‘സ്‌ത്രീ സുരക്ഷയെക്കുറിച്ച് പ്രസംഗിച്ചാല്‍ മാത്രം പോര, ആഭ്യന്തര വകുപ്പിന് തെറ്റുകൾ സംഭവിക്കുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ജോയ് മാത്യു

‘ആഭ്യന്തര വകുപ്പിന് തെറ്റുകൾ സംഭവിക്കുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ജോയ് മാത്യു

  joy mathew , facebook post , police , Edappal rape case , rape case , pinarayi vijayan , പിണറായി വിജയന്‍ ,  എടപ്പാള്‍ പീഡനം , പൊലീസ് , ജോയ് മാത്യു , ഫേസ്‌ബുക്ക് പോസ്‌റ്റ്
കൊച്ചി| jibin| Last Modified ചൊവ്വ, 5 ജൂണ്‍ 2018 (17:07 IST)
എടപ്പാളിൽ പത്ത് വയസുകാരി തിയേറ്ററിൽ പീഡനത്തിന് ഇരയായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈനിന് കൈമാറിയ തിയേറ്റര്‍ ഉടമയെ അറസ്‌റ്റ് ചെയ്‌ത നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു.

മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന് സംഭവിക്കുന്ന തെറ്റുകൾ സമൂഹത്തിന് അപകടകരമായ സന്ദേശമാണ് നൽകുന്നതെന്ന് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:

വിപൽ സന്ദേശങ്ങൾ
----------------------
എടപ്പാളിലെ തിയറ്റർ ഉടമ സതീഷിനെ പോലീസ് അറസ്റ് ചെയ്തത് എന്തിനായിരുന്നു ?
തന്റെ തിയറ്ററിൽ വെച്ച് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ അവളുടെ അമ്മയുടെ ഒത്താശയോടെ ഒരു മധ്യവയസ്‌കൻ പീഡിപ്പിക്കുന്നതിന്റെ ക്യാമാറ ദൃശ്യങ്ങൾ പോലീസിനെ അറിയിക്കാതെ നേരിട്ട് ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചതിന് .

ചൈൽഡ് ലൈൻ പ്രവർത്തകർ പ്രതിയെ അറസ്റ് ചെയ്യുവാൻ ആവശ്യപ്പെട്ടിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും ഒരനക്കവും ഇല്ലാതെ വന്നപ്പോൾ ചൈൽഡ് ലൈൻ പ്രവർത്തകരാണ് ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് കൈമാറിയതും,കേരളം നാണം കേട്ടതും .

അരിഭക്ഷണം കഴിക്കുന്ന ആർക്കും മനസ്സിലാകും ഇതിൽ തിയറ്റർ ഉടമ ചെയ്ത കൊടും പാതകം എന്താണെന്ന്. കേന്ദ്ര വനിതാ-ശിശു ക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചു എന്നതാണോ ? ( 24 മണിക്കൂറും പ്രവർത്തന സജ്ജമായ ടോൾഫ്രീ നമ്പറിലേക്ക് വിളിക്കുവാനുള്ള പരസ്യം കേരള ഗവർമെന്റ് തന്നെയാണ് നല്കുന്നതെന്നോർക്കുക ).

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ -പോക്സോ 19 (7 ) നിയമപ്രകാരം വിവരം നൽകുന്ന വ്യക്തിക്ക് സംരക്ഷണം നൽകേണ്ടതിനു പകരം ,പീഡന വിവരം ബന്ധപ്പെട്ടവരെ അറിയിച്ചതിനു തിയറ്റർ ഉടമയെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ് ചെയ്യുക ! ( ജനരോഷം ഉയർന്നപ്പോൾ ഗത്യന്തരമില്ലാതെ ജാമ്യം കൊടുക്കേണ്ടിവന്നത് മറ്റൊരു നാണക്കേട് ) എന്നാൽ കുറ്റകൃത്യം യഥാസമയം അറിയിച്ചിട്ടും മനഃപൂർവ്വം കേസെടുക്കാതിരുന്ന പോലീസിനോ മിക്കവാറും മികച്ച സേവനത്തിനുള്ള തങ്കപ്പതക്കത്തിന് സാധ്യത (പതക്കം ആരാണ് കൊടുക്കുക എന്നതും നാട്ടുകാർക്കറിയാം )

നാട്ടിൽ നടക്കുന്ന എല്ലാ മരണങ്ങൾക്കും ദുരന്തങ്ങൾക്കും മുഖ്യമന്ത്രിയെ പഴിപറയുന്നത് ശരിയല്ല.കഴിഞ്ഞ മധ്യവേനലവധിക്കാലത്ത്‌ മാത്രം മുപ്പതിലധികം പേർ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ മുങ്ങി മരിച്ചിട്ടുണ്ട് .നിപ്പോ വൈറസ് കാരണം നിരവധി പേര് മരിച്ചു .വാഹനാപകടങ്ങളിൽ നിരവധി പേര് ദിവസവും മരിക്കുന്നു ,ദുരഭിമാനത്തിന്റെ പേരിൽ ഒരച്ഛൻ മകളെ കുത്തിക്കൊന്നത് പോലും മുഖ്യമന്ത്രിയുടെ പിടിപ്പുകേട് കൊണ്ടാണെന്ന് ആരും പറയില്ല ,ആരും അതിനൊന്നും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നുമില്ല .

എന്നാൽ താൻ കൈകാര്യം ചെയ്യുന്ന വകുപ്പിന് സംഭവിക്കുന്ന അക്ഷന്തവ്യമായ തെറ്റുകൾ സമൂഹത്തിനു നല്കുന്ന സന്ദേശം എത്ര അപകടം നിറഞ്ഞതാണെന്ന് താങ്കൾ മനസ്സിലാക്കണം .വനിതാ കമ്മീഷൻ അധ്യക്ഷയും സി പി എം നേതാവുമായ ശ്രീമതി ജോസഫൈൻ സംഭവം അറിഞ്ഞയുടെനെ സ്ഥലം സന്ദർശിക്കുകയും സംഭവം കൃത്യസമയത്ത് ബന്ധപ്പെട്ടവരെ അറിയിച്ച തിയറ്റർ ഉടമയെ അഭനന്ദിക്കുകയും ചെയ്ത്തും നമ്മളൊക്കെ കണ്ടതാണ്.അവർ മാത്രമല്ല കേരളത്തിലെ അരിയാഹാരം കഴിക്കുന്ന എല്ലാവരും ഒരേ സ്വരത്തിലാണ് സതീശനെ അഭിനന്ദിച്ചത്.

അതേ സതീശനെ പീഡനക്കേസിൽ കുടുക്കി അറസ്റ്റു ചെയ്യുന്നതിലൂടെ താങ്കൾ കൈകാര്യം ചെയ്യുന്ന വകുപ്പ് സമൂഹത്തിനു നൽകുന്ന സന്ദേശം എന്താണ് ? മേലാൽ ആരെങ്കിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുന്ന വിവരം ചൈൽഡ് ലൈനിൽ അറിയിക്കാൻ മുതിർന്നാൽ അവരെ കേരളാ പോലീസ് പോക്സോ ചുമത്തി അറസ്റ് ചെയ്തു അകത്തിടുമെന്നല്ലേ?അതിനൊക്കെയുള്ള വകുപ്പുകൾ കണ്ടെത്തുന്നതിലും ചാർത്തിക്കൊടുക്കുന്നതിലുമുള്ള വൈഭവത്തിന്റെ കാര്യത്തിൽ ഗവർമെന്റിന്റെ നിയമോപദേശകരെ എത്ര പുകഴ്ത്തിയാലും മതിയാകില്ല .

സ്ത്രീ സുരക്ഷയെപ്പറ്റി വാതോരാതെ സംസാരിച്ചാൽപ്പോര അവർക്ക് നിർഭയമായി ജീവിക്കാനുള്ള അവസരം ഒരുക്കുകകൂടി ചെയ്യണം. അപ്പോൾ മാത്രമേ ഭരണകർത്താവ് ഇരിക്കുന്ന കസേരക്ക് ജനങ്ങൾ വിലകൽപ്പിക്കൂ.
സതീശനെപ്പോലുള്ളവരെ പത്ത് പന്ത്രണ്ട് പ്രാവശ്യം ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും അറസ്റ് ചെയ്യുകയുമൊക്കെ ചെയ്യുന്നതിലൂടെ താങ്കളുടെ സർക്കാർ നൽകുന്ന സന്ദേശം എന്താണ്? മേലാൽ ആരും കുട്ടികളോടുള്ള ലൈംഗികാതിക്രമം ചൈൽഡ് ലൈനിൽ അറിയിക്കരുതെന്നോ ? അഥവാ അറിയിച്ചാൽത്തന്നെ സതീശന്റെ അവസ്ഥ നേരിടേണ്ടി വരുമെന്നോ ?

ഏതായാലും ശ്രീമതി ജോസഫൈനെപ്പോലുള്ളവരും താങ്കളുടെ കൂട്ടത്തിലുണ്ടല്ലോ എന്നത് വലിയൊരു ആശ്വാസം തന്നെയാണ്. എടപ്പാളിലെ തിയറ്റർ ഉടമ സതീശൻ ഇന്ന് കേരളത്തിന്റെ ധർമ്മബോധത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് ,അത് മറക്കണ്ട .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :