WEBDUNIA|
Last Modified ബുധന്‍, 20 ഒക്‌ടോബര്‍ 2010 (15:35 IST)
PRO
പ്രണയം, അതൊരു മായാജാലമാണ്. നുകരുന്തോറും മാധുര്യമേറുന്ന ഒന്നായി പ്രണയത്തെ മാറ്റിയെടുക്കാന്‍ ആഗ്രഹിക്കുന്നോ? പ്രണയത്തിന്‍റെ അല്ലെങ്കില്‍ ദാമ്പത്യ ജീവിതത്തിന്‍റെ പുതുമ നഷ്ടപ്പെട്ടു എന്ന ഭയം ഉള്ളില്‍ കൊണ്ടു നടക്കുന്നവരാണോ നിങ്ങള്‍? ഇക്കാര്യത്തില്‍ വിഷമിക്കുകയേ വേണ്ട എന്നാണ് വാസ്തുശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ജീവിതത്തെ പ്രണയലോലമാക്കാന്‍ ചില വാസ്തു നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നത് സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിങ്ങളുടെ വീടിനുള്ളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍, ഒരുപക്ഷേ നഷ്ടമായെന്ന് തോന്നിയ പ്രണയ നിമിഷങ്ങളെ തിരിച്ചുവിളിക്കുകയാവും നിങ്ങള്‍ ചെയ്യുന്നത്. താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കൂ:
നിങ്ങളുടെ കിടപ്പുമുറിയുടെ സ്ഥാനം തെക്ക് പടിഞ്ഞാറ് ദിക്കില്‍ ആയിരിക്കുന്നത് ഉത്തമം. മുറിയുടെ ആകൃതി സമചതുരമോ ദീര്‍ഘചതുരമോ ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
തെക്ക് ദിശയിലേക്ക് തലവച്ച് ഉറങ്ങുന്നത് വ്യക്തിജീവിതത്തില്‍ ശാന്തി നല്‍കും. കിടക്കുമ്പോള്‍ കാലുകള്‍ വാതിലിന് അഭിമുഖമായിരിക്കരുത്. കിടക്ക ഒരിക്കലും രണ്ട് വാതിലുകള്‍ക്ക് മധ്യത്തിലായി ക്രമീകരിക്കരുത്.
കിടക്കവിരിക്ക് വെളുപ്പോ മറ്റ് ഇളം നിറങ്ങളോ ആവാം. അവിവാഹിതര്‍ പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറത്തിലുള്ള കിടക്കവിരി ഉപയോഗിക്കുന്നതാണ് നല്ലത്. കിടക്കവിരിയില്‍ പൂക്കളുടെ ഡിസൈന്‍ ഉത്തമമാണ്.
കിടപ്പുമുറിയുടെ ഭിത്തിക്ക് നീല, ഇളം പച്ച, ഇളം റോസ് നിറങ്ങള്‍ നല്‍കുന്നത് മാനസിക ഉന്‍മേഷം നല്‍കും. നീലസാഗരത്തെ വര്‍ണ്ണിക്കുന്ന ചിത്രങ്ങള്‍ കിടപ്പുമുറിയില്‍ തൂക്കുന്നത് നന്നായിരിക്കും. ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ലൈംഗിക ഉന്‍മേഷം വര്‍ദ്ധിപ്പിക്കും.
അഴുക്ക് കൂനകള്‍ നിങ്ങളുടെ പ്രണയജീവിതത്തെ എതിരായി ബാധിക്കും. വീടിനുള്ളില്‍, പ്രത്യേകിച്ച് കിടപ്പുമുറിയില്‍ പാഴ്വസ്തുക്കള്‍ കൂട്ടിയിടാതിരിക്കണം. ഉറങ്ങാന്‍ പോകുന്നത് വരെ വീട്ടിനുള്ളില്‍ നല്ല പ്രകാശം ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ പ്രണയ ജീവിതത്തിന് അനുകൂലമാണ്.
പ്രണയത്തില്‍ അസ്വാരസ്യമുള്ളവര്‍ കിടക്കയില്‍ രണ്ട് വിരിപ്പുകള്‍ ഉപയോഗിക്കരുത്. ഒരു വിരി ഉപയോഗിക്കുന്നത് പ്രണയത്തെ ശക്തിപ്പെടുത്തും. കിടപ്പുമുറിയില്‍ പൂക്കളും ഫലവര്‍ഗ്ഗങ്ങളും വയ്ക്കുന്നത് നല്ലതാണ്. ഇവ സന്താനോത്പാദനത്തിന്‍റെ പ്രതീകങ്ങളാണ്.
കിടപ്പുമുറിയോട് ചേര്‍ന്ന് കുളിമുറിയുണ്ടെങ്കില്‍ അത് എപ്പോഴും അടച്ചിടാന്‍ ശ്രദ്ധിക്കണം. വാസ്തു ശാസ്ത്രപ്രകാരം കുഴപ്പങ്ങള്‍ നിലനിന്നാല്‍ അതു നിങ്ങളുടെ പ്രണയ വികാരത്തെ മാറ്റിമറിക്കും. വികാരങ്ങളെ അത്രകണ്ടു സ്വാധീനിക്കാന്‍ കഴിവുണ്ട് വാസ്തുവിന്.
നിങ്ങളുടെ പ്രണയജീവിതത്തെ മനോഹരമാക്കാനും, അനാവശ്യ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാനും വാസ്തുവില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ക്കു കഴിയും. ഊഷ്മളവും ഗുണകരവുമായ ഊര്‍ജ്ജ പ്രവാഹം ശരിയായ വാസ്തുരീതിയിലൂടെ സാധ്യമാകുന്നു.