മയക്കുമരുന്ന്: പ്രതിവര്‍ഷം തൂക്കിലേറ്റപ്പെടുന്നത് 1000 പേര്‍

വിയന്ന| WEBDUNIA| Last Modified തിങ്കള്‍, 17 മെയ് 2010 (16:47 IST)
മയക്കുമരുന്ന് കുറ്റങ്ങളുടെ പേരില്‍ ലോകമൊട്ടാകെ പ്രതിവര്‍ഷം ആയിരത്തിലധികം പേര്‍ തൂക്കിലേറ്റപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഒരു മനുഷ്യാവകാശ സംഘടനയാണ് ഇക്കാ‍ര്യം വെളിപ്പെടുത്തിയത്. ചില രാജ്യങ്ങള്‍ ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടാറില്ലെന്നും ഇത് കൂടി കണക്കിലെടുക്കുമ്പോള്‍ ഈ സംഖ്യ ഉയരുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

മയക്കുമരുന്ന് ഉണ്ടാക്കിയതിനും കൈവശം വെച്ചതിനുമാണ് അധികം പേരും ശിക്ഷിക്കപ്പെടുന്നത്. പ്രധാനമായും ഏഷ്യന്‍ രാജ്യങ്ങളിലും മധ്യേഷ്യന്‍ രാജ്യങ്ങളിലുമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ വ്യാപകമായി കണ്ടുവരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈന, സൌദി അറേബ്യ, വിയറ്റ്നാം, സിംഗപ്പൂര്‍ , മലേഷ്യ എന്നീ രാജ്യങ്ങളിലാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ അധികവും കണ്ടുവരുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി. ഇറാനില്‍ മാത്രം കഴിഞ്ഞ വര്‍ഷം 172 പേരെയും മലേഷ്യയില്‍ 50 പേരെയും മയക്കുമരുന്ന് കേസുകളില്‍ വധശിക്ഷയ്ക്ക് വിധിച്ചതായി സംഘടന വ്യക്തമാക്കി.

മയക്കുമരുന്ന് കേസുകളില്‍ ഒറ്റയടിക്ക് നടപ്പാക്കുന്ന രീതി അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ദ്രുതഗതിയില്‍ വധശിക്ഷ പോലുള്ള ശിക്ഷാരീതികള്‍ നടപ്പിലാക്കുന്നത് മനുഷ്യാവകാശലംഘനമാണെന്നും ഇത്തരം രാജ്യങ്ങള്‍ ക്രിമിനല്‍ നിയമവ്യവസ്ഥയാണ് പിന്തുടരുന്നതെന്നും സംഘടന കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :