സ്ത്രീകള്‍ക്കായി യുഎന്നിന്‍റെ പുതിയ സംഘടന

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified ശനി, 3 ജൂലൈ 2010 (11:59 IST)
PRO
ആഗോളതലത്തില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനം ലക്‍ഷ്യമിട്ട് പുതിയ സംഘടന രൂപീകരിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി തീരുമാനിച്ചു. നിലവിലുള്ള നാലു സംഘടനകളെ ലയിപ്പിച്ചാണ് യു എന്‍ എന്‍റിറ്റി ഫോര്‍ ഈക്വാലിറ്റി ആന്‍ഡ് ദ എംപവര്‍മെന്റ് ഓഫ് വിമന്‍ അഥവാ യു എന്‍ വിമന്‍ എന്ന പുതിയ സംഘടനയ്ക്ക് രൂപം നല്‍കിയത്.

സ്ത്രീകള്‍ക്ക് തുല്യ അവസരം ഉറപ്പാക്കല്‍, ലിംഗ സമത്വം ഉറപ്പാക്കല്‍, അവകാശങ്ങള്‍ നേടിയെടുക്കല്‍ എന്നിവയാണ് പുതിയ സംഘടനയുടെ പ്രധാന ലക്‍ഷ്യങ്ങളെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പടിഞ്ഞാറന്‍ രാജ്യങ്ങളുമായും വികസിത രാജ്യങ്ങളുമായും നാലു വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ സംഘടനയ്ക്ക് രൂപം നല്‍കാനായത്.

അടുത്ത വര്‍ഷം ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന യുഎന്‍ വിമന്‍ ഒരു അണ്ടര്‍ സെക്രട്ടറി ജനറലിന്റെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തിക്കുക. പുതിയ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി ഡോളര്‍ അംഗരാജ്യങ്ങള്‍ ചേര്‍ന്ന് സ്വരൂപിക്കും.

ഡിവിഷന്‍ ഫോര്‍ ദ അഡ്വാന്‍സ്‌മെന്റ് ഓഫ് വിമന്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓണ്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിങ് ഫോര്‍ ദ അഡ്വാന്‍സ്‌മെന്റ് ഓഫ് വിമന്‍, ഓഫീസ് ഓഫ് ദ സ്‌പെഷ്യല്‍ അഡൈ്വസര്‍ ഓണ്‍ ജെന്‍ഡര്‍ ഇഷ്യൂസ്, യുഎന്‍ ഡവലപ്‌മെന്റ് ഫണ്ട് ഫോര്‍ വിമന്‍ എന്നിവയാണ് പുതിയ സംഘടനയ്ക്കായി ലയിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :