മലയാളികള്‍ ഒരു പക്ഷെ എന്‍.എഫ് വര്‍ഗീസിനെ മറന്ന് പോയെന്നിരിക്കും. പക്ഷേ, ഈ കഥാപാത്രങ്ങള്‍ എന്നും ഉജ്ജ്വലമായ തിളക്കത്തോടെ പ്രേക്ഷകരുടെ മനസില്‍ ജീവിക്കും.
ചുരുങ്ങിയകാലം കൊണ്ട് നൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ട് അകാലത്തില്‍ അന്തരിച്ച അഭിനയ പ്രതിഭയാണ് എന്‍.എഫ് വര്‍ഗീസ്.
എന്‍.എഫിന്‍റെ ചരമവാര്‍ഷികമാണ് ജൂണ്‍ 19.
കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിയിലിരിക്കെ മിമിക്രി വേദിയിലൂടെയാണ് എന്‍.എഫ് സിനിമയിലെത്തുന്നത്. സിനിമയിലെത്തുന്നതിന് മുന്‍പ് മിഖാലേയലിന്‍റെ സന്തതികള്‍, ഡോ. ഹരിശ്ഛന്ദ്ര തുടങ്ങിയ ടി.വി. പരമ്പരകളില്‍ എന്‍.എഫ് അഭിനയിച്ചു.
മിമിക്രി ട്രുപ്പുകളില്‍ ഒന്നിച്ചുണ്ടായിരുന്ന സിദ്ദിഖ്-ലാല്‍മാര്‍ സിനിമയിലെത്തി സൂപ്പര്‍ സംവിധായകരായിട്ടും എന്‍.എഫിനെ അവഗണിച്ചു. ആ വേദന മനസില്‍ തിങ്ങി നില്‍ക്കുമ്പോഴാണ് സിബി മലയിലിന്‍റെ ഒരു ചിത്രത്തിലഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. ആകാശദൂത്!
മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളിലൊന്നായ ആകാശദൂതില്‍ കൂടിയാണ് വര്‍ഗീസ് സിനിമയിലെത്തുന്നത്. നേരത്തെ സത്യന്‍ അന്തിക്കാടിന്‍റെ പപ്പന്‍ പ്രിയപ്പെട്ട പപ്പനിലും മറ്റും മുഖം കാണിച്ചിട്ടുണ്ടെങ്കിലും എന്‍.എഫിലെ മികച്ച നടനെ പുറത്ത് കൊണ്ടുവന്നത് ആകാശദൂതിലെ കേശവന്‍ എന്ന കഥാപാത്രമാണ്.
ആകാശദൂത് കണ്ടിറങ്ങിയ സ്ത്രീ പ്രേക്ഷകര്‍ കേശവനെ വെറുത്തെങ്കില്‍ അത് എന്‍.എഫ്. വര്‍ഗീസിന്‍റെ വിജയങ്ങളുടെ തുടക്കമായിരുന്നു.
പിന്നീട് സല്ലാപം, സമുദായം, ഈ പുഴയും കടന്ന്, സ്ഫടികം, നരസിംഹം, രാവണപ്രഭൂ, നന്ദനം, ലേലം, ആകാശഗംഗ, ക്രൈം ഫയല്‍, വല്യേട്ടന്‍ തുടങ്ങി നൂറിലധികം ചിത്രങ്ങള്‍. ജോസ് തോമസ് സംവിധാനം ചെയ്ത സുന്ദരപുരുഷനായിരുന്നു വര്‍ഗീസിന്‍റെ നൂറാമത്തെ ചിത്രം.
എന്‍.എഫിന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമെന്ന് വിലയിരുത്തുന്നത് ജോഷി സംവിധാനം ചെയ്ത പത്രം എന്ന സിനിമയിലെ വിശ്വനാഥനെയാണ്. രണ്‍ജി പണിക്കര്‍ ഉള്‍ക്കരുത്തിന്‍റെ എരിവും തീയും നല്‍കി സൃഷ്ടിച്ചെടുത്ത ആ കഥാപാത്രമായി വര്‍ഗീസ് വെള്ളിത്തിരയില്‍ ജീവിച്ചു. മലയാളികള്‍ക്ക് നടുക്കമുളവാക്കുന്ന ഒരു ഓര്‍മ്മയാണ് പത്രത്തിലെ വിശ്വനാഥന്‍.
ഫാന്‍റം, ഒന്നാമന്‍, നന്ദനം എന്നീ ചിത്രങ്ങളിലാണ് അവസാനകാലത്ത് എന്‍.എഫ് അഭിനയിച്ചത്. മുഴങ്ങുന്ന ശബ്ദത്തോടെ നിറയുന്ന അഭിനയചാതുരിയില്ലാത്ത വര്‍ഷങ്ങളാണ് കടന്നു പോയത്. റോസിയാണ് എന്‍.എഫിന്‍റെ ഭാര്യ. മക്കള്‍ - സോഫി, സോണി, സുമിത, സൈര.