ഇത് ട്വിറ്ററിന്റെ കാലഘട്ടമാണ്. ട്വിറ്ററിന്റെ സേവനം തേടുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ വകുപ്പുകള്‍ പോലും ട്വിറ്ററിന്റെ സേവനം ഉപയോഗപ്പെടുത്തുന്നു. ഏറ്റവും അവസാനമായി ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമായ തപാല്‍ വകുപ്പും ട്വിറ്ററില്‍ അക്കൌണ്ട് തുടങ്ങി കഴിഞ്ഞു. പോസ്റ്റ്ഓഫീസ്ഇന്ത്യ എന്ന പേരിലാണ് ട്വിറ്റര്‍ പേജ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരു പൊതുമേഖലാ സ്ഥാപനം ട്വിറ്ററില്‍ അംഗത്വമെടുക്കുന്നത്.
കേവലം രണ്ട് മാസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ തപാല്‍ വകുപ്പിന്റെ ട്വിറ്റര്‍ പേജിനെ രാജ്യത്തിനകത്തും പുറത്തും നിന്നുമായി അഞ്ഞൂറോളം പേര്‍ പിന്തുടരുന്നുണ്ട്. തപാല്‍ വകുപ്പിന്റെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ട്വിറ്റര്‍ പേജും തുടങ്ങിയിരിക്കുന്നത്. തപാല്‍ വകുപ്പിന്റെ സേവന വിവരങ്ങള്‍, പുതിയ പദ്ധതികള്‍ എന്നിവ സംബന്ധിച്ച സന്ദേശങ്ങളാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നത്. തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്കുള്ള ലിങ്കുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
തപാല്‍ സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനത്തിന്റെ എല്ലാ സംശയങ്ങള്‍ക്കും ട്വിറ്റര്‍ വഴി വിശദീകരണം നല്‍കുമെന്ന് തപാല്‍ വകുപ്പ് മേധാവി അറിയിച്ചു. മെയില്‍ ഡെലിവറിംഗ്, പണമിടപാടുകള്‍, പാസ്പോര്‍ട്ട് അയക്കല്‍ എന്നിവ സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്ക് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ നല്‍കുന്ന സേവനം ഏറെ വലുതായിരിക്കുമെന്നും തപാല്‍ വകുപ്പ് വ്യക്തമാക്കി.
തകര്‍ന്നുക്കൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനമായ തപാല്‍ വകുപ്പിനെ എങ്ങിനെ അഭിവൃദ്ധിപ്പെടുത്താമെന്നത് സംബന്ധിച്ച് ട്വിറ്റര്‍ അംഗങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തപാല്‍ വകുപ്പിനെ കുറിച്ചുള്ള പരാതികള്‍ അറിയിക്കാനുള്ള തുറന്ന അവസരമാണ് ട്വിറ്റര്‍ നല്‍കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റല്‍ നെറ്റ്വര്‍ക്കുള്ള ഇന്ത്യന്‍ പോസ്റ്റിന് ട്വിറ്റര്‍ സേവനം ഏറെ ഉപകാരപ്പെടുമെന്നാണ് കരുതുന്നത്.