ചിക്കുന്‍ഗുനിയ:കേന്ദ്രസംഘം ഇന്നെത്തും

തിരുവനന്തപുരം| WEBDUNIA|
ചിക്കുന്‍ഗുനിയയെക്കുറിച്ച് പഠിക്കാനായുള്ള കേന്ദ്ര സംഘം തിങ്കളാഴ്ച സംസ്ഥാനത്തെത്തും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്‍റ് ഡയറക്ടര്‍ ബി.എന്‍. പ്രസാദിന്‍റെ നേത്യത്വത്തിലുള്ള ആറംഗ സംഘമാണ് തിരുവനന്തപുരത്തെത്തുന്നത്.

പത്തനംതിട്ടയടക്കം രോഗബാധ കണ്ടെത്തിയ എല്ലാ ജില്ലകളിലും സംഘം സന്ദര്‍ശനം നടത്തുമെന്ന് ആരോഗ്യ മന്ത്രി പി.കെ ശ്രീമതി അറിയിച്ചു. രോഗബാധ കണ്ടെത്തിയപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് സംഘം എത്തുന്നത്.

ആരോഗ്യമന്ത്രി പി.കെ.ശ്രീമതി കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്ര സംഘത്തെ അയയ്ക്കാന്‍ തീരുമാനമായത്. പകര്‍ച്ചപ്പനി വ്യാപകമായ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി പി. കെ. ശ്രീമതി കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം അഭ്യര്‍ത്ഥിച്ചു. അടി യന്തര സാഹചര്യം കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ സേവനം അനുഷ്ഠിക്കാന്‍ സന്നദ്ധരാവണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

എം. ബി. ബി. എസ്. ബിരുദമുള്ളവര്‍ക്ക് പ്രതിദിനം 500 രൂപയും ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പ്രതിദിനം 700 രൂപയും നല്‍കും. ഏത് വിഷയത്തില്‍ പി. ജി. യുള്ളവരെയും പരിഗണിക്കും. ഡോക്ടര്‍മാര്‍ അതത് ജില്ലകളിലെ ഡി. എം.ഒ. മാരുമായോ പത്തനംതിട്ടയിലെ കണ്‍ട്രോള്‍ റൂമുമായോ ബന്ധപ്പെടണം.

കണ്‍ട്രോള്‍ റൂം നമ്പര്‍ 0468 - 2271725. ആലപ്പുഴയിലും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :