മാധ്യമവിവാദത്തിന് ഇനി ‘അമ്മ’യില്ല: മമ്മൂട്ടി

ആലപ്പുഴ| WEBDUNIA|
PRO
‘അമ്മ’യെ സംബന്ധിച്ചിടത്തോളം എല്ലാ പൊതുചര്‍ച്ചകളും അവസാനിക്കുകയാണെന്ന് നടന്‍ മമ്മൂട്ടി. മാധ്യമവിവാദങ്ങള്‍ക്കും പരസ്യവിവാദങ്ങള്‍ക്കും ഇനി അമ്മയില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്ക്കാരിക രംഗത്തുള്ളവര്‍ ഇങ്ങനെ വിവാദമുണ്ടാക്കരുതെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞതിന്‍റെ കൂടെയാണ് തങ്ങളെന്നും മമ്മൂട്ടി പറഞ്ഞു.

നടന്‍ തിലകനോട് വിരോധമില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി. തിലകനുമായി അഭിനയിക്കാന്‍ തയ്യാറാണെന്നും തന്‍റെ ഏറ്റവും പുതിയ സിനിമകളില്‍ തിലകന്‍ അഭിനയിച്ചിട്ടുണ്ടെന്നും മമ്മൂട്ടി വ്യക്തമാക്കി. തിലകന്‍ വിവാദത്തില്‍ ആദ്യമായിട്ടായിരുന്നു മമ്മൂട്ടി പ്രതികരിച്ചത്. തുടര്‍ന്നാണ് ഇനി പരസ്യവിവാദത്തിന് ‘അമ്മ’യില്ലെന്ന് അദ്ദേഹം പറഞ്ഞത്.

തത്വമസി എഴുതിയ മഹാനായ എഴുത്തുകാരനാണ് സുകുമാര്‍ അഴീക്കോട്. നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന തന്‍റെ പുസ്തകം പ്രകാശനം ചെയ്തത് അദ്ദേഹമാണ്. അന്ന് മലയാള സിനിമയിലെ സൂര്യതേജസ്സാണ് മമ്മൂട്ടി എന്നാണ് അഴീക്കോട് പറഞ്ഞത്. അതുകൊണ്ട് ഇപ്പോള്‍ അഴീക്കോട് നടത്തിയിരിക്കുന്ന പരാമര്‍ശങ്ങള്‍ സ്ഥായിയായി നില്ക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

മേയ്ക്കപ്പ് ഉപയോഗിക്കുന്നത് അഭിനയിക്കുന്നതിനു വേണ്ടിയാണ്. അതിനര്‍ത്ഥം ജീവിതത്തിലും തങ്ങള്‍ ഇങ്ങനെയാണെന്നല്ല. എം ടി വാസുദേവന്‍ നായര്‍, തകഴി എന്നിവരെ പോലുള്ള മഹാനായ ആള്‍ക്കാര്‍ എഴുതി തരുന്ന വാക്കുകളാണ് ഞങ്ങള്‍ പറയുന്നത്. മേയ്ക്കപ്പും, കൂളിങ് ഗ്ലാസും സിനിമയിലാണ് ഉള്ളത്. ജീവിതത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാല്‍ അദ്ദേഹത്തിന്‍റെ സഹോദരന്‍റെ സ്വത്ത് തട്ടിയെടുത്തെന്ന് അഴീക്കോട് പറഞ്ഞത് വിഷമമായി. എനിക്ക് വിഷമമായെങ്കില്‍ ലാലിന്‍റെ കാര്യം പറയേണ്ടതില്ലല്ലോ. ലാലിനെ വര്‍ഷങ്ങളായി എനിക്കറിയാം. അദ്ദേഹം അങ്ങനെ ചെയ്യില്ല. ഇക്കാര്യം തെറ്റാണെന്ന് തെളിയുകയാണെങ്കില്‍ മാപ്പു പറയാമെന്ന് അഴീക്കോട് പറഞ്ഞിരുന്നു. അതു പറഞ്ഞതില്‍ പുറത്തു പറയുന്നില്ലെങ്കിലും മനസ്സില്‍ അദ്ദേഹത്തിന് വിഷമമുണ്ട്.

തിലകനുമായുള്ള പ്രശ്നം നീട്ടിക്കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നില്ല. ആരൊക്കെയോ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഒന്നാം തീയതി ചര്‍ച്ചയ്ക്ക് എത്താന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എന്നാണ് സൌകര്യം എന്നു പറഞ്ഞാല്‍ അന്നു ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്. തിലകന്‍ അമ്മയിലെ ഒരംഗമായി അമ്മയോടൊപ്പം നില്ക്കണം. അദ്ദേഹം ഞങ്ങളുടെ കൂടെ വേണം. പുറത്തു മാറി നില്ക്കരുതെന്നും മമ്മൂട്ടി പറഞ്ഞു. പോക്കിരിരാജായുടെ സെറ്റില്‍ നിന്ന് നടന്‍ പൃഥ്വിരാജിനോടൊപ്പമായിരുന്നു മമ്മൂട്ടി വാര്‍ത്താസമ്മേളനത്തിനെത്തിയത്. കാര്യങ്ങള്‍ വ്യക്തമാക്കിയ മമ്മൂട്ടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന്‍ തയ്യാറാ‍യില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :