അപര്‍ണ|
Last Modified ഞായര്‍, 25 മാര്‍ച്ച് 2018 (11:31 IST)
ഇന്ന്
ഓശാന ഞായര്‍. യേശുദേവന്‍ ജറുസലേമിലേക്ക് യാത്ര ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കായാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നു.
കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെ ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കമിട്ടു. ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ഞായറാണ് ഓശാന ഞായറായി ആചരിക്കുന്നത്. രാവിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കുന്ന കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാര്‍ത്ഥനയും ഈ ദിനത്തിന്‍റെ സവിശേഷതകളാണ്.
കുരിശാരോഹണത്തിനു മുമ്പ് ഒരിക്കല്‍ യേശുദേവന്‍ കഴുതപ്പുറത്ത് ജറുസലേമിലെ തെരുവീഥികളിലൂടെ സഞ്ചരിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവിലകളും ഈന്തപ്പനയോലകളും കുരുത്തോലകളും വീശി എതിരേറ്റതിന്‍റെ ഓര്‍മ്മ പുതുക്കാനാണ് ഓശാന പെരുന്നാള്‍ ആഘോഷിക്കുന്നത്.
യേശുവും ശിഷ്യന്മാരും ജറുസലേമില്‍ വന്ന ദിവസത്തെയാണ് ഓശാന ഞായര്‍ അഥവാ പാം സണ്‍ഡേ എന്ന് അറിയപ്പെടുന്നത്.
യേശുവും ശിഷ്യന്മാരും ജറുസലേമില്‍ എത്തിയപ്പോള്‍ ആബാലവൃദ്ധം ജനങ്ങളും വഴിയോരത്ത് തടിച്ചു കൂടി ഓശാന (ഞങ്ങളെ രക്ഷിക്കൂ) എന്ന് വിളിച്ചു പറഞ്ഞതിനാലാണ് ഈ ദിവസത്തെ ഓശാന ഞായര്‍ എന്ന് വിളിക്കുന്നതെന്നാണ് വിശ്വാസം. ഓശാന എന്നാല്‍, ആപത്തില്‍ നിന്ന് രക്ഷിക്കൂ എന്നാണ് അര്‍ത്ഥമാക്കുന്നത്.
യേശു ജറുസലേമിലേക്ക് കടന്നുവന്നപ്പോള്‍ സൈത്തിന്‍ കൊമ്പുകള്‍ ആടിയുലഞ്ഞ് ദൈവപുത്രനെ സ്വാഗതം ചെയ്തു എന്നാണ് വിശ്വസിക്കുന്നത്. അങ്ങനെ ഈ പുണ്യദിനത്തിന് പാം സണ്‍ഡേ എന്ന പേരും ലഭിച്ചു. മലയാളികള്‍ ഈ ദിനത്തെ കുരുത്തോല പെരുന്നാള്‍ എന്ന പേരിലും വിശേഷിപ്പിക്കുന്നു.
വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം വീട്ടിലേക്ക് പോകുമ്പോള്‍ കുരുത്തോലയും കൂടെ കൊണ്ടു പോകുന്നു. ആഷ് വെനസ്ഡേ എന്നറിയപ്പെടുന്ന കരിക്കുറിപ്പെരുന്നാളിന് തലേ കൊല്ലത്തെ കുരുത്തോല കാണിച്ച് ചാരമാക്കുന്നു. ആ ചാരം നെറ്റിയിലണിയുന്നു.
കരിക്കുറി പെരുന്നാള്‍, പെസഹ വ്യാഴം, യേശുദേവന്‍റെ കുരിശുമരണ ദിനമായ ദുഃഖ വെള്ളി, ദുഃഖശനി, ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ദിനമായ ഈസ്റ്റര്‍ എന്നിവയോടെയാണ് വാരാചരണം പൂര്‍ത്തിയാവുക.