനിമോള്‍ ഉസ്മാന്‍റെ ചരിത്രവും ഭൂതകാലവും പറയുന്നില്ലെന്ന് അനാശാസ്യത്തിന് പിടിയിലായ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് ടെലിഫോണില്‍ സംസാരിക്കവേ ആണ് ഉണ്ണിത്താന്‍ ഷാനിമോള്‍ക്കെതിരെ തിരിഞ്ഞത്. ഉണ്ണിത്താനെ പുറത്താക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാ‍വായ ഷാനിമോള്‍ ഉസ്മാന്‍ രാവിലെ ആവശ്യപ്പെട്ടിരുന്നു.

ഡിവൈ‌എഫ്‌ഐയും പിഡിപിയും നടത്തിയ നാടകമാണ് മഞ്ചേരിയില്‍ അരങ്ങേറിയതെന്ന് ഉണ്ണിത്താന്‍ പ്രതികരിച്ചു. സംഭവം രാഷ്ട്രീയ പ്രേരിതമാണ്. സേവാദളിന്‍റെ സംസ്ഥാന സെക്രട്ടറിയാണ് ജയലക്‍ഷ്മി. അവരുടെ വീട്ടുകാരുടെയും തന്‍റെ ഭാര്യയുടെയും സമ്മതത്തോടെയായിരുന്നു ബാംഗ്ലൂരിലേക്കുള്ള യാത്രയെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

വയനാടുവഴി രാത്രി എട്ടുമണികഴിഞ്ഞ് ഗതാഗത നിരോധനം ഉള്ളതിനാല്‍ മഞ്ചേരിയില്‍ തങ്ങുകയായിരുന്നു. ഇതിനിടയിലാണ് പിഡിപി‌, ഡിവൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ വീടുവളഞ്ഞത്. തുടര്‍ന്ന് തന്‍റെ നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസുകാരാണ് പൊലീസിനെ വിളിച്ചതെന്നും ഉണ്ണിത്താന്‍ പറഞ്ഞു. സൂഫിയ മദനിക്കെതിരെ സംസാരിച്ചതിനായിരുന്നു ഈ നാടകമെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.

രാഷ്ട്രീയ പ്രവര്‍ത്തകരുടെ പ്രതിച്ഛായ നഷ്ടപ്പെടുത്താന്‍ സ്ത്രീവിഷയങ്ങളില്‍ കുടുക്കുന്നത് പതിവാണെന്നും 42 വര്‍ഷമായി രാഷ്ട്രീയത്തില്‍ തുടരുന്ന തനിക്കെതിരെ ഇത്തരത്തില്‍ ആരോപണം ആ‍ദ്യമാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും മുന്നില്‍ തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :