എടപ്പാൾ തിയേറ്റർ പീഡനം; തെറ്റ് തിരുത്തി പൊലീസ്, കേസ് പിൻവലിച്ച് തിയേറ്റർ ഉടമയെ മുഖ്യ സാക്ഷിയാക്കും

എടപ്പാൾ തിയേറ്റർ പീഡനം; കേസ് പിൻവലിച്ച് തിയേറ്റർ ഉടമയെ മുഖ്യ സാക്ഷിയാക്കും

എടപ്പാൾ| Rijisha M.| Last Updated: വ്യാഴം, 7 ജൂണ്‍ 2018 (11:10 IST)
എടപ്പാളിലെ തിയേറ്ററിൽ അമ്മയുടെ സഹായത്തോടെ പത്തുവയസുകാരി പീഡനത്തിനിരയായ വിവരം ചൈൽഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ച തീയറ്റർ ഉടമയ്‌ക്കെതിരായ കേസ് പിൻവലിക്കാൻ തീരുമാനം. കേസിൽ തിയറ്റർ ഉടമ സതീശനെ മുഖ്യസാക്ഷിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. കേസിൽ പൊലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.


സതീശൻ തെളിവ് മറച്ചുവെക്കുകയോ നശിപ്പിക്കുകയോ ചെയ്‌തിട്ടില്ലെന്നും സതീശനെതിരെ ഒരു കേസും നിലനിൽക്കില്ലെന്നുമാണ് ഡിജിപിക്ക് ലഭിച്ച നിയമോപദേശം. കേസുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരില്‍ നിന്നാണ് സംസ്ഥാന പോലീസ് മേധാവി നിയമോപദേശം തേടിയിരുന്നത്.

സാക്ഷിയായിരിക്കുന്ന ഏക വ്യക്തിയാണ് തിയറ്റർ ഉടമയായ സതീശൻ. ഇയാളെ അറസ്‌റ്റ് ചെയ്‌തത് പൊലീസിന്റെ പ്രതികാര നടപടിയാണെന്ന് ആക്ഷേപമുയർന്നിരുന്നു. കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ഉണ്ടായിരുന്നു. ഇതിന് പുറമേ എടപ്പാൾ തീയേറ്റർ പീഡനക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും ഡിജിപി ഉത്തരവിട്ടു.

തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം വിവാദമായതിന് പിന്നാലെയാണ് അഭ്യന്തരവകുപ്പ് നടപടികൾ തുടങ്ങിയത്. കുറ്റകൃത്യത്തെക്കുറിച്ച് വിവരം നൽകിയ ആൾക്കെതിരേ കേസെടുത്തത് തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് സേനയിൽ നിന്നു തന്നെ വിമർശനം ഉയർന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :