പ്രാഞ്ചിയേട്ടന്‍ വന്നിട്ടിണ്ട്ട്ടാ...

യാത്രി ജെസെന്‍

WEBDUNIA|
PRO
കാര്യം അരിക്കച്ചവടക്കാരനാണ്. എന്നുവച്ച് അരിക്കച്ചവടം മാത്രമാണോ. ഈ തൃശൂര്‍ പട്ടണത്തില് എന്തൊക്കെ ബിസിനസില്‍ ലാഭം കിട്ടുമോ അതൊക്കെ പ്രാഞ്ചിക്കുണ്ട്. പ്രാഞ്ചിയെന്നു പറഞ്ഞപ്പോ മനസിലായില്ല അല്ലേ? അരിപ്രാഞ്ചി. നമ്മുടെ ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ്. അപ്പന്‍ ഈനാശു ഒരു കുന്നാണ് ഉണ്ടാക്കിയതെങ്കില്‍ പ്രാഞ്ചി അതിനെ ഒരു മലയാക്കി വളര്‍ത്തി. ഇന്ന് കാശിനു കാശ്, പത്രാസിനു പത്രാസ്. പക്ഷേ, സമൂഹത്തില്‍ നാലുപേര്‍ക്കൊപ്പം ഒരു സ്ഥാനമുണ്ടോ.? അതില്ല...അരിപ്രാഞ്ചി അരിപ്രാഞ്ചി തന്നെ.

ഈ സ്ഥിതി ഒന്നു മാറ്റിയെടുക്കണ്ടേ. പത്മശ്രീ ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്നു കേള്‍ക്കാന്‍ തന്നെ ഒരു വെയ്റ്റില്ലേ? അങ്ങനെയൊക്കെ ഒരു നിലയിലെത്താന്‍ എന്തൊക്കെ ചെയ്യണം. അതൊക്കെ ചെയ്തു. ഒന്നരക്കോടി രൂപ പോയിക്കിട്ടി. പരിഹാസ്യനായതു മിച്ചം.

മനസിലായേ പ്രാഞ്ചിയേട്ടന്‍റെ ഒരു അവസ്ഥ. ഇതാണ് ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ എന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ ആദ്യപകുതി. ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ’ എന്ന നല്ല സിനിമയ്ക്ക് ശേഷം രഞ്ജിത് - മമ്മൂട്ടി ടീമിന്‍റേതായി ഇന്ന് റിലീസ് ചെയ്ത സിനിമ. റംസാന്‍ ശിക്കാറിന്‍റേതു മാത്രമല്ല, പ്രാഞ്ചിയേട്ടന്‍റേതുകൂടിയാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ചിത്രം. പ്രേക്ഷകന്‍റെ മനസിലേക്ക് പ്രാഞ്ചി ഒരു കസേര വലിച്ചിട്ടുകഴിഞ്ഞു.

പ്രേക്ഷകന്‍റെ ഹൃദയത്തില്‍ പ്രവേശിക്കാന്‍ എങ്ങനെ കഥ പറയണം എന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് സംവിധായകരും തിരക്കഥാകൃത്തുക്കളും. അവര്‍ക്കൊരു പാഠശാലയാണ് രഞ്ജിത്. ഏറ്റവും ലളിതമായി ഒരു കഥ പറയുന്നു. അതാണ് രീതി. എന്നാല്‍ പറയുന്നത് ദഹിക്കാന്‍ അല്‍പ്പം വിഷമമുള്ള സംഗതിയാണ്. പക്ഷേ, ആഖ്യാനശൈലിയുടെ പ്രത്യേകത കൊണ്ട്, പ്രാഞ്ചിയേട്ടന്‍ നല്ല വെണ്ണപോലെ ദഹിക്കും. പടത്തേക്കുറിച്ചുള്ള ഒരു മുന്‍‌ധാരണയുണ്ടല്ലോ - അസ്വാഭാവികമായ എന്തോ കാര്യമാണ് ഇയാള്‍ ചെയ്തു വച്ചിരിക്കുന്നത് എന്ന ധാരണ - അത് ചിത്രം കണ്ടുകഴിയുമ്പോള്‍ തിരുത്തപ്പെടും. പുതുമയുള്ള, ഒരസ്സല്‍ സിനിമ.

ടൈറ്റിലിലെ പ്രാഞ്ചിയേട്ടനെ നമുക്ക് അറിയാം. സെയിന്‍റ് ആരാണെന്നൊരു ചോദ്യം സിനിമ അനൌണ്‍സ് ചെയ്ത സമയം മുതലേ കേള്‍ക്കുന്നതാണ്. അത് ഇന്നസെന്‍റാണെന്നാണ് ഏവരും പ്രതീക്ഷിച്ചതെന്നു തോന്നുന്നു. ആ സസ്പെന്‍സ് അങ്ങനെ നില്‍ക്കട്ടെ. ഒരു പതിനഞ്ചുവയസുകാരന്‍ പോളിയെക്കുറിച്ചു പറയാം. മാസ്റ്റര്‍ ഗണപതി എന്ന പയ്യനെ അറിയില്ലേ, അവന്‍ തന്നെ. തകര്‍ത്തഭിനയിച്ചിരിക്കുകയാണ് കക്ഷി. ഒരുപക്ഷേ, ചില സീനുകളില്‍ മമ്മൂട്ടിക്കു പോലും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് ഗണപതി. ടി ജി രവി അവതരിപ്പിക്കുന്ന ഉതുപ്പ് എന്ന കഥാപാത്രത്തെക്കുറിച്ചും ഇപ്പോള്‍ പറയുന്നില്ല.

ഒരു മനുഷ്യനെ അയാളുടെ അടിസ്ഥാന സ്വഭാവത്തില്‍ നിന്ന് വ്യതിചലിപ്പിക്കാനാകുമോ? ആകും എന്ന് ഈ പതിനഞ്ചുവയസുകാരന്‍ പോളി തെളിയിക്കുകയാണ്. പ്രാഞ്ചിയേട്ടനെ അവന്‍ അടിമുടി മാറ്റിത്തീര്‍ക്കുന്നു. ഇതൊന്നുമല്ല ജീവിതമെന്ന് പ്രാഞ്ചിയേട്ടന്‍ തിരിച്ചറിയുന്നതു തന്നെയാണ് ചിത്രത്തിന്‍റെ ക്ലൈമാക്സ്. നല്ല ദിശാബോധം നല്‍കുന്ന, ഒരു നല്ല സന്ദേശം നല്‍കുന്ന സിനിമ. ‘നല്ല സിനിമ’ എന്ന ഗണത്തില്‍ പ്രാഞ്ചിയേട്ടനെ ഉള്‍പ്പെടുത്താന്‍ മടിക്കുന്നതെന്തിന്?

നായിക പത്‌മശ്രീയാണ്. പത്മശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിയാമണി. പ്രാഞ്ചിയേട്ടനും പത്മശ്രീയുമായുള്ള രംഗങ്ങളൊക്കെ രസകരമാണ്. കഥയുടെ ഒഴുക്കിന് ഏറ്റവും അനിവാര്യമായൊരു കഥാപത്രം തന്നെയാണ് പത്മശ്രീ(പ്രിയാമണി പക്ഷേ അല്‍പ്പം കൂടി ആ കഥാപാത്രത്തില്‍ ഇന്‍‌വോള്‍വ് ആകമായിരുന്നു എന്ന് തോന്നി). ഖുശ്ബു അവതരിപ്പിക്കുന്ന ഡോ. ഓമന എന്ന കഥാപാത്രം പ്രാഞ്ചിയേട്ടന്‍റെ ഒരു വീക്നെസാണ്. കക്ഷി കുട്ടിക്കാലത്ത് ഓമനയെ പ്രണയിച്ചിട്ടുണ്ട്. എന്നാല്‍ ജോസ് എന്നു പറയുന്ന മറ്റൊരു കൂട്ടുകാരന്‍ ഓമനയുടെ മനസ് അല്‍പ്പം വളഞ്ഞ വഴിയിലൂടെ സ്വന്തമാക്കി.
PRO


ഓമന ഡോക്ടര്‍ ഓമനയും ജോസ് ഡോക്ടര്‍ ജോസു(സിദ്ദിഖ്)മാണ് ഇന്ന്. ഇവരെ ഇരുവരെയും ഒന്നിച്ചുകാണുമ്പോള്‍ വല്ലാത്തൊരു നെഞ്ചെരിച്ചിലാണ് ഇപ്പോഴും പ്രാഞ്ചിയേട്ടന്. ദേവാസുരത്തിനു ശേഷം ഇന്നസെന്‍റിന് ഒരു മുഴുനീള കഥാപാത്രത്തെ രഞ്ജിത് നല്‍കിയിരിക്കുകയാണ് ഈ ചിത്രത്തില്‍. വാസുമേനോന്‍(ഇന്നസെന്‍റ്) പ്രാഞ്ചിയേട്ടന്‍റെ സുഹൃത്താണ്. സുഹൃത്തെന്നു പറഞ്ഞാല്‍ ‘വഴിതെറ്റിക്കുന്ന ആത്മാര്‍ത്ഥ സുഹൃത്ത്.’ പല കുരുക്കുകളിലും(പ്രാഞ്ചിയേട്ടന്‍റെ പത്മശ്രീ മോഹം ഉള്‍പ്പടെ) പ്രാഞ്ചിയേട്ടനെ കൊണ്ടുച്ചാടിക്കുന്നത് ഇയാളാണ്. അല്ലെങ്കില്‍ അതുതന്നെയാണ് അയാളുടെ ധര്‍മ്മം.

പിന്നെ ടിനി ടോം(സുപ്രന്‍), ഇടവേള ബാബു(യൂസഫ്), ബിജുമേനോന്‍, ജഗതി(ദീനദയാല്‍) ഇവരൊക്കെയുണ്ട്. അതൊന്നും പ്രേക്ഷകര്‍ കാര്യമാക്കേണ്ടതില്ലെന്നേ :) ഈ ലോകം, ഇവിടെ എത്രയെത്രപേര്‍. ആ പ്രാധാന്യമേയുള്ളൂ. വേണുവിന്‍റെ ക്യാമറാവര്‍ക്കില്‍ വലിയ പുതുമ കാണാനൊന്നുമില്ല. ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്നില്‍ അദ്ദേഹം പരീക്ഷിച്ചതിന്‍റെ ഒരു തുടര്‍ച്ച എന്നേയുള്ളൂ, ലൈറ്റിംഗിലൊക്കെ. പിന്നെ ഒരു പാട്ടുകൊള്ളാം. പ്രിയാമണിയുടെ സ്ക്രീന്‍ പ്രസന്‍സില്‍. ഷിബു ചക്രവര്‍ത്തിയാണ് അതെഴുതിയതെന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. ഷിബുവിന്‍റെ തിരിച്ചുവരവ് - ഒരു നല്ല പാട്ടാണ് അത്.

എന്തായാലും പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് ഒരു മാറ്റമാണ്. ഇവിടെ ഇതൊക്കെയേ സിനിമയാക്കാന്‍ പറ്റൂ എന്ന് വാശിപിടിക്കുന്ന സംവിധായകര്‍ക്ക് രഞ്ജിത്തിന്‍റെ വക ഒരു ചൂണ്ടുപലക. ഇതാ, ഈ വഴിയും പോകാം. ഇങ്ങനെയും ചിന്തിക്കാം. അങ്ങനെ കാട്ടിക്കൊടുക്കാന്‍ ആരെങ്കിലും വേണമല്ലോ. നിര്‍ഭാഗ്യവശാല്‍, സമകാലീന മലയാള സിനിമയില്‍ ഒരു രഞ്ജിത് മാത്രമേയുള്ളൂ ആ കര്‍മ്മത്തിന്. അത് അദ്ദേഹം ഭംഗിയായി ചെയ്യുന്നുമുണ്ട്. കണ്ടുനോക്കൂ, പ്രാഞ്ചിയേട്ടന്‍ നിങ്ങളുടെ കൂടെപ്പോരും, തീര്‍ച്ച.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :