ഷൊയൈബ്-സാനിയ വിവാഹം ഇന്ന്

ഹൈദരാബാദ്| WEBDUNIA|
PRO
ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കും തമ്മിലുള്ള വിവാഹം ഇന്ന് ഹൈദരാബാദില്‍ നടക്കും. ഈ മാസം 15 ന് വിവാഹം നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ സാനിയയുടെ ഹൈദരാബാദിലെ വീട്ടില്‍ വെച്ചായിരിക്കും വിവാഹം.

15ന് താജ് കൃഷ്ണ ഹോട്ടലില്‍ വിവാഹ സല്‍ക്കാരം നടക്കും. വിവാഹച്ചടങ്ങുകള്‍ക്ക് ഖാസി അഹമത്തുള്ള പാഷ കാര്‍മികത്വം വഹിക്കും. ഇദ്ദേഹം തന്നെയാണ് ഷൊയൈബ്-ആയേഷ വിവാഹമോചനത്തിനും കാര്‍മികത്വം വഹിച്ചത്. ഷൊയൈബിന്‍റെയും സാനിയയുടെ കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷണം.

15ന് നടക്കുന്ന വിവാഹ സല്‍ക്കാരത്തിലേക്ക് 500ഓളം പ്രമുഖരെ ക്ഷണിക്കും. ഇതേ ഹോട്ടലില്‍ വെച്ചാണ് സാനിയ-ഷൊറാബ് മിര്‍സ വിവാഹ നിശ്ചയവും നടന്നത്. വിവാഹത്തില്‍ പങ്കെടുക്കാനായി ഷൊയൈബിന്‍റെ മാതാവ് സുല്‍ത്താന ഫാറൂഖ് സഹോദരന്‍ അദില്‍ മാലിക്, സഹോദരിമാരായ ഷഹ്സിയ ഇമ്രാന്‍, സദഫ് ഇമ്രാനെന്നിവരും കുടുംബാംഗങ്ങളും ബുധനാഴ്ച രാത്രിയോടെ സാനിയയുടെ വീട്ടിലെത്തിയിരുന്നു.

ഷൊയൈബുമായി സാനിയയുടെ വിവാഹം നിശ്ചയിച്ച വാര്‍ത്ത പുറത്തു വന്നതോടെ ഷൊയൈബിന്‍റെ ആദ്യഭാര്യയെന്ന് അവകാശപ്പെട്ട് ഹൈദരാബാദ് സ്വദേശി ആയേഷ സിദ്ദീഖി രംഗത്തു വന്നത് വന്‍ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു. ഷൊയൈബ് ടെലഫോണിലൂടെ തന്നെ വിവാഹം ചെയ്തിരുന്നുവെന്നും പീന്നീട് തടി കൂടിയെന്ന് പറഞ്ഞ് ഉപേക്ഷിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചിരുന്നു.

ഷൊയൈബിന്‍റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്നുവെന്നും ആയേഷ ആരോപിച്ചിരുന്നു. എന്നാല്‍ മറ്റൊരാളുടെ ഫോട്ടോ കാണിച്ച് ആയേഷ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നും ആയേഷയെ താന്‍ വിവാഹം ചെയ്തിട്ടില്ലെന്നുമായിരുന്നു ഷൊയൈബിന്‍റെ നിലപാട്. ആയേഷ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഷൊയൈബിനെതിരെ കേസെടുക്കയും അദ്ദേഹത്തിന്‍റെ പാസ്‌പോര്‍ട്ട് പിടിച്ചുവെയ്ക്കുകയും ചെയ്തിരുന്നു. ഒടുവില്‍ മധ്യസ്ഥരുടെ ശ്രമഫലമയി ആയേഷയെ മൊഴിച്ചൊല്ലാന്‍ ഷൊയൈബ് സമ്മതിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :