മായന്‍ അഗ്നിപര്‍വതം പൊട്ടി വമിക്കുന്ന ലാവയില്‍ നിന്ന് രക്ഷപെടാന്‍ ഫിലിപ്പീന്‍സില്‍ ആയിരക്കണക്കിന് ഗ്രാമീണര്‍ പലായനം ചെയ്തു. ലാവ ഒലിക്കുകയും പുക ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വീടും സ്വത്തുക്കളും ഉപേക്ഷിച്ച് ജനങ്ങള്‍ രക്ഷപ്പെട്ടത്. രാജ്യത്തെ ഏറ്റവും വലിയ അഗ്നിപര്‍വതങ്ങളില്‍ ഒന്നാണിത്.
ഏതു നിമിഷവും മായന്‍ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ അപകടമേഖലയില്‍ നിന്ന് പൊലീസിന്‍റെയും സൈന്യത്തിന്‍റെയും സഹായത്തോടെയാണ് ജനങ്ങള്‍ ഒഴിഞ്ഞുപോയത്.
“അഗ്നി പര്‍വതത്തില്‍ നിന്ന് പുക ഉയരുകയും ചെറു സ്ഫോടനങ്ങള്‍ നടക്കുകയും ചെയ്യുന്നുണ്ട്. ഒരു മഹാ സ്ഫോടനം ഉണ്ടാകാനുള്ള സാധ്യതയെ തള്ളിക്കളയാനാകില്ല” - ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തലവനായ സെഡ്രിക് ഡെപ് പറഞ്ഞു.
അഗ്നിപര്‍വതത്തിന് എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് അമ്പതിനായിരത്തോളം ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇതുവരെ 21000 പേര്‍ ഒഴിഞ്ഞു പോയതായാണ് റിപ്പോര്‍ട്ടുകള്‍.