കസബിന്റെ കുറ്റസമ്മതം പ്രേരണയില്ലാതെ: സാക്ഷി

മുംബൈ| WEBDUNIA| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (19:02 IST)
മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായ ഭീകരന്‍, അജമല്‍ അമിന്‍ കസബ് പരപ്രേരണയില്ലാതെയാണ് കുറ്റസമ്മതം നടത്തിയതെന്ന് അഡീഷണല്‍ മെട്രോപോളിത്തന്‍ മജിസ്ട്രേറ്റ് രമാ വിജയ് സാവന്ത് വഗലേ. ഭീകരാക്രമണ കേസ് നടക്കുന്ന പ്രത്യേക കോടതിയില്‍ രമയെ സാക്ഷി വിസ്താരം നടത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

ഫെബ്രുവരി 17 ന് ആണ് കസബിനെ തനിക്കു മുന്നില്‍ ഹാജരാക്കിയത്. തനിക്ക് കുറ്റസമ്മതം നടത്തണമെന്ന് കസബ് ആവശ്യപ്പെട്ടു. തീരുമാനം പുഃനപരിശോധിക്കാനായി 24 മണിക്കൂര്‍ കൂടി അനുവദിച്ചു എങ്കിലും 18 ന് കോടതിയില്‍ ഹാജരാക്കിയപ്പോഴും ആവശ്യം ആവര്‍ത്തിച്ചു എന്ന് രമ സര്‍ക്കാര്‍ അഭിഭാഷകന്‍ ഉജ്ജ്വല്‍ നികമിനോട് പറഞ്ഞു.

ആക്രമണം നടത്തിയതില്‍ തനിക്ക് പശ്ചാത്താപമില്ല എന്നും മറ്റുള്ളവര്‍ക്ക് പ്രചോദനമാവാനാണ് കുറ്റസമ്മതം നടത്തുന്നതെന്നുമായിരുന്നു കസബ് പറഞ്ഞത്. കസബിന്റെ ശാരീക പരിശോധന നടത്തിയപ്പോള്‍ മണിബന്ധത്തില്‍ രണ്ട് പരുക്കുകള്‍ ഉണ്ടായിരുന്നു. അവ വെടിവയ്പിനിടെ സംഭവിച്ചതാണെന്ന് കസബ് വ്യക്തമാക്കിയിരുന്നു.

കുറ്റസമ്മതം നടത്തുന്നതിനെ കുറിച്ച് ആലോചിക്കാന്‍ 48 മണിക്കൂര്‍ സമയം കൂടി നല്‍കി. ഫെബ്രുവരി 20 ന് കസബിനെ കോടതിയില്‍ ഹാ‍ജരാക്കിയെങ്കിലും അന്ന് സമയം കഴിഞ്ഞു പോയതിനാല്‍ കുറ്റസമ്മതം നടത്താന്‍ കഴിഞ്ഞില്ല. അവസാനം, 21 ന് കുറ്റസമ്മതം രേഖപ്പെടുത്തി. കുറ്റസമ്മതം നടത്തുന്നതിന്റെ ഭവിഷ്യത്തുകളെ കുറിച്ച് കസബിനോട് പലതവണ പറഞ്ഞിരുന്നതായും രമ കോടതിയെ ധരിപ്പിച്ചു.

കുറ്റസമ്മതം നടത്തുന്നതിനെ കുറിച്ച് തീരുമാനമെടുക്കാന്‍ 48 മണിക്കൂര്‍ പര്യാപ്തമായിരുന്നോ എന്ന ചോദ്യത്തോട് കസബ് അനുകൂലമായാണ് പ്രതികരിച്ചത് എന്നും ആ സമയത്തിനുള്ളില്‍ പൊലീസുകാര്‍ തന്നെ സന്ദര്‍ശിച്ചിരുന്നില്ല എന്നും കസബ് തന്നെ ധരിപ്പിച്ചു എന്ന് മജിസ്ട്രേറ്റ് പറഞ്ഞു. ബലപ്രയോഗം മൂലമുള്ള കുറ്റസമ്മതമല്ല എന്ന് പൂര്‍ണബോധ്യമുള്ളതുകൊണ്ടാണ് കുറ്റസമ്മതം രേഖപ്പെടുത്തിയതെന്നും സാക്ഷി പറഞ്ഞു.

കുറ്റസമ്മതം നടത്തിയ ശേഷം അത് പൊലീസിന്റെ പ്രേരണമൂലമാണെന്ന് കസബ് മാറ്റിപ്പറഞ്ഞിരുന്നു. അതിനാലാണ് മജിസ്ട്രേറ്റിനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി വിചാരണ ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :