പരസ്യ വേദിയില്‍ പ്രണയം പ്രകടിപ്പിക്കണോ?

ചന്ദ്രകുമാര്‍

WEBDUNIA|
PRO
മഞ്ഞു തുള്ളി പോലെ ആര്‍ദ്രമാണ് പ്രണയം....നിറമുള്ള കിനാവുകള്‍ ഇഴപിരിയുന്ന മനോഹരമായ ഒരു വര്‍ണ്ണനൂ‍ല് ....... പൂവിന്റെ സുഗന്ധം പോലെ ജീവിതത്തെ മോഹനമാക്കുന്ന ഒരു വികാരം.......പ്രണയത്തെ കുറിച്ചുള്ള ഭാവനകള്‍ എന്നും വര്‍ണശബളവും വികാരസാന്ദ്രവുമാണ്. ഉന്നതമായ, ശ്രേഷ്ഠമായ വികാ‍രമായിട്ടാണ് ഭൂരിഭാഗം കമിതാക്കളും പ്രണയത്തെ താലോലിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഇതിനു കാതലായ മാറ്റം സംഭവിച്ചില്ലേ?

പ്രണയ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള അതിര്‍വരമ്പുകള്‍ കുറഞ്ഞു കുറഞ്ഞ് ഇല്ലാതാവുന്ന ഒരു അവസ്ഥയിലേക്കാണ് ഇന്ത്യന്‍ സമൂഹം പൊയ്ക്കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യന്‍ യുവത വര്‍ഷങ്ങള്‍ക്ക് മുന്നേ പ്രണയ-പ്രകടനം പരസ്യമാക്കാനുള്ള വ്യഗ്രത കാട്ടിയിരുന്നുവെങ്കിലും കേരളത്തില്‍ അതിന് ചില വിലക്കുകള്‍ കമിതാക്കള്‍ തന്നെ ഏര്‍പ്പെടുത്തിയിരുന്നിരിക്കണം. അല്ലെങ്കില്‍, പൊതു സമൂഹത്തിന്റെ മനോവിചാരങ്ങള്‍ പരസ്യ പ്രണയ ചേഷ്ടകളെ നിയന്ത്രിക്കുന്ന രീതിയിലുള്ളതായിരിക്കണം.

എന്നാല്‍, കാലം മാറി എന്ന സൂചനയാണ് തിയേറ്ററുകളും ബീച്ചുകളും പോലെയുള്ള പൊതുസ്ഥലങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. ഇപ്പോള്‍ ബസുകളും ട്രെയിനുകളും പോലെയുള്ള പൊതു വാഹനങ്ങളില്‍ കമിതാക്കള്‍ക്ക് പ്രണയ ചേഷ്ടകള്‍ കാണിക്കുന്നതില്‍ മടിയില്ല, അത് അവഗണിക്കാന്‍ നമ്മുടെ നാട്ടുകാരും പഠിച്ചു തുടങ്ങിയിരിക്കുന്നു. ഇത് സമൂഹത്തില്‍ സ്ഥിരമായി നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഭാഗമായിട്ടോ അല്ലെങ്കില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായോ കണക്കാക്കാന്‍ സാധിക്കുമോ?

ബസുകളില്‍ പരസ്പരം മുട്ടിയുരുമ്മി, മറ്റാരും കാണുന്നില്ല എന്ന ഭാവത്തിലായിരിക്കും കാമുകനും കാമുകിയും പ്രണയ ചേഷ്ടകളില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍, ട്രെയിനില്‍ പലപ്പോഴും ‘ആരു കണ്ടാലെന്ത്?’ എന്ന ഭാവമായിരിക്കും കാമുകീകാമുകന്മാരെ ഭരിക്കുന്നത്. രണ്ട് ബര്‍ത്തുകള്‍ ഉണ്ടായിട്ടും വികാര പരവശരായി ഒരേ ബര്‍ത്തില്‍, അത് താഴയാണെങ്കില്‍ കൂടി, കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന യുവമിഥുനങ്ങളെ അവഗണിക്കാന്‍ റയില്‍‌വേയ്ക്കും അതിലുപരി സഹയാത്രികര്‍ക്കും സാധിക്കുന്നു എന്നത് ഒരു അനാരോഗ്യകരമായ മാറ്റത്തെ അംഗീകരിക്കലല്ലേ?

വാലന്റൈന്‍ ദിനത്തിനെതിരെ ഹിന്ദുസംഘടകള്‍ നടത്തുന്ന പോരിനെയും പബ് സംസ്കാരത്തിനെതിരെ പ്രമോദ് മുത്താലിക് സ്വയം ജനകീയ പോലീസായതും ഇതുമായി കൂട്ടിക്കുഴയ്ക്കേണ്ട ആവശ്യമില്ല. സൌദി അറേബ്യയില്‍ പരസ്യമായ പ്രണയ പ്രകടനം വിദേശികളെ പോലും വെട്ടിലാക്കുന്നതിനെ കടുത്ത, പ്രാകൃതമായ മതനിയമമെന്നു നാം പലതവണ പറഞ്ഞിട്ടുണ്ടെങ്കില്‍ അതും മനസ്സില്‍ നിന്ന് കളഞ്ഞ് ഒന്ന് ചിന്തിക്കാം; പരസ്യമായ, അതിരുവിട്ട പ്രണയ-പ്രകടനം നമ്മുടെ സമൂഹത്തില്‍ നിരോധിക്കേണ്ടതല്ലേ?

കേരളീയരുടെ സദാരാചാരപരത ഉണ്ണിത്താന്‍ സംഭവത്തിലൂടെ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചത് നാം മറക്കാറായിട്ടില്ല. നിയമപരമായി ചിന്തിക്കുകയാണെങ്കില്‍ ഉണ്ണിത്താനെതിരെ പരാതി നല്‍കേണ്ടത് ജയലക്ഷ്മിയുടെ ഭര്‍ത്താവോ അല്ലെങ്കില്‍ ഉണ്ണിത്താന്റെ ഭാര്യയോ ആണെന്നിരിക്കെ ആ കൃത്യം പൊതുജനങ്ങള്‍ (പാര്‍ട്ടി ജനങ്ങള്‍?) സ്തുത്യര്‍ഹമായി നിര്‍വഹിച്ചു! അത് ലൈംഗികപരമായ വിഷയമായിരുന്നു എങ്കില്‍ കൂടി പൊതുജന മധ്യത്തിലായിരുന്നില്ല നടന്നത്. അതേസമയം‍, പൊതു ജനമധ്യത്തില്‍ വച്ച് എതിര്‍ലിംഗത്തോട് അതിരുവിട്ട പ്രണയ പ്രകടനം നടത്തുന്നത് നാം കണ്ടില്ലെന്ന് നടിക്കുന്നു. രാഷ്ട്രീയപരമായ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ നാം ശ്രമിക്കാറുണ്ട് എങ്കിലും സമൂഹത്തിന്റെ സദാചാര സ്വഭാവം തകരുന്നത് നാം കൈയ്യുംകെട്ടി നോക്കി നില്‍ക്കുകയല്ലേ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :