ആകാശത്തിലെ സുന്ദരിപ്പറവകള്‍

WEBDUNIA| Last Modified ശനി, 25 ജൂലൈ 2009 (19:44 IST)
പറന്ന് നടന്ന് പണം വാരാന്‍ പറ്റുമെങ്കില്‍? ഓ...പിന്നേ, കൈ നനയാതെ മീന്‍ പിടിക്കാന്‍ പറ്റില്ലെന്നാണോ മറുപടി. കൈ ഒന്ന് നനഞ്ഞോട്ടെ, ആകാശനീലിമയില്‍ കൂളായി പറക്കാന്‍ മനസ്സുണ്ടെങ്കില്‍ എഞ്ചിനിയറിംഗിന്‍റെയും, മെഡിസിന്‍റെയും പിറകെ പോകാതെ മാനത്തേക്കൊരു ചുവട് വെച്ചു കൂടേ?

സ്‌മാര്‍ടായ പെരുമാറ്റം, കരുത്താര്‍ന്ന മനസ്, നാവിന്‍ തുമ്പത്ത് വഴിഞ്ഞൊഴുകുന്ന ഭാഷാപ്രാവീണ്യം! എങ്കില്‍ നിങ്ങള്‍ക്കായിട്ടാണ് ഇനി ആകാശവിതാനങ്ങളിലെ അനശ്വര യാത്രകള്‍ കാത്തിരിക്കുന്നത്. പുതിയ സ്ഥലങ്ങള്‍ കാണാനും, വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ആള്‍ക്കാരെ പരിചയപ്പെടാനുമുള്ള സാധ്യതകളാണ് ‘എയര്‍ ഹോസ്‌റ്റസ്’മാര്‍ക്ക് ലഭിക്കുന്നത്. കൂടാതെ, അത്യാകര്‍ഷകമായ ശമ്പളവും, താരപ്രഭയുമാണ് നിങ്ങളെ തേടിയെത്തുന്നത്.

യാത്രാ വിമാനങ്ങളില്‍ രണ്ടു തരത്തിലുള്ള ജോലികളാണുള്ളത്. ഗ്രൗണ്ട്‌ ഫ്‌ളോര്‍ ജോലികളും കാബിന്‍ ക്രൂ ജോലികളും. കാബിന്‍ ക്രൂസിലുള്ള പെണ്‍കുട്ടികളാണ് എയര്‍ ഹോസ്‌റ്റസ് എന്നറിയപ്പെടുന്നത്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളെ ഫ്‌ളൈറ്റ്‌ സ്റ്റുവാര്‍ഡ്സ് എന്നാണ് പറയുന്നത്.

ആതിഥ്യമര്യാദയുടെ പരകോടിയാണ് എയര്‍ ഹോസ്റ്റസ് ലൈഫ്. ആകാശയാത്രക്കായി എത്തുന്നവരെ ആദ്യം വിമാനത്തിലേക്ക് ആനയിച്ചിരുത്തുന്നത് മുതല്‍ എയര്‍ ഹോസ്‌റ്റസുമാരുടെ റോള്‍ ആരംഭിക്കുകയായി. യാത്രയുടെ ആരംഭം മുതല്‍ അവസാനം വരെ യാത്രക്കാര്‍ക്കൊപ്പം, അവരുടെ സന്തത സഹചാരിയായി തികഞ്ഞ ആതിഥ്യമര്യാദയോടെ എയര്‍ ഹോസ്റ്റസും ഉണ്ടാകണം.

“ഓ! ഇതൊക്കെ നല്ല സുന്ദരി പെമ്പിള്ളേര്‍ക്ക് പറഞ്ഞിട്ടുള്ളതാ” എന്നണോ നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. സൌന്ദര്യം വേണം. പക്ഷേ, സൌന്ദര്യമല്ല ഈ ജോലിയുടെ ആദ്യ ‘യോഗ്യതാ ലൈന്‍’ എന്ന സത്യം മറക്കാതിരിക്കുക.

തികഞ്ഞ ആത്മവിശ്വാസം(അമിതമാകരുത്), സുന്ദരമായി ആശയവിനിമയം നടത്താനുള്ള കഴിവ്, മികച്ച ഭാഷാ പ്രവീണ്യം, ആതിഥ്യ മര്യാദ, പാടുകളും കലകളുമില്ലാത്ത തെളിമയാര്‍ന്ന മുഖം, ഉയരത്തിനനുസരിച്ചുള്ള തൂക്കം (അമിതവണ്ണം പാടില്ല), തികഞ്ഞ രൂപ ഭംഗി (പെണ്‍കുട്ടികള്‍ക്കു ചുരുങ്ങിയത്‌ 157 സെ.മീ. ഉയരം വേണം) തുടങ്ങിയവയ്ക്ക് ഉടമയാണെങ്കില്‍ നിങ്ങള്‍ക്ക് ഇണങ്ങിയ ജോലി ഇതു തന്നെ.

അപ്പോള്‍ ആകാശത്തിന്‍റെ അനന്തവിഹായസ്സുകളില്‍ പറക്കാന്‍ റെഡിയായോ? ചുമ്മാ റെഡിയായാല്‍ പോരല്ലോ, ഇതിനും നാലക്ഷരം പഠിക്കേണ്ടേ എന്നാണോ ചോദ്യം? ഫ്രാങ്ക്‌ഫിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയര്‍ ഹോസ്റ്റസ്‌ ട്രെയിനിങ്‌, കിങ്ങ്‌ഫിഷര്‍ ട്രെയിനിങ്‌ അക്കാദമി, ഫ്ലൈ എയര്‍ ഏവിയേഷന്‍ അക്കാദമി, ജെറ്റ്‌വിങ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയര്‍ ഹോസ്റ്റസ് ട്രെയിനിങ് ആന്‍ഡ് മാനേജ്‌മെന്‍റ്, ഇന്ത്യന്‍ ഏവിയേഷന്‍ അക്കാദമി തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് കേരളത്തിനകത്തും പുറത്തുമായി എയര്‍ ഹോസ്‌റ്റസുകളെ വാര്‍ത്തെടുക്കാന്‍ ഇന്ത്യയില്‍ ഉള്ളത്. ദുബായിലെ എമിറേറ്റ്‌സ്, പാരിസിലെ എയര്‍ ഫ്രാന്‍സ് എന്നിവ വിദേശത്തുള്ള മികച്ച എയര്‍ ഹോസ്റ്റസ് പരിശീലന കേന്ദ്രങ്ങളാണ്.

പഠനം പൂര്‍ത്തിയാക്കിയാല്‍ പിന്നെ നിങ്ങളെ കാത്തിരിക്കുന്നത് അതികഠിനമായ ഒരു ഇന്‍റര്‍വ്യൂവാണ്. ഒരുദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഇന്‍റര്‍വ്യൂ ആയിരിക്കും ഉണ്ടാകുക. കൂടെ എഴുത്തു പരിക്ഷയും ഉണ്ടാകും. നിങ്ങളുടെ ഒരു ദിവസത്തെ പ്രകടനം മുഴുവന്‍ ഒപ്പിയെടുക്കാന്‍ രഹസ്യ ക്യാമറാക്കണ്ണുകളും ഉണ്ടാകും. ആത്‌മവിശ്വാസത്തോടെ ഓരോ പരീക്ഷയെയും, പിന്നാലെ വരുന്ന പരീക്ഷണങ്ങളെയും നേരിടുക. അന്തിമവിജയം നിങ്ങള്‍ക്കൊപ്പം തന്നെയായിരിക്കും. മനസ് കൊണ്ട് റെഡിയായി കഴിഞ്ഞോ? എങ്കില്‍ ധൈര്യമായി ഇനി ആകാശത്തേക്കൊരു യാത്ര പോകാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :