‘അമ്മ’യില്‍ അംഗത്വത്തിന് ലൈംഗിക ചൂഷണം: അഴീക്കോട്

WEBDUNIA|
PRO
താരസംഘടനയായ ‘അമ്മ’യില്‍ അംഗത്വം നല്‍കുന്നതിനായി ലൈംഗിക ചൂഷണം വരെ നടക്കുന്നുണ്ടെന്നാണ് കേള്‍വിയെന്ന് സുകുമാര്‍ അഴീക്കോട്. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് അഴീക്കോട് മലയാള സിനിമയിലെ താരാധിപത്യത്തിനും സംഘടനകള്‍ക്കുമെതിരെ പുതിയ വെടി പൊട്ടിച്ചത്.

മലയാള സിനിമയ്ക്ക് പിന്നില്‍ നടക്കുന്ന അഴിമതിയും ചിലരുടെ അധോലോക ബന്ധവും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഴീക്കോട് ആവശ്യപ്പെട്ടു. ഇതിനായി സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിക്കണം. സ്വതന്ത്രമായ തെളിവെടുപ്പ് ആ കമ്മീഷന്‍ നടത്തണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിനെതിരെയും സുകുമാര്‍ അഴീക്കോട് രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം നടത്തി. കാലടി സര്‍വകലാശാല മോഹന്‍ലാലിന് ഡോക്ടറേറ്റ് നല്‍കരുത്. മമ്മൂട്ടിക്ക് രണ്ട് ഡി - ലിറ്റുകള്‍ ലഭിച്ചു. അതുകണ്ട് മോഹന്‍ലാല്‍ പിടികൂടിയത് കാലടി സര്‍വകലാശാലയെയാണ്. മലയാളത്തിലെ ഏറ്റവും മഹാനായ നടനായ കലാമണ്ഡലം ഗോപി ജീവിച്ചിരിക്കെ ലാലിന് ഡോക്ടറേറ്റ് നല്‍കാനുള്ള കാലടി സര്‍വകലാശാലയുടെ തീരുമാനം പുനഃപരിശോധിക്കണം. ഗവര്‍ണര്‍ ഇടപെട്ട് അത് തടയണം - അഴീക്കോട് ആവശ്യപ്പെട്ടു.

ലഫ്റ്റനന്‍റ് കേണല്‍ പദവി മോഹന്‍ലാല്‍ ദുരുപയോഗം ചെയ്യുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് 15ന് ലഫ്റ്റനന്‍റ്‌ കേണലിന്‍റെ യൂണിഫോം ധരിച്ചാണ് മോഹന്‍ലാല്‍ മലബാര്‍ ഗോള്‍ഡിന്‍റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ പ്രതിരോധമന്ത്രി എ കെ ആന്‍റണി തയ്യാറാകണം. സൈന്യത്തില്‍ ചേരുന്ന ചെറുപ്പക്കാര്‍ ഏറെക്കാലത്തെ പരിശ്രമം കൊണ്ടാണ്‌ ലഫ്റ്റനന്‍റ് കേണല്‍ പദവിയില്‍ എത്തുന്നത്. എന്നാല്‍ രാജ്യം നല്‍കിയ പദവിക്ക്‌ യോജിച്ച വിധത്തിലാണോ ജീവിക്കുന്നതെന്ന്‌ മോഹന്‍ലാല്‍ വിലയിരുത്തേണ്ടതാണ് - സുകുമാര്‍ അഴീക്കോട്‌ പറഞ്ഞു.

ഖാദിയുടെ ഗുഡ്‌വില്‍ അംബാസഡര്‍ പദവിയില്‍ മോഹന്‍ലാലിനെ നിയമിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും അഴീക്കോട് ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :