ട്വന്‍റി-20 ലോകകപ്പിലെ ഇന്ത്യ ടീമിന്‍റെ ദയനീയ പ്രകടനത്തോടെ നായകനെന്ന നിലയില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ മധുവിധു കാലം കഴിഞ്ഞു. ഇനി മുന്‍പിലുളളത് പച്ചയായ യാഥാര്‍ത്ഥ്യങ്ങളാണ്. സൂപ്പര്‍ താരങ്ങളെ മുട്ടി നടക്കാന്‍ പറ്റാത്ത ഒരു ടീമിനെയും കൊണ്ട് വെസ്റ്റിന്‍ഡീസിലേക്ക് വിമാനം കയറിയപ്പോള്‍ ഇന്നാട്ടിലെ ആരാധകര്‍ പലതും പ്രതീക്ഷിച്ചു. എന്നാല്‍ ഒടുവില്‍ പവനായി ശവമായി എന്ന് പറഞ്ഞതു പോലെ സൂപ്പര്‍ എട്ടില്‍ സമ്പൂര്‍ണ അടിയറവ് പറഞ്ഞ് ടീം ഇന്ത്യ നാട്ടില്‍ തിരിച്ചെത്തി.
സൂപ്പര്‍ എട്ടിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റപ്പോള്‍ തന്നെ ധോണിയുടെ രക്തത്തിനായി മുറുമുറുപ്പ് ഉയര്‍ന്നിരുന്നു. ഓസ്ട്രേലിയ നല്‍കിയ ഔദാര്യത്തില്‍ ലങ്കയെ 20 റണ്‍സിന് തോല്‍പ്പിച്ചാല്‍ സെമിയില്‍ കടക്കാമെന്നിരിക്കേ അതിനുവേണ്ടി ശ്രമിക്കുക പോലും ചെയ്യാതെ കീഴടങ്ങിയതോടെ മുറുമുറുപ്പ് നിലവിളിയായി. ഇപ്പോള്‍ എല്ലാവര്‍ക്കും വേണ്ടത് ധോണിയുടെ തലയാണ്. 2004ല്‍ നീളന്‍ മുടിയും കാടന്‍ അടിയുമായി ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ചുവടെടുത്തുവെച്ച ധോണിയെന്ന നാടന്‍ പയ്യന്‍റെ തലയെ അനുകരിക്കാന്‍ അന്ന് പലരും തയ്യാറായി. ഇന്ന് മുടിയില്ലെങ്കിലും ആ തലയ്ക്ക് വേണ്ടി തന്നെയാണ് പലരും പോരടിക്കുന്നതെന്നത് മറ്റൊരു വിരോധാഭാസമാകാം.
ധോണിയുടെ തന്ത്രങ്ങള്‍ മാത്രമാണോ ഇന്ത്യ വിന്‍ഡീസില്‍ നിന്ന് നേരത്തെ പെട്ടി മടക്കാന്‍ കാരണമെന്ന് ഈ ഘട്ടത്തിലെങ്കിലും ചിന്തിക്കുന്നത് നന്നായിരിക്കും. ജനങ്ങളോളം നന്നാവാനേ നേതാവിന് കഴിയൂ എന്ന് പറയുന്നത് പോലെ ടീമിനോളം നന്നാവാനല്ലേ ക്യാപ്റ്റന് കഴിയൂ. ധോണിയുടെ പിഴച്ച തീരുമാനങ്ങളില്‍ പ്രധാനമെന്നും നിര്‍ണായകമെന്നും പറയാവുന്നത് ഓസ്ട്രേലിയ അടിച്ച് മനോവീര്യം കളഞ്ഞ രവീന്ദ്ര ജഡേജയെ വെസ്റ്റിന്‍ഡീസിനെതിരെയും കളിപ്പിച്ചു എന്നതാണ്. ഇത് ഇന്ത്യയുടെ വിധി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായി എന്നത് സത്യവുമാണ്.
എങ്കിലും കാലിനിടയിലൂടെ പന്ത് ഉരുണ്ട് പോകുന്നത് നോക്കി നില്‍ക്കുന്ന യുവരാജ് സിംഗും വിക്കറ്റെടുക്കില്ലെന്ന് ശപഥം ചെയ്തിറങ്ങിയ ഹര്‍ഭജനും സഹീറും ഷോര്‍ട്ട് ബോളിനെ ആകാശത്തുയര്‍ത്തിയേ അടങ്ങൂവെന്ന് വാശിപിടിച്ച റെയ്‌നയും ഗംഭീറും മുരളി വിജയ്‌യും അവസാന ഓവറാണെങ്കിലും ബൌണ്‍സര്‍ എറിഞ്ഞപ്പോള്‍ പന്ത് ലീവ് ചെയ്ത് മാതൃകാപുരുഷനാവാന്‍ ശ്രമിച്ച യൂസഫ് പത്താനുമെല്ലാം ഈ തോല്‍വിയില്‍ അവരുടേതായ സംഭാവന നല്‍കിയിട്ടുണ്ട് എന്ന കാര്യം ധോണിയുടെ തലയ്ക്കായി മുറവിളി കൂട്ടുന്നവര്‍ മറന്നുകൂടാ. കുറേ മാധ്യമങ്ങളും കോറസ് പാടാന്‍ കുറച്ച് മുന്‍കാല താരങ്ങളുമുണ്ടെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്തും നടക്കുമെന്ന് ലളിത് മോഡിയുടെ കാര്യത്തില്‍ പോലും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.