മണിരത്നത്തിന്റെ ‘രാവണ’യ്ക്ക് 4 ക്ലൈമാക്സുകള്‍

ചെന്നൈ| WEBDUNIA|
PRO
മണിരത്നം സംവിധാനം ചെയ്യുന്ന എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ രണ്ടുവര്‍ഷമായി നടന്നുവരികയാണ്. ഇപ്പോഴിതാ ഷൂട്ടിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ തയ്യാറായിരിക്കുന്ന ഈ സിനിമയില്‍ അഭിഷേക് ബച്ചന്‍, വിക്രം, ഐശ്വര്യാ റായ്, പൃഥ്വിരാജ്, പ്രഭു, ഗോവിന്ദ, ശോഭന, പ്രിയാമണി എന്നിവര്‍ അണിനിരക്കുന്നുണ്ട്. രാവണയ്ക്ക് നാല് വ്യത്യസ്ത ക്ലൈമാക്സുകളാണ് മണിരത്നം ഒരുക്കിയിരിക്കുന്നത് എന്നാണ് പുതിയ വാര്‍ത്ത.

രാമായണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് മണിരത്നത്തിന്റെ രാവണയുടെ തിരക്കഥ. ‘ദളപതി’ എന്ന സിനിമയില്‍ മഹാഭാരതത്തിന്റെ കര്‍ണന്റെ പുതിയ കാലത്തിന് അനുസരിച്ച രീതിയില്‍ എടുത്തതുപോലൊരു പരീക്ഷണമായിരിക്കും രാവണ എന്ന് കരുതപ്പെടുന്നു.

രാമായണം ശ്രീരാമ ഭഗവാന്റെ കഥയാണെങ്കിലും പല രാമായണങ്ങളും നിലവിലുണ്ട്. വാല്‍‌മീകി രാമായണവും തുളസീദാസ രാമായണവും തുഞ്ചത്ത് എഴുത്തച്ഛന്റെ രാമായണവും കമ്പരാമായണവും ഉദാഹരണങ്ങള്‍ മാത്രം. രാവണനെ നായകനാക്കിയുള്ള ഐതിഹ്യകഥകളും നിലവിലുണ്ട്. രാവണന്‍ കട്ടുകൊണ്ടുപോയ സീതയെ ശ്രീരാമനും സൈന്യവും ലങ്ക ആക്രമിച്ച് തിരിച്ചുകൊണ്ട് പോകുന്നതാണല്ലോ രാമായണ കഥ. എന്നാല്‍ ചില രാമായണ കഥകളില്‍ സീത ഒരുപാട് കാലം കഴിഞ്ഞാണ് ശ്രീരാമ സന്നിധിയില്‍ എത്തുന്നത്. ചില കഥകളിലാവട്ടെ രാവണന്‍ ദയാലുവും നീതിമാനുമാണ്.

രാമായണ കഥയുടെ വിവിധ രൂപങ്ങള്‍ ശ്രദ്ധാപൂര്‍‌വം പഠിച്ചതിന് ശേഷമാണ് മണിരത്നം രാവണ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഇത് ശ്രീരാമ കഥയല്ല, പകരം രാവണ കഥയാണ്. എന്നാല്‍ എല്ലാ വിഭാഗക്കാരെയും തൃപ്തിപ്പെടുത്തുന്ന തരത്തില്‍ നാല് കഥാന്ത്യങ്ങളാണ് രാവണയ്ക്കായി മണിരത്നം ഒരുക്കിയിരിക്കുന്നത്. ഇതില്‍ ഒരു ക്ലൈമാക്സില്‍ രാവണന്റെ അരികിലേക്ക് തന്നെ തിരിച്ചുപോകുന്ന സീതയെയും പ്രേക്ഷകര്‍ക്ക് കാണാം!

രാമായണ കഥയുടെ മോഡേണ്‍ രൂപമാണ് താന്‍ എടുക്കുന്നത് എന്നതിനാല്‍ ഹിന്ദു യാഥാസ്ഥിതിക ഗ്രൂപ്പുകളുടെ കോപം ഏറ്റുവാങ്ങേണ്ടി വരില്ല എന്നാണ് മണിരത്നം കരുതുന്നത്. എന്നാല്‍ ബജ്‌റംഗ് ദള്‍ കലാപക്കൊടി ഉയര്‍ത്തിക്കഴിഞ്ഞു. രാമായണ കഥയ്ക്ക് പുതിയൊരു ഭാഷ്യം വേണ്ടതില്ല എന്നാണ് ബജ്‌റംഗ് ദളിന്റെ വാദം. ഇപ്പോള്‍ നാല് ക്ലൈമാക്സുകള്‍ സിനിമയ്ക്ക് പ്രഖ്യാപിച്ചതോടെ നാല് പുതിയ ഭാഷ്യങ്ങളാണ് മണിരത്നം ഉന്നം വയ്ക്കുന്നതെന്ന് ഉറപ്പായിക്കഴിഞ്ഞു.

സിനിമ പ്രദര്‍ശനത്തിന് എത്തുന്നതോടെ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ശക്തമാകാന്‍ ഇടയുണ്ട്. എന്തായാലും വന്‍ താരനിരയെ ഒരുക്കിക്കൊണ്ട് ഹിറ്റ് മേക്കര്‍ മണിരത്നം സംവിധാനം ചെയ്യുന്ന ‘രാവണന്‍’ പ്രദര്‍ശനത്തിന് തയ്യാറാകുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. മലയാളികളുടെ പ്രിയപ്പെട്ട താരം പൃഥ്വിരാജിന് രാവണ കഥയില്‍ ആരുടെ വേഷമാണ് ലഭിച്ചിരിക്കുന്നത് എന്ന കാര്യം ഇപ്പോഴും രഹസ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :