അഫ്ഗാനെ നിസ്സാരമായി കാണുന്നില്ല: ധോണി

സെന്‍റ്‌ലൂസിയ| WEBDUNIA|
PRO
ട്വന്‍റി-20 ലോകകപ്പിന് ആദ്യമായി എത്തുന്നവരാണെങ്കിലും അഫ്ഗാനിസ്ഥാനെ നിസ്സാരക്കാരായി കാണാനാവില്ലെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ലോകകപ്പില്‍ പങ്കെടുക്കാനായി വിന്‍ഡീസിലെത്തിയ ധോണി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനെതിരയ മത്സരം പരിശീലന മത്സരമായി കാണാനാവില്ല. എതിരാളികളെ വിലകുറച്ച് കാണാനും ഞങ്ങള്‍ ഒരുക്കമല്ല. ഏത് ടീമിനെതിരെ കളിച്ചാലും വിജയം നേടുക എന്നതാണ് പ്രധാനം.

അഫ്ഗാനെ കുറിച്ച് അധികമൊന്നും അറിയില്ല. ഒരര്‍ത്ഥത്തില്‍ അത് നല്ലതാണ്. കാരണം കൂടുതല്‍ അറിയും‌തോറും അവരെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചുകൊണ്ടിരിക്കും. മികച്ച ടീമിനെതിരെ കളിക്കുന്ന അതേ മുന്‍‌കരുതലോടെ തന്നെയാണ് അഫ്ഗാനെയും നേരിടാനിറങ്ങുന്നത്. ഈ ഫോര്‍മാറ്റില്‍ ഏത് ടീമിനെയും വിലകുറച്ച് കാണാനാവില്ല. സന്നാഹ മത്സരം കളിക്കാത്തത് തിരിച്ചടിയാവുമെന്ന് കരുതുന്നില്ലെന്നും ധോണി പറഞ്ഞു.

നീണ്ട ഐ പി എല്‍ സീസണു ശേഷമാണ് ഞങ്ങള്‍ വിന്‍ഡീസിലെത്തിയത്. അതുകൊണ്ട് തന്നെ സന്നാഹ മത്സരത്തിന്‍റെ അഭാവം ടീമിനെ അധികം ബാധിക്കില്ല. സേവാഗിന് പരുക്കേറ്റത് തന്നെ ആശങ്കപ്പെടുത്തുന്നില്ലെന്നും ധോണി പറഞ്ഞു. കാരണം ഇത്തരം സാഹചര്യങ്ങളില്‍ നമുക്ക് ആകെ ചെയ്യാന്‍ കഴിയുന്നത് ലഭ്യമായ മികച്ച കളിക്കാരനെ പകരം ഇറക്കുക എന്നത് മാത്രമാണ്. യുവരാജിന്‍റെ ഫോമിനെക്കുറിച്ചും ആശങ്കയില്ല. നാലാം നമ്പറില്‍ തന്നെ യുവി ബാറ്റിംഗിനിറങ്ങും. യുവി അടിച്ചുപൊളിക്കാത്ത അധികം ഗ്രൌണ്ടൊന്നും ലോകത്തില്ല.

കെയ്‌റോണ്‍ പൊള്ളാര്‍ഡിനെയും ആന്‍ഡ്ര്യു സൈമണ്ട്സിനെയും യുവരാജ് സിംഗിനെയും പോലുള്ള കളിക്കാര്‍ക്ക് മൂന്നോ നാലോ ഓവറില്‍ കളി മാറ്റിമറിക്കാനാവും. ഇത് യുവിയ്ക്ക് പറ്റിയ അവസരമാണ്. വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന താരമാണ് അദ്ദേഹം. ബൌളര്‍ എന്ന് അനിലയിലും അദ്ദേഹത്തെ ഉപയോഗിക്കാനാവും.

കഴിഞ്ഞു പോയതിനെക്കുറിച്ചോ ഭാവിയെക്കുറിച്ചൊ അധികം ചിന്തിക്കുന്നില്ല. അതിനാല്‍ ആദ്യ മത്സരത്തില്‍ മാത്രമാണ് ഇപ്പോഴത്തെ ശ്രദ്ധ. ട്വന്‍റി-20യില്‍ ചെറിയൊരു പിഴവിനു പോലും വലിയ വില നല്‍കേണ്ടി വരുമെന്നും ധോണി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :