‘അവൾ ഒരുങ്ങിക്കെട്ടി പോയിട്ടുണ്ടല്ലോ, കൊളേജിലേക്ക്’ - നീനുവിനെ അധിക്ഷേപിച്ചവരോട് കയർത്ത് സംസാരിച്ച് പെൺകുട്ടി

കൊളേജിൽ പോയ നീനുവിനെ അധിക്ഷേപിച്ചവരോട് പെൺകുട്ടിക്ക് പറയാനുള്ളത്

അപർണ| Last Modified ശനി, 16 ജൂണ്‍ 2018 (12:24 IST)
നീനുവിന്റെ മുഖത്തെ ചിരി കണ്ട് സഹിക്കാൻ കഴിയാത്തവർ നിരവധി ഉണ്ട് ഇപ്പോഴും എന്നതാണ് വസ്തുത. തന്നെ പിടിച്ചുകുലുക്കിയ വൻ ദുരന്തത്തെ അതിജീവിച്ച്, ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരാൻ അവൾ കാണിച്ച ആർജ്ജവത്തിന് മലയാളികൾ നെഞ്ചോട് ചേർത്തുവെച്ച് ഒരു സല്യൂട്ട് നൽകിയിരിക്കുകയാണ്.

കെവിന്റെ മരണശേഷം വീണ്ടും പഠനം തുടരാനായി
അവൾ കൊളേജിൽ പോയ വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ഒരുപാട് പേർ അവളെ സപ്പോർട്ട് ചെയ്ത് രംഗത്തെത്തിയിരുന്നു.
അവൾക്കിപ്പോഴുമെങ്ങനെ ഒരുങ്ങിക്കെട്ടി നടക്കാൻ കഴിയുന്നുവെന്നും ആ ചെക്കന്റെ കുടുംബത്തിന് പോയിയെന്നുമൊക്കെയുള്ള നീനു വിരുദ്ധ കമന്റുകളുമായി ചിലർ പൊതുവിടങ്ങളിൽ നിറഞ്ഞു നിന്നു.

നീനുവിനെ അവഹേളിക്കുന്നതു കേട്ടുനിൽക്കാനാവാതെ പ്രതികരിച്ച അനുഭവം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നതിങ്ങനെ :-

രാവിലെ തന്നെ നീനു വീണ്ടും കോളേജിൽ പോയിത്തുടങ്ങിയ വാർത്ത കണ്ടു. അവളുടെ ചിരിയും കണ്ടു ഒരുപാട് സന്തോഷം തോന്നി. ആ സന്തോഷത്തോടെ ഒരു വഴി വരെ പോവാൻ ഒരുങ്ങുമ്പോൾ എനിക്ക് എന്നെത്തന്നെ നല്ല ഭംഗി തോന്നി, കുറേക്കാലത്തിന് ശേഷം. ഉച്ച കഴിഞ്ഞു മടങ്ങാനായി ഞങ്ങളുടെ അതിലേ പോകുന്ന ബസിൽ കയറി. ബസ് സ്റ്റാന്റിൽ തന്നെ നിർത്തിയിട്ടിരിക്കുകയായിരുന്നു. പുറപ്പെടാൻ പത്ത് മിനിറ്റോളം സമയമുണ്ടായിരുന്നു, ബസിൽ ഡ്രൈവറും കിളിയും കണ്ടക്ടറും കുറച്ചു യാത്രക്കാരും. സീറ്റ് തിരഞ്ഞെടുത്ത് പതിവ് പോലെ ചെവിയിൽ ഹെഡ്സെറ്റും തിരുകി തിരക്കുള്ള ബസിൽ തനിച്ചാവാൻ മൂഡിന് യോജിച്ച പാട്ടുകൾ തിരയുമ്പോഴാണ് പിന്നിൽ നിന്നും വാഗ്വാദം കേൾക്കുന്നത്. അതത്ര അങ്ങനെ ശ്രദ്ധിച്ചില്ലെങ്കിലും ഒരു വാചകം എവിടെയോ ഉടക്കി.

"അവളിന്ന് പോയിട്ടുണ്ടല്ലോ, ഒരുങ്ങിക്കെട്ടി. പോയപ്പോ ആർക്കു പോയി? ആ ചെക്കന്റെ കുടുംബത്തിന് പോയി"

പിന്നെ ശ്രദ്ധിക്കാതിരിക്കാനായില്ല. വിഷയം നീനു തന്നെ. മെലിഞ്ഞ് ഇരുനിറമുള്ള നാൽപതുകൾക്ക് മേൽ പ്രായം വരുന്ന കണ്ടക്ടറാണ് കത്തിക്കയറുന്നത്. നീനു കൊളേജിൽ പോയിത്തുടങ്ങിയത് പുള്ളിക്ക് പിടിച്ചിട്ടില്ല‌. നല്ല ഉച്ചത്തിൽ വികാരവിക്ഷോഭത്തോടെയാണ് സംസാരം. യാത്രക്കാരിലെ പ്രായമുള്ള സ്ത്രീ ദുർബലമായെങ്കിലും പ്രതിരോധിക്കുന്നുണ്ട്.

"അത് കൊച്ചല്ലേ. അതിനിനീം ജീവിതമില്ലേ. അവൾക്കും ജീവിക്കണ്ടേ"

"അതേ. അവക്ക് ജോലീം കിട്ടി അവള് കെട്ടി കുടുംബോം ഒണ്ടാക്കും"

"പിന്നേ വേണ്ടേ! അതിനിരുപത് വയസല്ലേയുള്ളൂ."

"അവൾക്ക് മൊത്തം ലാഭമല്ലേ. അവക്ക് വേറേം ബന്ധങ്ങളൊണ്ടാരുന്നെന്നേ. ആ ആങ്ങളച്ചെക്കൻ മുന്നേം കൊറേപ്പേരെ തല്ലിയതാ. അവള് ശരിയല്ല."

ആരും മിണ്ടുന്നില്ല. ദേഷ്യം ശരീരത്തിന്റെ ഓരോ അണുവിനെയും ചൂടുപിടിപ്പിക്കുന്ന തിരിച്ചറിവിൽ ഞാൻ ഹെഡ്സെറ്റ് ഊരി തിരിഞ്ഞിരുന്ന് ശ്രദ്ധിക്കാൻ തുടങ്ങി. അയാള് പിന്നേം,

"എന്റെയൊക്കെ മകളായിരിക്കണം. ഒറപ്പായും ഞാൻ കൊന്നുകളയും. മക്കളെ പഠിക്കാൻ വിട്ടാൽ പഠിക്കണം, തന്തയ്ക്കും തള്ളയ്ക്കും പേരുദോഷം കേൾപ്പിക്കരുത്. നല്ല കുടുംബത്തിൽ ജനിച്ചാലങ്ങനാ. കണ്ടവന്റെ കൂടെ പോകത്തില്ല"

"ശര്യാ. ആ ചെക്കനെ കണ്ടാലും മതി. ആ പെണ്ണ് സുന്ദരിയാരുന്നു"

"ഇങ്ങനെയൊക്കെ ചെയ്താ പിന്നെ വച്ചേക്കരുത്. കൊല്ലണം. ഇന്നാള് വേറൊരുത്തിയെ തന്ത കുത്തിയാ കൊന്നത്. അയാളെ കണ്ടാൽ ഞാൻ കെട്ടിപ്പിടിക്കും"

Now I am not a confrontational person. But this just tore me a new spine.. പെട്ടെന്ന് എന്നെപ്പോലും അതിശയിപ്പിച്ചാണ് ഞാൻ പൊട്ടിത്തെറിച്ചത്. അയാള് കൊല്ലാൻ നടക്കുന്നു. ഊള. എന്റെ ഒച്ച വല്ലാതെ ഉയർന്നിരുന്നു, ദേഹം വിറച്ചു, കലി കൊണ്ട് ഒച്ചയും ചിലമ്പിച്ചു. അയാള് പ്രതീക്ഷിച്ചില്ല എന്ന് പെട്ടെന്ന് നാവടങ്ങിയത് കണ്ടപ്പോ തോന്നി. ബസിലാരും ഒന്നും മിണ്ടിയില്ല. എന്നെ തുറിച്ചു നോക്കി. ചെറുപ്പക്കാരിൽ ചിലരൊക്കെ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു. അയാൾ പ്രതിരോധമില്ലാതെ നിന്നപ്പോഴും ഒച്ച വച്ചോണ്ടിരുന്ന എന്നെ തണുപ്പിക്കാനാവും ചെറുപ്പക്കാരനായ ഡ്രൈവർ സൗമ്യമായി ചിരിച്ച് മോളേയെന്ന് വിളിച്ച് എവിടെയാ സ്റ്റോപ്പെന്ന് ചോദിച്ച് വിഷയം മാറ്റാൻ നോക്കി. എനിക്ക് കുറേനേരം ഒന്നും മിണ്ടാൻ പറ്റീല്ല. ബെല്ലടിച്ചു, ബസ് വിട്ടു. ഞാൻ ചെവീല് ഹെഡ്സെറ്റ് വീണ്ടും തിരുകി. പക്ഷേ സമാധാനവും സന്തോഷവും പോയിരുന്നു.

ടിക്കറ്റ് തന്നപ്പോ കണ്ടക്ടർ എന്റെ മുഖത്ത് നോക്കീല്ല. ഇനി ആ ബസിൽ യാത്ര ചെയ്യാൻ പറ്റുമോയെന്ന് എനിക്ക് സംശയം തോന്നിയെങ്കിലും അയാള് വേണമെങ്കിൽ ജോലി ഉപേക്ഷിക്കട്ടെ എന്ന് തന്നെ തീരുമാനിച്ചു.

അയാള് വളവള പറഞ്ഞത് പൊതുബോധമാണ് എന്നറിയായ്കയല്ല. ഞാൻ ഒച്ച വച്ചത് കൊണ്ട് അയാളുടെ ചിന്ത മാറിയെന്നുമല്ല. അയാള് അത്രനേരം അത്രയും വയലൻസ് പറഞ്ഞിട്ടും മിണ്ടാതിരുന്ന ചെറുപ്പക്കാരായ യാത്രക്കാരുണ്ടല്ലോ. അവരാണ് എന്റെ സങ്കടം. എത്രയെത്ര ഷാനുമാരാണ്. ഇവന്മാരുടെയൊക്കെ നെഞ്ചത്ത് ചവിട്ടിയാണ് നീനു ഇന്ന് കോളേജിൽ പോയത്. അത് മാത്രമാണ് സന്തോഷം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :