ബേനസീറിന് വേണ്ട സുരക്ഷ ലഭിച്ചില്ല: യു എന്‍

ഇസ്‌ലാമാബാദ്| WEBDUNIA|
പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെടാന്‍ കാരണം മതിയായ സുരക്ഷ ലഭിക്കാത്തതിനാലാണെന്ന് യു എന്‍. ഭൂട്ടോയുടെ മരണം സംബന്ധിച്ച്‌ അന്വേഷിച്ച യുഎന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട്‌ കഴിഞ്ഞ ദിവസം പുറത്തുവന്നു. ബേനസീര്‍ ഭൂട്ടോയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ കേന്ദ്ര, സംസ്ഥാന, ജില്ലാ ഭരണകൂടം ഒരു പോലെ പരാജയപ്പെട്ടെന്നും ദുരന്തം ഒഴിവാക്കാമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ കൊലപ്പെടുത്താനുള്ള പദ്ധതിയെക്കുറിച്ച് മുഷറഫിന് അറിയാമായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. ആവശ്യമായ നടപടികളെടുത്താന്‍ ബേനസീര്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കാന്‍ പാക് ഭരണകൂടത്തിന് കഴിയുമായിരുന്നു.

2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയില്‍ റാലിക്കിടെയുണ്ടായ വെടിവെപ്പിലും സ്‌ഫോടനത്തിലുമാണ് പാകിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രിയായ ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്. പാകിസ്ഥാനിലെ താലിബാന്‍ കമാണ്ടര്‍ ബൈത്തുല്ല മെഹ്‌സൂദാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു അന്നത്തെ പാക് പ്രസിഡന്റായിരുന്ന മുഷ്‌റഫ് പറഞ്ഞിരുന്നത്. എന്നാല്‍ പാക് അന്വേഷണത്തില്‍ തൃപ്തരല്ലാതിരുന്ന ബേനസീറിന്റെ അനുയായികള്‍ കൊലപാതകത്തില്‍ മുഷ്‌റഫിന് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു.

ആസിഫലി സര്‍ദാരി പാക് പ്രസിഡണ്ടായി സ്ഥാനമേറ്റെടുത്ത ശേഷമാണ് കൊലപാതകത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താന്‍ യു എന്നിനോട് അഭ്യര്‍ഥിച്ചത്. 2009 ജൂലൈയില്‍ അന്വേഷണം തുടങ്ങിയ സംഘം ഡിസംബര്‍ 31ന് ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പൂര്‍ണ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന് മൂന്ന് മാസം കൂടി സമയം അനുവദിച്ചു. 65 പേജുള്ള റിപ്പോര്‍ട്ടില്‍ മുഷ്‌റഫിനെതിരെ ശക്തമായ പരാമര്‍ശങ്ങളാണുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :