ഓര്‍ക്കുക, മുറിവുകള്‍ അത്ര നിസ്സാരമല്ല

VISHNU.NL| Last Updated: ശനി, 20 സെപ്‌റ്റംബര്‍ 2014 (19:09 IST)
ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നവരില്‍ പലര്‍ക്കും മുറിവുണ്ടാകുന്നത് കത്തി, വാള്‍, വെട്ടുകത്തി, അരിവാള്‍ തുടങ്ങിയ ആയുധങ്ങള്‍കൊണ്ടാകും. ഇവകൊണ്ട് മുറിവുണ്ടായാല്‍ അ മുറിവുകള്‍ അധികവും നേര്‍വരപോലെ നീളത്തിലായിരിക്കും. അരികുകള്‍ വ്യക്‌തമായി കാണാനും സാധിക്കും. മൂര്‍ച്ചയേറിയ ആയുധങ്ങളായതിനാല്‍ രക്‌തക്കുഴലുകള്‍ മുറിയുന്നതുകൊണ്ട്‌ രക്‌തസ്രാവം കൂടുതലായിരിക്കും.

അതേ സമയം എന്തെങ്കിലും മൂര്‍ച്ചയേറിയ വസ്തുക്കള്‍ തുളഞ്ഞു കയറിയുണ്ടാകുന്ന മുറിവുകള്‍ സ്ഥിതി ഗുരുതരമാക്കുന്നു. ഇത്തരം മുറിവുകള്‍ക്ക്‌ അടിയന്തിര ആവശ്യമാണ്‌. കാരണം ശ്വാസകോശങ്ങള്‍ക്കോ, രക്‌തക്കുഴലുകള്‍ക്കോ, ഹൃദയത്തിനോ, ശ്വാസനാളത്തിനോ മാരകമായ മുറിവുകള്‍ സംഭവിച്ചിരിക്കാം.

ഇത്തരം മുറിവുകള്‍ പറ്റിയ ആളെ മുറിവുപറ്റിയ ഭാഗത്തേക്കു ചെരിഞ്ഞോ, പകുതി ചാരിയോ കിടത്താം. നെഞ്ചിലെ മുറിവ്‌ തുറന്നിരിക്കുകയാണെങ്കില്‍ വൃത്തിയുള്ള തുണി കൊണ്ട്‌ മൂടി ബാന്‍ന്റേജോ, തുണിയോ വച്ചുകെട്ടുക. തുണി കിട്ടിയില്ലെങ്കില്‍ കൈത്തല മുപയോഗിച്ച്‌ മുറിവ്‌ പൊതിഞ്ഞു പിടിക്കുക. രോഗി അബോധാവസ്‌ഥയിലാണെങ്കില്‍ മുറിവേറ്റ ഭാഗം മുകളിലാവുന്ന തരത്തില്‍ ചെരിച്ചു കിടത്തുക.

മുറിവ് വയറ്റിലാണ് ഉണ്ടായിരിക്കുന്നതെങ്കില്‍ കൂടുതല്‍ ശ്രദ്ദ വേണം. വയറ്റിലെ ഏതെങ്കിലും അവയവം പുറത്തു വരുന്നതു കണ്ടാല്‍ അവ മൂടി വെക്കുക. അവയവങ്ങളെ ഒരിക്കലും അമര്‍ത്തുകയോ, തള്ളി അകത്താക്കുകയോ ചെയ്യരുത്‌. ഈ അവസ്‌ഥയില്‍ പരിക്കേറ്റയാള്‍ക്ക്‌ കുടിക്കാനോ, കഴിക്കാനോ കൊടുക്കരുത്‌.

മുറിവ് നെഞ്ചിലാണ് ഉണ്ടായതെങ്കില്‍ ശ്വാസതടസം, നെഞ്ചുവേദന, ഷോക്ക്‌, രക്‌തം ചുമച്ചുതുപ്പല്‍ എന്നിവയെല്ലാം ലക്ഷണങ്ങളില്‍പ്പെടുന്നു. മുറിവുകൊണ്ട്‌ ശ്വാസകോശങ്ങളില്‍നിന്ന്‌ വായു പുറത്തേക്കു വരികയാണെങ്കില്‍ അതിയായ ശ്വാസതടസമുണ്ടായി രോഗി ഉടനെ മരിക്കും.

ഇനി നമുക്ക് മറ്റ് അവയവങ്ങളില്‍ ഉണ്ടാകുന്ന മുറിവുകളേക്കുറിച്ച് നോക്കാം. എറ്റവും സെന്‍സിറ്റീവായ അവയവമാണ് കണ്ണ്. കണ്ണില്‍ നഖമോ, മണല്‍ത്തരികളോ ചില്ലുകഷണങ്ങളോ കൊണ്ട്‌ മുറിവുണ്ടാകാം. എന്നാല്‍ ഒരിക്കലും കണ്ണ് തിരുമ്മാന്‍ പാടുള്ളതല്ല. ഇത് മുറിവ് കൂടുതല്‍ വലുതാക്കുമ്ര്ന്നു മാത്രമല്ല അണുബാധയുണ്ടാക്കുകയും ചെയ്യും.

കന്നീല്‍ ഇത്തരം അവസ്ഥ ഉണ്ടാവുകയാണെങ്കില്‍ ശുദ്ധജലത്തില്‍ കണ്ണ്‌ നന്നായി കഴുകുക. കോണ്ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുന്നവര്‍ ആണെങ്കില്‍ അത് സാവധാനം ശ്രദ്ധയോടെ നീക്കാം ചെയ്യുക. തല അധികം അനങ്ങാതെ ശ്രദ്ധിക്കുക. ശേഷം കണ്ണുകളടച്ചതിനു ശേഷം വൃത്തിയുള്ള തുണിയോ ഗോസോ വച്ച്‌ കണ്ണുകളമര്‍ത്താതെ മുറുക്കെ കെട്ടുക, കഴിവതും വേഗം ഡോക്‌ടറെ കാണിക്കുക. കാണിലെ മുറിവ് ഒരിക്കലും അവഗണിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ അത് അന്ധതയ്ക്ക് തന്നെ കാരണമായിത്തീരും.

എന്നാല്‍ വളരെ ശ്രദ്ധയോടെ വേണം നട്ടെല്ലിനുണ്ടാകുന്ന മുറിവുകള്‍ കൈകാര്യം ചെയ്യാന്‍. രോഗിയെ ചലിക്കാന്‍ അനുവദിക്കാതെ  എത്രയും വേഗം ആധുനിക സൗകര്യമുള്ള ആംബുലന്‍സ്‌ എത്തിച്ച് ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടത്. നട്ടെല്ലിന്റെ മുറിവുകള്‍ കൊണ്ട്‌ നട്ടെല്ലിന്റെ കശേരുക്കള്‍ക്കും സുഷുമ്‌നാനാഡിക്കും, ഞരമ്പുകള്‍ക്കും തകരാറുകള്‍ പറ്റാനിടയുണ്ട്‌.

അവയവങ്ങള്‍ അറ്റുപോയാല്‍ വലിയ ആശുപത്രികളില്‍ മുറിഞ്ഞുപോയ അവയവം തുന്നിച്ചേര്‍ക്കാനുള്ള സൗകര്യമുണ്ട്‌. പക്ഷേ, ഒരു മണിക്കൂറിനുള്ളില്‍ അവയവം ആശുപത്രിയിലെത്തിച്ചിരിക്കണം. ആറു മണിക്കൂര്‍ കഴിഞ്ഞാല്‍ അവയവം ഉപയോഗശൂന്യമായിത്തീരും. അതിനാല്‍ രോഗിയെ കിടത്തി മുറിവുണ്ടായ സ്ഥലത്തേ രക്തസ്രാവം നിര്‍ത്താന്‍ ശ്രമിക്കുക.  അവയവം മുറിഞ്ഞുപോയ ശരീരഭാഗത്തിന്‌ കേടുപറ്റാതെ ശ്രദ്ധിക്കുക കഴിവതും വേഗം രോഗിയെ ആശുപത്രിയിലെത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ എത്രയും പെട്ടന്ന് ചെയ്യേണ്ടതായുണ്ട്.

രോഗിക്കൊപ്പം അവയവവും കൊണ്ടുപോകുന്നുണ്ടെങ്കില്‍ അവയവം ഉപ്പുവെള്ളത്തിലോ സാധാരണ വെള്ളത്തിലോ കഴുകിയ ശേഷം വൃത്തിയുള്ള ഒരു പ്ലാസ്‌റ്റിക്‌ കവറിലിടുക. ഇത്‌ നന്നായി കെട്ടിയ ശേഷം ഉപ്പു വെള്ളം നിറച്ച ഒരു പാത്രത്തിലിടുകയും ആ പാത്രം ഐസ്‌ നിറച്ച മറ്റൊരു പാത്രത്തില്‍വച്ച്‌ കൊണ്ടുപോകാം. എന്നാല്‍ മുറിഞ്ഞ അവയവം നേരിട്ട്‌ ഐസില്‍ വയ്‌ക്കുകയോ, ഐസുമായി മുട്ടുകയോ ചെയ്യരുത്‌ എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :