കശ്‌മീരില്‍ മാധ്യമപ്രവര്‍ത്തനെ വെടിവച്ചുകൊന്നു

ശ്രീനഗര്‍| BIJU| Last Modified വ്യാഴം, 14 ജൂണ്‍ 2018 (22:12 IST)
കശ്മീരില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ചുകൊന്നു. റൈസിങ് കശ്മീര്‍ പത്രത്തിന്‍റെ എഡിറ്ററായ ഷുജാത്ത് ബുഖാരി(50)യാണ് വെടിയേറ്റ് മരിച്ചത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ബുഖാരിയും സുരക്ഷാ ഉദ്യോഗസ്ഥരും പത്രമോഫീസിന് പുറത്ത് കാറിലിരിക്കവേ തോക്കുധാരി വെടിയുതിര്‍ക്കുകയായിരുന്നു. ബുഖാരിയുടെ അംഗരക്ഷകരും മരിച്ചു.
ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനായി ഷുജാത്ത് ബുഖാരി യാത്രതിരിക്കുന്നതിന് തൊട്ടുമുമ്പാണ് സംഭവം. കശ്മീരിലെ സമാധാനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നയാളാണ് ഷുജാത്ത് ബുഖാരി.

മാധ്യമപ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തുടങ്ങിയവര്‍ അപലപിച്ചു.

നാലുപേര്‍ അക്രമിസംഘത്തിലുണ്ടായിരുന്നതായാണ് വിവരം. ബുഖാരിക്ക് നേരെ മുമ്പും വധശ്രമമുണ്ടായിട്ടുണ്ട്. 2000ലെ വധശ്രമത്തിന് ശേഷമാണ് അദ്ദേഹത്തിന് പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :