മലയാളത്തെ പുറന്തള്ളി ദേശീയ അവാര്‍ഡ്

ലെനിന്‍ സഖറിയ

WEBDUNIA|
PRO
PRO
2008ലെ ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് നിരാശമാത്രം. പ്രധാനപ്പെട്ട വിഭാഗങ്ങളില്‍ മലയാളത്തിന് അവഗണന മിച്ചമായി. മികച്ച സിനിമകള്‍ ഇല്ലാതിരുന്നതുകൊണ്ടല്ല. മലയാളത്തിലെ മികച്ച സിനിമകളോ മികച്ച അഭിനയപ്രകടനമോ ജൂറിയുടെ കണ്ണില്‍ പെട്ടില്ല എന്നതാണ് സത്യം. ഷാജി എന്‍ കരുണ്‍ ജൂറി ചെയര്‍മാനായിരിക്കുമ്പോഴാണ് ഈ ദുര്‍ഗതി എന്നുള്ളതാണ് ദുഃഖകരം.

അവാര്‍ഡിന് പരിഗണിക്കാവുന്ന നല്ല സിനിമകള്‍ മലയാളത്തില്‍ നിന്നുണ്ടായ വര്‍ഷം തന്നെയാണ് 2008. കെ പി കുമാരന്‍ സംവിധാനം ചെയ്ത ആകാശഗോപുരം, ബ്ലെസിയുടെ കല്‍ക്കട്ട ന്യൂസ്, രഞ്ജിത്തിന്‍റെ തിരക്കഥ, മധുപാലിന്‍റെ തലപ്പാവ് തുടങ്ങിയ സിനിമകള്‍ക്ക് ഈ അവാര്‍ഡില്‍ പരിഗണന ലഭിച്ചില്ല.

ആകാശഗോപുരത്തിലെ മോഹന്‍ലാലിന്‍റെ അഭിനയമോ, തലപ്പാവിലെ ലാലിന്‍റെ പ്രകടനമോ വേണ്ട വിധത്തില്‍ വിലയിരുത്തപ്പെട്ടില്ല എന്നു പറയാം. ഒരുപാട്‌ അര്‍ത്ഥതലങ്ങളുള്ള കഥാപാത്രമായിരുന്നു മോഹന്‍ലാല്‍ ആകാശഗോപുരത്തില്‍ അവതരിപ്പിച്ച ആല്‍ബര്‍ട്ട് സാംസണ്‍. തലപ്പാവില്‍ ലാല്‍ അവതരിപ്പിച്ച സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന പൊലീസുകാരന്‍റെ വേഷവും മികച്ചതായിരുന്നു. എന്നാല്‍ ജൂറിയുടെ കാഴ്ചപ്പാടില്‍ അവ മികച്ച പ്രകടനമായിരുന്നില്ല.

ഫാഷന്‍ എന്ന സിനിമയില്‍ പ്രിയങ്ക ചോപ്രയുടെ അഭിനയം അഭിനന്ദനാര്‍ഹമാണെങ്കിലും തിരക്കഥ എന്ന ചിത്രത്തിലെ പ്രിയാമണിയുടെ പ്രകടനവുമായി താരതമ്യപ്പെടുത്തിയാല്‍ അവാര്‍ഡ് പ്രിയാമണിക്കു തന്നെയാണ് ലഭിക്കേണ്ടത്. ചിത്രത്തിന്‍റെ ആദ്യപകുതിയില്‍ മാളവിക എന്ന ചലച്ചിത്ര നടിയുടെ ആത്മസംഘര്‍ഷങ്ങളും സെക്കന്‍റ്‌ ഹാഫില്‍ കാന്‍സര്‍ ബാധിതയായുള്ള ദയനീയാവസ്ഥയും പ്രിയാമണി അനശ്വരമാക്കി.

കല്‍ക്കട്ട ന്യൂസിലെ കൃഷ്ണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മീരാ ജാസ്മിനും ഇത്തവണ അവാര്‍ഡിന് അര്‍ഹമായിരുന്നു. അതും പ്രിയങ്കാ ചോപ്രയുടെ പ്രകടനത്തേക്കാള്‍ ഒരുപടി മേലെയെന്നു തന്നെ വിലയിരുത്തപ്പെടേണ്ടതാണ്. തിരക്കഥയ്ക്ക് മികച്ച മലയാളചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചെങ്കിലും അതൊന്നും മലയാള സിനിമയ്ക്ക് ആശ്വാസം പകരുന്നതല്ല.

മികച്ച നവാഗത സംവിധായകനായി മധുപാലിനെ പരിഗണിക്കാമായിരുന്നു. നീരജ് പാണ്ഡേയുടെ ‘എ വെനസ്ഡേ’യേക്കാള്‍ ഒട്ടും മോശമല്ല തലപ്പാവ്. മാത്രമല്ല നക്സല്‍ പ്രസ്ഥാനങ്ങളുടെ ചരിത്രവും ഒരു യഥാര്‍ത്ഥ സംഭവത്തിന്‍റെ അതിമനോഹരമായ ആവിഷ്കാരവുമായിരുന്നു തലപ്പാവ്. ലാലിന്‍റെ ഗംഭീരപ്രകടനം തന്നെയായിരുന്നു ആ ചിത്രത്തിന്‍റെ ഹൈലൈറ്റ്.

കഴിഞ്ഞ വര്‍ഷം മികച്ച അവാര്‍ഡുകളെല്ലാം മലയാളം സ്വന്തമാക്കിയപ്പോള്‍ ഇത്തവണ ആശ്വാസത്തിനുള്ള വകപോലും ലഭിച്ചില്ല എന്നത് നിരാശാജനകമാണ്. നല്ല സിനിമയ്ക്കായുള്ള ശ്രമങ്ങള്‍ക്കു പോലും തിരിച്ചടിയായേക്കാവുന്നതാണ് ഇത്തരം അവാര്‍ഡു തീരുമാനങ്ങള്‍ എന്ന് പറയാതെ വയ്യ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :