‘ലാലിസം’ തുളുമ്പുന്ന ‘രഞ്ജിത്തിയന്‍’ ലഹരി - സ്പിരിറ്റ്!

WEBDUNIA|
PRO
‘സ്പിരിറ്റ്’ റെഡിയായി. ജൂണ്‍ പതിനാലിന് കേരളത്തിലെ തിയേറ്ററുകളില്‍ ലഹരി നിറച്ചുകൊണ്ട് പതഞ്ഞൊഴുകാനൊരുങ്ങുന്നു. രഞ്ജിത് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍ അസാധാരണമായ പ്രകടനമാണ് നടത്തുന്നതെന്ന് സംവിധായകരായ പ്രിയദര്‍ശനും അഞ്ജലി മേനോനും സാംസ്കാരികനായകന്‍ എം പി വീരേന്ദ്രകുമാറും സാക്‍ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ ചിത്രത്തിന്‍റെ പ്രിവ്യൂ നടന്നു.

മദ്യപാനം പാപമാണെന്ന് ആവര്‍ത്തിക്കുന്ന, തെറ്റാണെന്ന് വിളിച്ചുപറയുന്ന ഒരു ‘ഉപദേശ സിനിമ’യല്ല സ്പിരിറ്റ്. മദ്യം ഒരു കുടുംബത്തെ, ഒരു വ്യക്തിയെ എങ്ങനെ കീഴ്പ്പെടുത്തുന്നു, തോല്‍പ്പിക്കുന്നു എന്ന് കാണിക്കുകയാണ് ഈ ചിത്രം. തിയേറ്ററില്‍ ഉപേക്ഷിച്ചുപോകുന്ന ഒരു സിനിമയല്ല, ഓരോരുത്തരും മനസിലേറ്റുകയും തുടര്‍ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്ന ഒരു ചിത്രമായിരിക്കണം സ്പിരിറ്റെന്നാണ് തന്‍റെ ആഗ്രഹമെന്ന് രഞ്ജിത് പറയുന്നു.
“കേരളത്തിലെ കുടുംബങ്ങള്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മദ്യപാനം. അതില്‍ ലക്കുകെട്ടുപോകുന്നത് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്. മലയാളിയുടെ മദ്യപാനത്തിന് തട്ടുകളില്ല. സമൂഹത്തിലെ എല്ലാ ശ്രേണികളിലും അത് പടര്‍ന്നുകഴിഞ്ഞു” - മാതൃഭൂമിക്കനുവദിച്ച അഭിമുഖത്തില്‍ രഞ്ജിത്തിന്‍റെ വാക്കുകള്‍.

ദേവാസുരവും ആറാം തമ്പുരാനും നരസിംഹവും രാവണപ്രഭുവുമെല്ലാം സൃഷ്ടിച്ച ഒരു കൂട്ടുകെട്ടില്‍ നിന്ന് വരുന്ന ‘സ്പിരിറ്റ്’ അവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. ‘ലാലിസം’ തുളുമ്പുന്ന ‘രഞ്ജിത്തിയന്‍’ ലഹരിയാണ് ഈ സിനിമയെന്ന് പ്രിവ്യൂ കണ്ടവര്‍ അഭിപ്രായപ്പെടുന്നു.
കൈയൊപ്പില്‍ നിന്ന്, തിരക്കഥയില്‍ നിന്ന്, പാലേരിമാണിക്യത്തില്‍ നിന്ന്, പ്രാഞ്ചിയേട്ടനില്‍ നിന്ന്, ഇന്ത്യന്‍ റുപ്പിയില്‍ നിന്ന് വളര്‍ന്നുവളര്‍ന്ന് ആകാശത്തോളം വളര്‍ന്ന ഒരു രഞ്ജിത്തിനെ സ്പിരിറ്റില്‍ കണ്ടെത്താനാകുമെന്ന് ഉയര്‍ന്നുകേള്‍ക്കുന്ന അഭിനന്ദനം. ആ മാജിക് അനുഭവിക്കാന്‍, രഘുനന്ദന്‍റെയും മീരയുടെയും അലക്സി തദേവൂസിന്‍റെയും പ്ലംബര്‍ മണിയന്‍റെയും മേസ്തിരിയുടെയും ജീവിതം കണ്ടറിയാന്‍ തയ്യാറാവുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :