ഇപ്പോള്‍ ചില മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ മുതലെടുപ്പുകാര്‍ക്കും ആഘോഷിക്കാല്‍ ലഭിച്ചിരിക്കുന്ന വിഷയമാണ് ലൌ ജിഹാദ്. ഈ വിഷയത്തിന്‍റെ നിലനില്‍പ്പും ഏതാനും ആഴ്ചകള്‍ മാത്രം. ഇത്തരമൊരു വിഷയം വന്നതിന് ശേഷം കാമ്പസുകളിലെ സ്ഥിതി ആകെ മാറിയിട്ടുണ്ടെന്നണ് പറയപ്പെടുന്നത്. അന്യമതസ്ഥരായ ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും സംസാരിക്കുന്നത് ലൌ ജിഹാദിന്‍റെ സംശയക്കണ്ണുകളുമായാണ് നോക്കിക്കാണുന്നത്.
അതേസമയം, കേരളത്തിലെ ചില സംഘടനകള്‍ ലൌ ജിഹാദ് വിഷയം ഏറ്റെടുത്തെങ്കിലും വിദ്യാര്‍ഥി രാഷ്ട്രീയപാര്‍ട്ടികളൊന്നും വേണ്ടത്ര ഇടപെടല്‍ നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എസ്എഫ്ഐയും കെഎഎസ്‌യുവുമൊക്കെ മൌനത്തിലാണ്.
സമൂഹത്തില്‍ ഇഷ്ടമുള്ളവരെ പ്രേമിക്കാനും അവരെ കല്യാണം കഴിച്ച് ജീവിക്കാനും ഇന്ത്യയില്‍ സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യനുമേലാണ് ലൌ ജിഹാദിന്‍റെ പേരില്‍ വിവിധ മതങ്ങളെയും വ്യക്തികളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. അന്യമതസ്ഥരെ പ്രണയത്തിലൂടെ വഴിതെറ്റിച്ച് വിവാഹം കഴിച്ച് മതത്തിലേക്ക് ആളെ കൂട്ടേണ്ട ഗതികേട് ലോകത്ത് ഒരു മതത്തിനുമില്ലെന്നത് വസ്തുതയാണ്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ ഏറ്റുപിടിക്കുന്നവര്‍ക്ക് സാമാന്യബുദ്ധിയില്ലെന്ന് തന്നെ പറയാം.
കാമ്പസ് പ്രണയങ്ങളെയും അതിന്‍റെ ഫലമായുണ്ടാകുന്ന വിവാഹങ്ങളെയും 'ലൌ ജിഹാദ്’ എന്ന പേരില്‍ വിശേഷിപ്പിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ചില കേന്ദ്രങ്ങള്‍ നടത്തുന്ന കുത്സിത ശ്രമങ്ങള്‍ക്ക് പ്രചാരം നല്‍കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് കുറച്ചു ദിവസമായി ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. ഇത് കേരളീയ സമൂഹത്തില്‍ ഭിന്നിപ്പും തെറ്റിദ്ധാരണയും സൃഷ്ടിക്കുമെന്നല്ലാതെ ഒന്നും നേടാനോ സമൂഹം നന്നാവാനോ പോകുന്നില്ല.
ഏതെങ്കിലും മത സംഘടനകളെ അനുകൂലിക്കുന്നവരല്ല പ്രണയ വിവാഹം നടത്തിയത്. ഇതൊന്നും ആരും അന്വേഷിക്കുന്നില്ല. അന്വേഷിച്ചാല്‍ ഇത്തരം വിവാദങ്ങളും വാര്‍ത്തകളുമുണ്ടാകില്ല. പ്രണയത്തിന് ജാതിയും മതവുമില്ല. ഈ മാനദണ്ഡം വച്ചല്ല കാമ്പസുകളിലും മറ്റും പ്രണയം രൂപംകൊള്ളുന്നത്. പ്രണയിച്ചവര്‍ വിവാഹിതരാവുകയും അതിനുവേണ്ടി രണ്ടിലൊരാള്‍ മറ്റൊരാളുടെ മതത്തിലേക്ക് മാറുകയും ചെയ്യുന്നത് തീവ്രവാദമല്ല.
കേരളത്തിലെ മിക്ക പാര്‍ട്ടികളിലെയും മുന്‍നിര നേതാക്കളില്‍ പലരും പ്രണയ വിവാഹം കഴിച്ചവരാണ്. വയലാര്‍ രവി ഉള്‍പ്പെടെയുള്ളവര്‍ ഇതിന് ഉദാഹരണം മാത്രം. അതിനെയൊന്നും ഒരിക്കലും കേരളീയ സമൂഹം ജാതിയുടെയോ മതത്തിന്‍റെയോ ഭൂതക്കണ്ണാടിവച്ച് നോക്കിയിട്ടില്ല, ഇനി നോക്കേണ്ടതുമില്ല.
പ്രേമ വിവാഹങ്ങളുടെ പേരില്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള മതവിദ്വേഷ പ്രകടനങ്ങള്‍ വടക്കന്‍ കേരളത്തിലും കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന മംഗലാപുരത്തുമൊക്കെ നേരത്തേതന്നെ ആരംഭിച്ചിരുന്നു. ഇതിനു പിന്നില്‍ കര്‍ണാടകയിലെ സജീവ തീവ്രവാദ സംഘടനയായ ശ്രീരാമസേനയാണ്. പ്രണയവിവാഹങ്ങള്‍ക്ക് മതത്തിന്‍റെ നിറം ചാര്‍ത്തുന്നത് അപകടകരമാണ്. ഒറ്റപ്പെട്ട സംഭവങ്ങളെ ഊതിവീര്‍പ്പിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുകയും അതുവഴി സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളും സംഘടനകളും മാറി നില്‍ക്കുകയാണ് ചെയ്യേണ്ടത്.