പ്രോസിക്യൂഷന്‍ ജനറല്‍ പി.ജി. തമ്പി രാജിവച്ചു

കൊച്ചി| M. RAJU| Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2008 (11:59 IST)
പ്രോസിക്യൂഷന്‍ ജനറല്‍ പി.ജി. തമ്പി രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ്‌ രാജിയെന്ന്‌ പി.ജി തമ്പി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

അഭിഭാഷകജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ്‌ രാജിയെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ സ്ഥാനവും രാജിവച്ചിട്ടുണ്ട്. രാജിക്കത്ത് ആഭ്യന്തരമന്ത്രാലയത്തിനു ഫാക്സ് ചെയ്തു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും സി.പി.എമ്മും തമ്മില്‍ അടുത്ത കാലത്തുണ്ടായ ആശയസമരമാണ് രാജിയ്ക്കു പിന്നിലെന്ന് സൂചനയുണ്ട്.

ഹൈക്കോടതിയില്‍ നിന്നും ആഭ്യന്തരവകുപ്പിന് അടുത്ത കാലത്ത് ചില വിമര്‍ശനങ്ങളുണ്ടായിരുന്നു. പ്രോസിക്യൂഷന്‍ ജനറല്‍ പി.ജി. തമ്പിയുടെ വീഴ്ച മൂലമാണ് ആഭ്യന്തരവകുപ്പിനെതിരെ കോടതികളില്‍ പരാമര്‍ശം ഉണ്ടാകുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ തന്‍റെ രാജിയില്‍ പാര്‍ട്ടികളുടെ ഇടപെടലുണ്ടായിട്ടില്ലെന്ന് പി.ജി.തമ്പി അറിയിച്ചു.

അഭിഭാഷകനായി പ്രാക്ട്രീസ് തുടരാനാണ് താന്‍ രാജിവച്ചത്. കോടതിയില്‍ നിന്നും തനിക്കെതിരെ ആരോപണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും പൊലീസിന്‍റെ അന്വേഷണ രീതിയ്ക്കെതിരെയാണ് വിമര്‍ശനമുണ്ടായതെന്നും തമ്പി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :