ഇന്ത്യയുടെ തൊണ്ട വരണ്ടു; വിവാഹങ്ങളും നടക്കുന്നില്ല

ജെ ജെ

ചെന്നൈ| WEBDUNIA|
PRO
കല്യാണസദ്യ കഴിച്ച് കൈ കഴുകാന്‍ പോലും വെള്ളമില്ലെങ്കില്‍? പിന്നെന്തു ചെയ്യാനാ കല്യാണം തന്നെയങ്ങ് മാറ്റിവെയ്ക്കുക ഇല്ലെങ്കില്‍ കല്യാണമേ വേണ്ടെന്നു വെയ്ക്കുക. വര്‍ഷങ്ങള്‍ക്കു മുമ്പ് വാളയാറിനടുത്ത് മയ്യത്തു കുളിപ്പിയ്ക്കാന്‍ 600 രൂപയ്ക്കു വെള്ളം വാങ്ങേണ്ടി വന്ന സ്ഥലത്ത് ഇപ്പോള്‍ കല്യാണ ആവശ്യത്തിനായി കാശു കൊടുത്ത്ഒരു ട്രാക്ടര്‍ വെള്ളമാണ് വാങ്ങിയിരിക്കുന്നത്. കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമയായ പാലക്കാട് ജില്ലയിലെ വാളയാറില്‍ ജലക്ഷാമം മൂലം വീട്ടില്‍ നടത്താന്‍ നിശ്ചയിച്ച കല്യാണം കല്യാണമണ്ഡപത്തിലേക്ക് മാറ്റി.

ദക്ഷിണേന്ത്യയില്‍ കല്യാണം മണ്ഡപത്തിലേക്ക് മാറ്റി വെയ്ക്കാനെങ്കിലും കഴിയുന്നുണ്ട്. പക്ഷേ ഉത്തരേന്ത്യയിലെ അവസ്ഥ ഇതിലും കഷ്ടമാണ് എന്നതാണ് സത്യം. പൊരിയുന്ന വെയിലിനോട് മല്ലിട്ടു നില്ക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. എരിയുന്ന സൂര്യതാപത്തിനു കീഴില്‍ കുടം, ബക്കറ്റ്, ചെരുവം തുടങ്ങിയ ആയുധങ്ങള്‍ വെച്ച് കീഴടങ്ങുകയാണ് പല ഗ്രമങ്ങളും. സര്‍ക്കാര്‍ വെള്ളം നല്കുന്ന പൈപ്പില്‍ പോലും ഒരു തുള്ളി ജലം കിട്ടാതെ വരുമ്പോള്‍ കല്യാണം തന്നെ മാറ്റിവെയ്ക്കേണ്ട അവസ്ഥയിലാണ് ഉത്തരേന്ത്യക്കാര്‍. .

ആന്ധ്രാ പ്രദേശിലെ പല ഗ്രാമങ്ങളും കടുത്ത ജലക്ഷാമത്തിലാണ്. വെള്ളമില്ലാത്തതിനാല്‍ ഇവിടെ വിവാഹങ്ങള്‍ മുടങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ സല്‍ക്കാരം ഒരുക്കാന്‍ ആവശ്യത്തിന് വെള്ളമില്ലാത്തതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്ന് ഗ്രാമീണര്‍ പറയുന്നു. സ്വകാര്യ വ്യക്തികളുടെ പക്കല്‍ നിന്നും വന്‍ വില കൊടുത്ത് വെള്ളം വാങ്ങാന്‍ ഇവര്‍ക്ക് കഴിയാത്തതിനാല്‍ മഴക്കാലത്തിനായി വേഴാമ്പല്‍ കാത്തിരിക്കുന്നത് പോലെ ഈ ഗ്രാമീണരും കാത്തിരിക്കുകയാണ്. ഇതോടെ കല്യാണങ്ങളെല്ലാം മഴക്കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഈ ഗ്രാമത്തിലേക്ക് പൈപ്പ് ലൈന്‍ വേണമെന്ന് വളരെക്കാലമായി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അധികൃതര്‍ ഇതുവരെ നടപടി എടുത്തിട്ടില്ല. കുടിവെള്ളം എത്തിക്കാന്‍ ആവശ്യമായ നടപടി ഉടനെ സ്വീകരിക്കുമെന്ന് കളക്ടര്‍ എന്‍ നാഗേശ്വര റാവു ഉറപ്പുനല്‍കി.ഇതു പോലെ ഒരുപാട് ഉറപ്പുകള്‍ ഇതുനു മുമ്പും ഇവര്‍ക്ക് ലഭിച്ചതാണ്.

രാജസ്ഥാനിലും ജലക്ഷാമം വരണ്ട തൊണ്ട പോലെ കഷ്ടമാണ്. ഇവിടത്തെ ജോധ്പുര്‍ ജില്ലയും കടുത്ത ജലക്ഷാ‍മത്തിലൂടെ കടന്നു പോകുകയാണ്. ഒരു തുള്ളി വെള്ളത്തിനായി നാലും അഞ്ചും മണിക്കൂറുകള്‍ ആണ് പൊതു ടാപ്പുകള്‍ക്ക് മുമ്പില്‍ ക്യൂ നില്‍ക്കേണ്ടത്. നീണ്ട ക്യൂവില്‍ നിന്നാല്‍ ലഭിക്കുന്നത് വെറും 10-15 ലിറ്റര്‍ വെള്ളം. ഇതുകൊണ്ട് വേണം ചായ തിളപ്പിക്കല്‍ മുതല്‍ അലക്ക് കുളി വരെ കഴിച്ചു കൂട്ടാന്‍. പല പൈപ്പുലൈനുകളിലും വെള്ളമില്ലാത്തതും നാട്ടുകാരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. മഴയെ ആശ്രയിച്ചാണ് പ്രധാനമായും ഇവിടങ്ങളിലെ ജലസ്രോതസുകള്‍ നിലനില്ക്കുന്നത്.

തെക്കും വടക്കും കിഴക്കും മാത്രമല്ല പടിഞ്ഞാറന്‍ ഇന്ത്യയും കടുത്ത ചൂടി വെള്ളം ലഭിക്കാതെ ഉരുകുകയാണ്. ബംഗാളിലും കൊല്‍ക്കത്തയിലും ജലക്ഷാമ കാര്യത്തില്‍ സ്ഥിതിക്ക് വ്യത്യസമില്ല. ഇവിടുത്തെ പൈപ്പുലൈനുകളില്‍ പോലും ജലം ലഭിക്കാനില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുടാപ്പുകള്‍ക്ക് മുമ്പിലെത്തിയാല്‍ തുള്ളി തുള്ളിയായി വരുന്ന ജലത്തുള്ളികള്‍ക്ക് നമുക്ക് സാക്ഷിയാകാം. പൈപ്പുകള്‍ക്ക് താഴെ മണിക്കൂറുകള്‍ നില്ക്കണം ഒരു ബക്കറ്റ് വെള്ളം ലഭിക്കാന്‍. പലപ്പോഴും ഉപ്പുവെള്ളവും ചെളിവെള്ളവും ആണ് പൈപ്പിലൂടെ വരുന്നതെന്നതിനാല്‍ ജനങ്ങള്‍ ശരിക്ക് വലയുകയാണ്. കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ 600 കോടി രൂപ ജലവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ചെലവഴിച്ചു എന്ന് പറയുന്നുണ്ടെങ്കിലും ജലക്ഷാമത്തിന് മാറ്റമൊന്നുമില്ല.

ലോകസിനിമകള്‍ക്ക് വേദിയൊരുക്കുന്ന പനാജിയിലും ഗോവയിലും സ്ഥിതിക്ക് വ്യത്യാസമില്ല. 20 മില്യണ്‍ ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനം നിലവില്‍ വരുന്നതോടെ വടക്കന്‍ ഗോവയിലെ ജലദൌര്‍ലഭ്യം ഒരളവ് വരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് പൊതുമരാമത്ത് വകുപ്പ് പറയുന്നു. മേയ് 25നു ശേഷം അധിക ജലവിതരണം ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ മുഖ്യമന്ത്രി ദിഗമ്പര്‍ കമത് കമ്മീഷന്‍ ചെയ്യുമെന്നും ഇതോടെ ഇവിടുത്തെ ജലക്ഷാമം പരിഹരിക്കപ്പെടുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

മേല്പറഞ്ഞിരിക്കുന്നത് ഇന്ത്യാ മഹരാജ്യത്തിലെ ഏതാനും ചില സംസ്ഥാനങ്ങളിലെ കാര്യം മാത്രമാണ്. പക്ഷേ, രാജ്യത്തിന്‍റെ പൊതുവിലുള്ള അവസ്ഥയാണ് ഇത്. വെള്ളത്തിനു വേണ്ടി നാം അഹോരാത്രം വലയുകയാണ്. ചൂ‍ട് സഹിക്കാന്‍ വയ്യാതെ മൃഗങ്ങള്‍ക്കൊപ്പം മനുഷ്യരും കുഴഞ്ഞു വീഴുന്നു. വെള്ളം കിട്ടാനില്ലാതെ നാം പരക്കം പായുന്നു. ഇങ്ങനെ പോകുകയാണെങ്കില്‍, കുടിക്കാന്‍ വെള്ളം ലഭിക്കാതെ ഇന്നലെ പത്തു പേര്‍ കൂടി മരിച്ചതോടെ ഈ വര്‍ഷം മരിച്ചവരുടെ എണ്ണം റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ് എന്ന് പറയുന്ന ചാനല്‍ റിപ്പോര്‍ട്ടുകളും പത്രവാര്‍ത്തകളും കാണാന്‍ നാം അധികം കാത്തിരിക്കേണ്ടി വരില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :