മാലമോഷ്ടിക്കാനെത്തുന്നതും വിമാനത്തില്‍

കോഴിക്കോട്| WEBDUNIA|
PRO
സ്വര്‍ണാഭരണ പ്രേമികളായ മലയാളികളുടെ മാലപൊട്ടിക്കാനായി മോഷ്ടാക്കളെത്തുന്നത് വിമാനത്തില്‍. ഡല്‍ഹിയില്‍നിന്ന് വിമാനമാര്‍ഗം കോഴിക്കോട്ട് പറന്നെത്തി ബൈക്കില്‍ സഞ്ചരിച്ച് സ്വര്‍ണമാല കവര്‍ന്ന അന്തര്‍സംസ്ഥാന മോഷ്ടാക്കളാണ് പിടിയിലാത്.

ഡല്‍ഹി ഗാന്ധിയാബാദ് സ്വദേശികളായ മുഹമ്മദ് ഷഹീല്‍ (30), നൗഷാദ് അലി (24) എന്നിവരാണ് അറസ്റ്റിലായത്.എലത്തൂര്‍ ചെട്ടികുളത്ത് നാട്ടുകാര്‍ പിടികൂടിയ ഇവരെ നടക്കാവ് പോലീസില്‍ ഏല്പിക്കുകയായിരുന്നു.കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ 11 മാല മോഷണക്കേസില്‍ ഇവര്‍ പ്രതികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഡല്‍ഹിയില്‍ കരകൗശല വില്പനക്കാരനും ജ്വല്ലറി നടത്തിപ്പുകാരനുമായ ഹാജി സോണിയാണ് സംഘത്തിന്റെ നേതാവ്. കേരളത്തിലെ അമിത സ്വര്‍ണഭ്രമം മനസ്സിലാക്കിയാണ് കേരളം തിരഞ്ഞെടുത്തത്.

മോഷ്ടാക്കളെ സര്‍വചെലവും നല്‍കി വിമാനമാര്‍ഗം കേരളത്തിലേക്ക് അയയ്ക്കുകയാണ് ഹാജിസോണി ചെയ്യുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, ഡിസിപി കെ ബി വേണുഗോപാല്‍ എന്നിവര്‍ പറഞ്ഞു.

രണ്ടുപേര്‍ വീതമടങ്ങുന്ന സംഘത്തെ ഇയാള്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ അയച്ചിട്ടുണ്ട്. ഇവര്‍ ഹോട്ടലുകളില്‍ താമസിക്കുകയാണ് പതിവ്. ഡല്‍ഹിയില്‍നിന്ന് എത്തിക്കുന്ന ബൈക്കില്‍ സഞ്ചരിച്ചാണ് മോഷണം.

ബൈക്കുകള്‍ വിവിധ റെയില്‍വേസ്റ്റേഷനുകളിലാണ് നിര്‍ത്തിയിടുക. തനിച്ച് സഞ്ചരിക്കുന്ന സ്ത്രീകളുടെ കഴുത്തില്‍നിന്ന് സ്വര്‍ണാഭരണം കവരുകയാണ് ഇവര്‍ ചെയ്യുക. ഇങ്ങനെ മോഷ്ടിക്കുന്ന സ്വര്‍ണം ഉരുക്കി കട്ടിയാക്കി ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.

വലിയമാലയ്ക്ക് 25,000 രൂപയും ചെറിയമാലയ്ക്ക് 15,000 രൂപയും സംഘത്തലവന്‍ സംഘാംഗങ്ങള്‍ക്ക് കമ്മീഷന്‍നല്‍കുമെന്ന് പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :