കസബും കൂട്ടരും പിടികിട്ടാപ്പുള്ളികളെന്ന് പാക് കോടതി

ഇസ്ലാമാബാദ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (17:38 IST)
PRO
മുംബൈ ഭീകരാക്രമണം നടത്തിയ അജ്മല്‍ ആമിര്‍ കസബും മറ്റ് പതിമൂന്ന് പേരും പിടികിട്ടാപ്പുള്ളികളാണെന്ന് പാക് കോടതി. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തവരെ വിചാരണ ചെയ്യുന്ന ഭീകരവിരുദ്ധ കോടതിയാണ് ഈ പരാമര്‍ശം നടത്തിയത്.

എന്നാല്‍ കോടതി ചൂണ്ടിക്കാണിച്ച മറ്റ് പതിമൂന്ന് പേര്‍ ആരൊക്കെയാണെന്ന കാര്യം വ്യക്തമായിട്ടില്ല. കേസ് വീണ്ടും നവംബര്‍ ഏഴിന് പരിഗണിക്കും. കേസ് പരിഗണിച്ച ജഡ്ജി മാലിക് മുഹമ്മദ് അക്രം ആവാന്‍ ആണ് ഈ പരാമര്‍ശം നടത്തിയത്.

മുംബൈ ആക്രമണവുമായി ബന്ധമുള്ള ഏഴ് പേരെ പാകിസ്ഥാന്‍ തടവിലാക്കിയിരുന്നു. വിചാരണ നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലിയാ‍യിരുന്നു ഇന്നും കോടതിയില്‍ വാദം നടന്നത്. നേരത്തെ കേസില്‍ വാദം കേട്ടിരുന്ന ജഡ്ജി ബാക്വിര്‍ അലി റാ‍ണ ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ പ്രതികളുടെ അഭിഭാഷകരുടെ അഭാവത്തിലായിരുന്നു ജഡ്ജിയുടെ നടപടി.

വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ പുതുതായി രണ്ട് ഹര്‍ജികള്‍ കൂടി ഇന്ന് കോടതിയില്‍ നല്‍കി. പ്രതികളുടെ ആവശ്യത്തില്‍ അടുത്ത വാദം കേള്‍ക്കലില്‍ അഭിപ്രായമറിയിക്കണമെന്ന് പുതിയ ജഡ്ജി അക്രം ആവാന്‍ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികളുടെ ആവശ്യങ്ങള്‍ കണക്കിലെടുക്കാനും വിചാരണ നടപടിയില്‍ പരിഗണിക്കുവാനും കഴിഞ്ഞ ആഴ്ച ലാഹോര്‍ ഹൈക്കോടതിയുടെ റാവല്‍‌പിണ്ടി ബഞ്ച് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് വിചാരണ നടക്കുന്ന ഭീകരവിരുദ്ധ കോടതി പ്രോസിക്യൂഷനോട് ഇത് സംബന്ധിച്ച അഭിപ്രായമറിയിക്കാന്‍ ആവശ്യപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :